23 July Tuesday

ബാലഭാസ‌്കറിന്റെ മരണം : അപകടം പുനരാവിഷ‌്കരിച്ച‌ു;സീറ്റ‌് ബെൽറ്റ‌ുകൾ ഫൊറൻസിക‌് സംഘത്തിന‌് കൈമാറും

വെബ് ഡെസ്‌ക്‌Updated: Wednesday Jun 19, 2019

തിരുവനന്തപുരം > വയലിനി‌സ‌്റ്റ‌് ബാലഭാസ‌്കറിന്റെ മരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച‌് സംഘത്തിന്റെ നേതൃത്വത്തിൽ അപകടം പുനരാവിഷ‌്കരിച്ചു. ശാസ‌്ത്രീയ പരിശോധനയുടെ ഭാഗമായിരുന്നു ക്രാഷ‌് ടെസ‌്റ്റ‌്. പള്ളിപ്പുറം സിഗ്നലിൽ നിന്നും 150 മീറ്റർ അകലെനിന്നും ഇന്നോവ കാർ 95 കിലോമീറ്റർ വേഗത്തിൽ ഓടിച്ചു.
കെഎസ‌്ആർടിസി ബസിനെ മറികടന്ന‌് ബാലഭാസ‌്കറിന്റെ വാഹനം ഇടിച്ച മരത്തിന‌് തൊട്ടടുത്തായി വാഹനം നിർത്തി. അഞ്ച‌് മിനിറ്റിൽ താഴെ സമയമെടുത്താണ‌് വാഹനം മരത്തിനടുത്ത‌് ഓടിച്ചെത്തിയത‌്. മോട്ടോർ വെഹിക്കിൾ ഇൻസ‌്പെക്ടർ വിനോദ‌് ലാലായിരുന്നു ഡ്രൈവർ. ക്രൈംബ്രാഞ്ച‌് എസ‌്ഐ അനൂപ‌് കൃഷ‌്ണൻ, ടൊയോട്ട എൻജിനിയർമാർ എന്നിവരും വാഹനത്തിലുണ്ടായിരുന്നു.

അതിവേഗത്തിൽ എത്തി വാഹനം പൊടുന്നനെ നിർത്തിയ ശേഷം വേഗത കുറച്ച‌് മരത്തിൽ വാഹനം മുട്ടിച്ചു. ബാലഭാസ്കറിന്റെ വാഹനം കെഎസ്ആർടിസി ബസിനെ മറികടന്നെത്തിയാണ് മരത്തിലിടിച്ചതെന്ന മൊഴികളുടെ അടിസ്ഥാനത്തിലാണ് ബസിനെ മറികടന്നുള്ള അപകടരംഗം പുനരാവിഷ‌്കരിച്ചത‌്. ക്രാഷ‌് ടെസ‌്റ്റിന്റെ റിപ്പോർട്ട‌് അഞ്ച‌് ദിവസത്തിനുള്ളിൽ ലഭിക്കും. മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥരോടും റിപ്പോർട്ട‌് തേടി. ഫോറൻസിക് സംഘം റോഡിലും മംഗലപുരം സ‌്റ്റേഷനിൽ സൂക്ഷിച്ചിരിക്കുന്ന ബാലഭാസ‌്കറിന്റെ ഇന്നോവയിലും  പരിശോധന നടത്തി. സീറ്റ‌് ബെൽറ്റ‌്, സ‌്റ്റിയറിങ്‌ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. ഡിവൈസ‌്പി കെ ഹരികൃഷ‌്ണൻ പരിശോധനകൾക്ക‌് നേതൃത്വം നൽകി. ടൊയോട്ട സർവീസ് എൻജിനിയർമാരും ഫോറൻസിക് അസിസ്റ്റന്റ് ഡയറക്ടർ റാഹില, സബീന , മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വേണുകുമാർ എന്നിവരുമുണ്ടായിരുന്നു.

