03 August Monday

തെറിവിളിക്കു പിന്നിൽ കോൺഗ്രസിലെ അസ്വസ്ഥത;വ്യക്തിപരമായ അവഹേളനമെന്ന്‌ യുഡിഎഫ്‌ കക്ഷിനേതാക്കൾ

വെബ് ഡെസ്‌ക്‌Updated: Saturday Jun 20, 2020


തിരുവനന്തപുരം
നാടൊന്നാകെ കോവിഡിനെതിരെ പോരാടുമ്പോൾ കോൺഗ്രസിനെ പരിഹാസ്യമായ സമരനാടകങ്ങൾക്ക്‌ പ്രേരിപ്പിക്കുന്നതെന്തെന്ന ചോദ്യത്തിന്‌ ഉത്തരമായി മുല്ലപ്പള്ളിയുടെ പ്രസംഗം. കോൺഗ്രസ്‌ നേതൃത്വം എത്രത്തോളം അസ്വസ്ഥമാണെന്ന്‌ അദ്ദേഹത്തിന്റെ വാക്കുകളിൽ പ്രകടം. സമൂഹമാകെ അംഗീകരിക്കുന്ന മന്ത്രി കെ കെ ശൈലജയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന നിലയിലേക്ക്‌ കെപിസിസി അധ്യക്ഷൻ എത്തിയത്‌ പ്രതിപക്ഷത്തെയാകെ അപഹാസ്യരാക്കി.

മഹാമാരിയെ കക്ഷിരാഷ്‌ട്രീയ ഭേദമെന്യേ ജനങ്ങളും സർക്കാരും ഒറ്റക്കെട്ടായി നേരിടുമ്പോൾ പ്രതിപക്ഷത്തിന്റെ ജീർണ സമീപനം വ്യക്തമാക്കുന്നതാണ്‌ മുല്ലപ്പള്ളിയുടെ പ്രതികരണം. ഇതിനെ തള്ളിപ്പറയാൻ സദസ്സിലുണ്ടായിരുന്ന പ്രതിപക്ഷനേതാവ്‌ ഉൾപ്പെടെയുള്ള യുഡിഎഫ്‌ നേതാക്കളാരും തയ്യാറായില്ല. മുല്ലപ്പള്ളി ലൈസൻസ്‌ നൽകിയതോടെ അധിക്ഷേപരീതി പലരും തുടരുകയും ചെയ്‌തു.

അതേസമയം, ആരോഗ്യമന്ത്രിയെ പരസ്യവേദിയിൽ അവഹേളിച്ച മുല്ലപ്പള്ളിക്കെതിരെ വ്യാപക പ്രതിഷേധമുയർന്നു. മുല്ലപ്പള്ളി മാപ്പ്‌ പറയണമെന്ന ആവശ്യം സാമൂഹ്യ മാധ്യമങ്ങളിലും വ്യാപകമായി.  കേസെടുക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ നിരവധി പേർ പരാതി നൽകി.

അതേസമയം, പ്രതിപക്ഷം നടത്താൻ ശ്രമിക്കുന്ന സമരത്തെ പൊളിക്കുന്നതാണ്‌ ഇത്തരം വ്യക്തിപരമായ അവഹേളനമെന്നാണ്‌  യുഡിഎഫ്‌ കക്ഷിനേതാക്കളുടെ നിലപാട്‌. കോൺഗ്രസിനുള്ളിൽ മുല്ലപ്പള്ളിയെ കൂടുതൽ ഒറ്റപ്പെടുത്താൻ സംഭവത്തെ ഉപയോഗിക്കാനാണ്‌ എതിർഗ്രൂപ്പുകളുടെ തീരുമാനം. കെപിസിസി പ്രസിഡന്റിന്റെ പരാമർശത്തോട്‌ പ്രതികരിക്കാൻ കോൺഗ്രസ്‌ നേതാക്കൾ ആരും തയ്യാറായില്ല.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top