22 October Tuesday

ഗ്രൂപ്പ‌് പോര‌ിനിടെ സംഘപരിവാർ ഉന്നതതല യോഗം ചേരുന്നു

ഇ എസ‌് സുഭാഷ‌്Updated: Wednesday Jun 19, 2019

കൊച്ചി> വി മുരളീധരനെ കേന്ദ്രമന്ത്രിയാക്കിയതിനെത്തുടർന്നു ബിജെപിയിൽ  ഗ്രൂപ്പ‌്  പോര‌് രൂക്ഷമായിരിക്കേ,  സംഘപരിവാറിന്റെ ഉന്നതതല യോഗങ്ങൾ ചേരുന്നു. ബിജെപി സംസ‌്ഥാന ഭാരവാഹികളുടെ യോഗം 22ന‌് കണ്ണൂരും ആർഎസ‌്എസ‌് ചിന്തൻ ബൈഠക‌് 29,30 തീയതികളിൽ കൊച്ചിയിലുമാണ‌് ചേരുക.

ലോക‌്സഭാ തെരഞ്ഞെടുപ്പിൽ സംസ‌്ഥാനത്ത‌്  വിജയിക്കാൻ കഴിയാതിരുന്നതടക്കം നേതൃയോഗങ്ങളിൽ ചർച്ചയാവും. കേരളത്തിലെ ആർഎസ‌്എസ‌് ഘടകത്തിന്റെ അഭിപ്രായം  കേന്ദ്ര ബിജെപി നേതൃത്വം നിരന്തരം അവഗണിക്കുന്നത‌് ചിന്തൻ ബൈഠക്കിൻ  ചർച്ചയാകും.  അൽഫോൺസ‌് കണ്ണന്താനത്തെ കഴിഞ്ഞ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതും വി മുരളീധരനെ രാജ്യസഭാംഗമാക്കിയതും ഉൾപ്പെടെയുള്ള കാര്യങ്ങൾ കേരളത്തിലെ ആർഎസ‌്എസ‌്, ബിജെപി നേതൃത്വങ്ങൾ അറിയാതെയായിരുന്നു. ഒടുവിൽ വി മുരളീധരനെ കേന്ദ്രമന്ത്രിയാക്കുക കൂടി ചെയ‌്തതോടെ ആർഎസ‌്എസും ബിജെപി സംസ‌്ഥാന നേതൃത്വവും അങ്കലാപ്പിലായി.

കുമ്മനത്തെ രാജശേഖരനെ മന്ത്രിയാക്കണമെന്ന ആർഎസ‌്എസ‌ിന്റെ ആവശ്യം നിരാകരിച്ചാണ‌് വി മുരളീധരനെ ഉൾപ്പെടുത്തിയത‌്. ഇത‌് കേരളത്തിലെ സംഘപരിവാറിന്റെ പ്രവർത്തനങ്ങൾ ഏതാണ്ട‌് നിശ‌്ചലമാക്കി. പിന്നാലെ, മുരളീധരന‌് എതിരെ സമൂഹ മാധ്യമങ്ങളിലൂടെ ശക‌്തമായ വിമർശനവും അഴിച്ചുവിട്ടു. 
മന്ത്രിയാക്കുമെന്ന പ്രതീക്ഷയിൽ മോഡി മന്ത്രിസഭ സത്യപ്രതിജ‌്ഞ ചെയ്യുന്നതിന‌് രണ്ട‌് ദിവസം മുമ്പുതന്നെ കുമ്മനം ഡൽഹിയിലെത്തി. എന്നാൽ ഡൽഹിയിലെ സ്വാധീനം ഉപയോഗിച്ചും കേരളത്തിലെ ആർഎസ‌്എസ‌് നേതൃത്വത്തിന‌് എതിരായി നിൽക്കുന്ന അഖിലേന്ത്യാ പ്രതിനിധി സഭാംഗമായ എ സേതുമാധവനെ ഉപയോഗിച്ചുമാണ‌് മുരളീധരൻ  മന്ത്രിസ്ഥാനം നേടിയത‌്.

ഒരു വർഷത്തിനകം സംഘടനാ തെരഞ്ഞെടുപ്പ‌് നടക്കാനിരിക്കെ മുരളീധരൻ സ്വാധീനമുറപ്പിക്കുമോ എന്ന‌് ആർഎസ‌്എസും കൃഷ‌്ണദാസ‌് പക്ഷവും ഭയപ്പെടുന്നുണ്ട‌്.  ബിജെപിയിലെ ആർഎസ‌്എസ‌് നോമികളായ സംഘടനാ സെക്രട്ടറി എം ഗണേഷിനെയും സഹ സംഘടനാ സെക്രട്ടറി  കെ സുഭാഷിനെയും മാറ്റാനും ആർഎസ‌്എസ‌് ആലോചിക്കുന്നു. എം ഗണേഷ‌് പി എസ‌് ശീധരൻപിള്ളയോടും സുഭാഷ‌് വി മുരളീധരനോടും അടുപ്പത്തിലായതാണ‌് ഇതിന‌് കാരണം.

സംഘടനയിൽ കൃഷ‌്ണദാസ‌് പക്ഷവും ആർഎസ‌്എസും ശ്രീധരൻപിള്ള പക്ഷവും ഒന്നിച്ചാണ‌് മുരളീധരന‌് എതിരായ നീക്കം നടത്തുന്നത‌്.  കുമ്മനത്തിന‌് കേന്ദ്രത്തിൽ എന്തെങ്കിലും സ്ഥാനം നേടാനാണ‌് ആർഎസ‌്എസ‌ിന്റെ ഇപ്പോഴത്തെ ശ്രമം. ഉപതെരഞ്ഞെടുപ്പ‌് നടക്കുന്ന വട്ടിയൂർക്കാവിൽ മൽസരിക്കാനില്ലെന്ന‌ നിലപാടിലാണ‌് കുമ്മനം. ഉപതെരഞ്ഞെടുപ്പിൽ മൽസരിക്കാനില്ലെന്ന‌് കെ സുരേന്ദ്രനും പറഞ്ഞു. പരസ‌്പരം  കാലുവാരുമോയെന്ന ഭയം നേതാക്കൾക്കുണ്ട‌്.


പ്രധാന വാർത്തകൾ
 Top