29 July Thursday

വാരാന്ത്യ ലോക്ക്ഡൗണില്‍ കര്‍ശനപരിശോധന

വെബ് ഡെസ്‌ക്‌Updated: Saturday Jun 19, 2021


കൊച്ചി
വാരാന്ത്യ ലോക്ക്ഡൗൺ ജില്ലയിൽ ശക്തമായി നടപ്പാക്കാനൊരുങ്ങി ജില്ലാ ഭരണകേന്ദ്രം. രണ്ട് ദിവസത്തെ ഇടവേളയ്ക്കുശേഷം ശനി, ഞായർ ദിവസങ്ങളിൽ പൊലീസ് കർശനപരിശോധന നടത്തും. ലോക്ക്ഡൗൺ പിൻവലിച്ചതിന് പിന്നാലെ നഗരത്തിൽ കനത്ത തിരക്കാണ് അനുഭവപ്പെട്ടത്. വാരാന്ത്യ ലോക്ക്ഡൗണിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് രോ​ഗവ്യാപനം ഇനിയും നിയന്ത്രിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ആരോ​ഗ്യവകുപ്പ്.

ലോക്ക്ഡൗൺ ഇളവ് വന്നതിനെത്തുടർന്ന് തുറന്ന കടകളും മറ്റ് വ്യാപാര സ്ഥാപനങ്ങൾക്കും രണ്ടുദിവസത്തിനുശേഷമാകും പ്രവർത്തിക്കാനാകുക. വെള്ളിയാഴ്ച  ചില സ്വകാര്യ ബസുകൾ നഗരത്തിൽ സർവീസ് നടത്തിയിരുന്നു. പൊതു​ഗതാ​ഗതവും ശനി, ഞായർ ദിനങ്ങളിൽ നിരോധിച്ചിട്ടുണ്ട്.  സർക്കാർ ഓഫീസുകളടക്കം അടഞ്ഞുകിടക്കും. ഹോട്ടലുകളും പ്രവർത്തിക്കില്ല.  ഈ ദിവസങ്ങളിൽ നഗരവും പരിസരപ്രദേശങ്ങളും പൂർണമായും പൊലീസ് നിയന്ത്രണത്തിലാകും. കളമശേരി, ഇടപ്പള്ളി, പാലാരിവട്ടം, എംജി റോഡ്, ഹൈക്കോടതി ജങ്ഷൻ, തേവര, തോപ്പുംപടി, ഫോർട്ടുകൊച്ചി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വീണ്ടും പൊലീസ് നിലയുറപ്പിക്കും.

അനാവശ്യയാത്രകൾ ഒഴിവാക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.  അത്യാവശ്യഘട്ടങ്ങളിൽ പുറത്തിറങ്ങുന്നവർ നിർബന്ധമായും സത്യവാങ്മൂലം കൈയിൽ  കരുതണം. അല്ലാത്തവരിൽനിന്ന് പിഴ ഈടാക്കുമെന്നും വാഹനങ്ങൾ പിടിച്ചെടുക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. ദൂരയാത്രകൾക്ക് പാസ് ലഭിക്കാൻ ബുദ്ധിമുട്ടുളളവർ ആവശ്യമായ രേഖകൾ സഹിതം വെള്ളക്കടലാസിൽ അപേക്ഷ തയ്യാറാക്കി നൽകിയാൽ ബന്ധപ്പെട്ട പൊലീസ് സ്‌റ്റേഷനിൽനിന്ന് പാസ് ലഭിക്കും. എത്തിച്ചേരേണ്ട സ്ഥലത്തെ തദ്ദേശഭരണ സ്ഥാപനത്തിന്റെ പേര്, വാർഡ് നമ്പർ എന്നിവ ഉൾപ്പടെയുള്ള മുഴുവൻ വിലാസം, യാത്രയുടെ ആവശ്യം, യാത്ര ചെയ്യുന്ന ആൾക്കാരുടെ പേരും വിലാസവും മൊബൈൽ നമ്പരും വാഹനത്തിന്റെ നമ്പർ എന്നിവ ഉൾപ്പെടുത്തി  അപേക്ഷ തയ്യാറാക്കണം. ട്രിപ്പിൽ ലോക്ക്‌ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ജില്ലയുടെ അതിർത്തി വഴികളിലും പൊലീസ് പരിശോധന കർശനമാക്കും 1500 പൊലീസ് ഉദ്യോഗസ്ഥരെയാണ് അധികമായി ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ നിയോഗിച്ചിരിക്കുന്നത്. ലോക്ക്‌ഡൗൺ ഒഴിവാക്കിയതിന് പിന്നാലെ പുനരാരംഭിച്ച ട്രെയിൻ സർവീസ് മുടക്കമില്ലാതെ നടക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top