കോലഞ്ചേരി> കെഎസ്ആർടിസി ബസിൽ യാത്രക്കാരിയായ വയോധികയുടെ മാല പൊട്ടിച്ച് ഓടിയ സ്ത്രീകളെ യുവതി സാഹസികമായി പിടികൂടി പൊലീസിലേൽപ്പിച്ചു. ദിണ്ടിഗൽ സ്വദേശികളായ കാവ്യ (27), ആസിനി (29) എന്നിവരാണ് പിടിയിലായത്.
കെഎസ്ആർടിസി ബസ് വ്യാഴാഴ്ച രാവിലെ കോലഞ്ചേരി മെഡിക്കൽ കോളേജ് ജങ്ഷനിലെത്തിയപ്പോഴാണ് ഇവർ മാല പൊട്ടിച്ചത്. ഇതുകണ്ട മീമ്പാറ സ്വദേശി റിനി റോബിൻ പിറകെ ഓടി. മെഡിക്കൽ കോളേജ് സ്റ്റോപ്പിലൂടെ മാലയുമായി ഓടിയ യുവതിയുടെ പിറകെയെത്തിയ റിനി ഫെഡറൽ ബാങ്കിന് മുൻവശത്തുനിന്ന് സംഘത്തിലൊരാളെ പിടികൂടി. ഇതോടെ കണ്ടുനിന്നവരും തടിച്ചുകൂടി. തുടർന്ന് പുത്തൻകുരിശ് പൊലീസ് സ്ഥലത്തെത്തി മോഷണസംഘത്തെ കസ്റ്റഡിയിലെടുത്തു. പരിശോധനയിൽ മാല കണ്ടെടുത്തു. പ്രതികളെ റിമാൻഡ് ചെയ്തു.