ഉത്തരം തേടുന്നത‌് ഈ ചോദ്യങ്ങൾക്ക‌്
ക്രാഷ‌് ടെസ‌്റ്റ‌് നടത്തിയതിലൂടെ ക്രൈംബ്രാഞ്ച‌് ഉത്തരം തേടുന്നത‌് സുപ്രധാന ചോദ്യങ്ങൾക്ക‌്. അന്വേഷണത്തിൽ വഴിത്തിരിവാകും ഈ ചോദ്യങ്ങളുടെ ഉത്തരങ്ങൾ. സീറ്റ‌് ബെൽറ്റിട്ടാലും ഇടാതിരുന്നാലും യാത്രികർക്ക‌് ഉണ്ടാകുന്ന പരിക്കിന്റെ സ്വഭാവം, അപകടത്തിൽ വാഹനം വലതുവശത്തേക്ക‌് തിരിയാനുള്ള സാധ്യത, എയർബാഗ‌് പ്രവൃത്തിച്ചതിന്റെ ഫലങ്ങൾ, ബാലഭാസ‌്കർ സഞ്ചരിച്ച വാഹനത്തിന്റെ ചേസ‌് പിന്നോട്ട‌് തള്ളാനിടയുള്ള സാഹചര്യം, സ‌്റ്റിയറിങ്ങിൽ നിയന്ത്രണമുള്ളപ്പോഴും ഇല്ലാത്തപ്പോഴും  ഡ്രൈവർക്ക‌് സംഭവിക്കുന്ന പരിക്കുകളുടെ അവസ്ഥ എന്നീ ചോദ്യങ്ങൾക്ക‌് ഉത്തരം കണ്ടെത്തുന്നതിനാണ‌് ക്രാഷ‌് ടെസ‌്റ്റ‌് നടത്തിയത‌്.

ബാലഭാസ്കറിന്റെ അവസാന യാത്ര അമിത വേഗതയിലായിരുന്നെന്ന്  രേഖകൾ മോട്ടോർ വാഹന വകുപ്പിൽനിന്ന് ക്രൈംബ്രാഞ്ച് ശേഖരിച്ചിരുന്നു. ചാലക്കുടി ഉൾപ്പെടെ കടന്നത‌് 94 കിലോമീറ്റർ വേഗത്തിലായിരുന്നു. 231 കിലോമീറ്റർ യാത്ര ചെയ്യാൻ വേണ്ടിവന്നത് 2.37 മണിക്കൂറും.

സീറ്റ‌് ബെൽറ്റ‌ുകൾ ഫൊറൻസിക‌് സംഘത്തിന‌് കൈമാറും
ബാലഭാസ‌്കർ സഞ്ചരിച്ച ഇന്നോവയുടെ സീറ്റ‌് ബെൽറ്റ‌് ക്രൈംബ്രാഞ്ച‌് സംഘം വാഹനത്തിൽ നിന്ന‌് കസ‌്റ്റഡിയിൽ എടുത്തു. വിശദ പരിശോധനക്ക‌് ഫോറൻസിക‌് സംഘത്തിന‌് കൈമാറാനാണിത‌്. സീറ്റ‌് ബെൽറ്റുകളിൽ ചിലത‌് ഉരുകിയിട്ടുണ്ട‌്. ഉരുകിയ സീറ്റ‌് ബെൽറ്റുകൾ ധരിച്ചിരുന്നത‌് ആരെന്ന‌് കണ്ടെത്തുകയാണ‌് ലക്ഷ്യം. അപകട സമയത്ത‌് ബാലഭാസ‌്കർ സീറ്റ‌് ബെൽറ്റ‌് ധരിച്ചിട്ടില്ലെന്ന‌് പ്രാഥമിക സൂചനകൾ. പരിക്കുകളുടെ സ്വഭാവത്തിൽ നിന്നുമാണ‌് അന്വേഷക സംഘം ഈ നിഗമനത്തിൽ എത്തിയിരിക്കുന്നത‌്. അമിത വേഗതയിൽ എത്തുന്ന വാഹനം നിശ്ചലമായ വസ‌്തുവിൽ ഇടിക്കുമ്പോഴുണ്ടാകുന്ന ആഘാതത്തിൽ സീറ്റ‌് ബെൽറ്റ‌് ധരിക്കാത്ത യാത്രക്കാരനുണ്ടാകുന്ന പരിക്കിന‌് സമാനമാണ‌് ബാലഭാസ‌്കറിനുണ്ടായ പരിക്കുകൾ.

മാതാപിതാക്കളുടെ രക്ത സാമ്പിൾ ശേഖരിക്കും
ഫോറൻസിക‌് പരിശോധനയ‌്ക്ക‌് ബാലഭാസ‌്കറിന്റെ മാതാപിതാക്കളുടെ രക്ത സാമ്പിളുകൾ ഉൾപ്പെടെ ശേഖരിച്ചേക്കും. വാഹനത്തിൽ നിന്നും ലഭിച്ച സാമ്പിളുകൾ ബാലഭാസ‌്കറിന്റേത‌് ആണോ എന്ന‌് തിരിച്ചറിയാനാണിത‌്. വാഹനത്തിൽനിന്നും ലഭിച്ച മുടി, രക്തം എന്നിവയുമായി ഇവ താരതമ്യം ചെയ്യും. നേരത്തെ ഡ്രൈവർ അർജുന്റെ സാമ്പിളുകളും ഫോറൻസിക‌് സംഘം ശേഖരിച്ചിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top