24 August Saturday

പ്രളയ സെസ‌് ആഗസ‌്ത‌് മുതൽ; ബോധപൂർവം വില കയറ്റിയാൽ സർക്കാർ ഇടപെടും

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2019


സ്വന്തം ലേഖകൻ
പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിനായി ജിഎസ‌്ടി കൗൺസിൽ  അംഗീകരിച്ച പ്രളയ സെസ‌് ആഗസ‌്ത‌് ഒന്നുമുതൽ നിലവിൽവരും. ജിഎസ‌്ടി നിയമത്തിന്റെ ചട്ടങ്ങളിൽ കേരളത്തിനുമാത്രമായി പ്രളയ സെസ‌് ഏർപ്പെടുത്തിയുള്ള ഭേദഗതി വരുത്തി,  വിജ്ഞാപനം ഇറക്കി. രണ്ടുവർഷത്തേക്കാണ‌് ഒരു ശതമാനം സെസ‌് . 12, 18, 28 ശതമാനം ജിഎസ‌്ടി നിരക്കുകളിൽ വരുന്ന ഉൽപ്പന്നങ്ങൾക്കാണ‌് ഒരു ശതമാനം സെസ‌്. സ്വർണം, വജ്രം ഉൾപ്പെടെ മുന്നുശതമാനം കോമ്പൗണ്ട‌് നികുതിയുള്ളവയ‌്ക്ക‌് കാൽ ശതമാനം സെസ‌് വരും. കേന്ദ്ര ജിഎസ‌്ടി ചട്ടത്തിൽ ഭേദഗതി വരുത്തിയതിനാൽ സെസിൻമേലുള്ള ജിഎസ‌്ടി ഒഴിവാകും. 

ജിഎസ‌്ടി കൗൺസിലിന്റെ അനുമതി ലഭിച്ചതിനെത്തുടർന്ന‌് സംസ്ഥാന ബജറ്റിലാണ‌് പ്രളയ സെസ‌് പ്രഖ്യാപിച്ചത‌്. ഏപ്രിൽ ഒന്നിന‌് ഇത‌് നിലവിൽ വരേണ്ടിയിരുന്നു. കൗൺസിൽ വിജ്ഞാപനം വൈകിയതിനാൽ ജൂലൈ ഒന്നുമുതൽ നടപ്പാക്കാൻ തീരുമാനിച്ചു. എന്നാൽ, സെസിൻമേൽ ജിഎസ‌്ടി വരുമെന്ന ആക്ഷേപം ഉയർന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടപ്പാക്കൽ തീരുമാനം നീട്ടി. സെസിന‌് ജിഎസ‌്ടി ഒഴിവാക്കുന്നതിൽ വ്യക്തത വരുത്തി ചട്ടം ഭേദഗതി ചെയ്യണമെന്നുകാട്ടി സംസ്ഥാനം  കൗൺസിലിനെ സമീപിച്ചു.

രണ്ടുവർഷത്തിൽ 1300 കോടി രൂപ സെസ‌് ഇനത്തിൽ സമാഹരിക്കാൻ കഴിയുമെന്നാണ‌് കണക്കുകൂട്ടൽ. ഈ തുക പൂർണമായും പ്രളയത്തിൽ തകർന്ന ഗ്രാമീണ റോഡുക‌ളുടെ പുനർനിർമാണത്തിന‌് ഉപയോഗിക്കുമെന്ന‌് ധനമന്ത്രി ടി എം തോമസ‌് ഐസക‌് വ്യക്തമാക്കി. 1600 കിലോമീറ്ററോളം റോഡ‌് തെരഞ്ഞെടുത്തിട്ടുണ്ട‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top