കൊച്ചി> വിമൻ ഇൻ സിനിമാ കലക്ടീവ്(ഡബ്ളിയുസിസി) അംഗങ്ങളായ പാർവതി, പത്മപ്രിയ, രേവതി എന്നിവരെ താരസംഘടനയായ അമ്മ ചർച്ചക്ക് ക്ഷണിച്ചു. ആഗസ്റ്റ് എഴിന് ചർച്ചനടത്താൻ തയ്യാറാണെന്ന് താരസംഘടന അറിയിച്ചു.
നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റാരോപിതനായ നടൻ ദിലീപിനെ താരസംഘടനയിലേക്ക് തിരിച്ചെടുത്തതിനെ തുടർന്ന് പാർവതിയടക്കമുള്ളവർ താരസംഘടനയിൽനിന്ന് രാജിവെച്ചിരുന്നു. ദിലീപിനെ തിരിച്ചെടുത്ത സാഹചര്യവും താരസംഘടനയുടെ നിലപാടും ചർച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് നടികളായ രേവതിയും പത്മപ്രിയയും കത്തും നൽകിയിരുന്നു. താരസംഘടനയുടെ നിലപാടിനെ ഡബ്ളിയുസിസി തുറന്നെതിർത്തിരുന്നു. ആക്രമിക്കപ്പെട്ട നടി, രമ്യ നമ്പീശൻ, റിമ കല്ലിങ്ങൽ എന്നിവരാണ് പാർവതിക്കൊപ്പം രാജിവെച്ചത്.
ജനറൽ ബോഡി തീരുമാനിച്ചപ്രകാരമാണ് നടനെ തിരിച്ചെടുത്തതെന്നും വിവാദമായ സാഹചര്യത്തിൽ നടൻ സംഘടനയിലേക്കില്ലെന്ന് അറിയിച്ചിട്ടുണ്ടെന്നുമാണ് താരസംഘടനയുടെ പ്രസിഡന്റായ മോഹൻലാൽ പ്രതികരിച്ചത്. ഡബ്ളിയുസിസിയുമായി ചർച്ചക്ക് തയ്യാറാണെന്നും മോഹൻലാൽ അറിയിച്ചിരുന്നു.