14 July Tuesday

പാലാരിവട്ടം പാലം അഴിമതി : മുഹമ്മദ്‌ ഹനീഷിനെ വീണ്ടും ചോദ്യം ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Wednesday May 20, 2020


പാലാരിവട്ടം പാലം അഴിമതി കേസിൽ വ്യവസായ സെക്രട്ടറി എ പി എം മുഹമ്മദ്‌ ഹനീഷിനെ വിജിലൻസ്‌ വീണ്ടും ചോദ്യം ചെയ്‌തു. ഹനീഷ്‌ റോഡ്‌സ്‌ ആൻഡ്‌ ബ്രിഡ്‌ജസ്‌ ഡെവലപ്‌മെന്റ്‌  കോർപറേഷൻ കേരള (ആർബിഡിസികെ) എംഡിയായിരിക്കെയാണ്‌ പാലാരിവട്ടം പാലം സംബന്ധിച്ച മിക്ക രേഖകളും തയ്യാറാക്കിയത്‌. എന്നാൽ, നിയമത്തിനകത്തുനിന്ന്‌ മാത്രമാണ്‌ താൻ പ്രവർത്തിച്ചതെന്നാണ്‌ മുഹമ്മദ്‌ ഹനീഷ്‌ വിജിലൻസിന്‌ നൽകിയ മൊഴി. നേരത്തെയും അദ്ദേഹത്തെ വിജിലൻസ്‌ ചോദ്യം ചെയ്‌തിരുന്നു.

ചൊവ്വാഴ്‌ച പകൽ പത്തുമുതൽ രണ്ടുവരെയാണ്‌ അന്വേഷണ ഉദ്യോഗസ്ഥനായ വിജിലൻസ്‌ ഡിവൈഎസ്‌പി ശ്യാംകുമാറിന്റെ നേതൃത്വത്തിൽ  ചോദ്യം ചെയ്‌തത്‌.
പാലംനിർമാണവുമായി ബന്ധപ്പെട്ട ക്രമക്കേടിൽ ആർബിഡിസികെയ്‌ക്കുള്ള പങ്ക്‌ വ്യക്തമാക്കുന്ന രേഖ വിജിലൻസിന്‌ ലഭിച്ചിരുന്നു. കരാർ കമ്പനിക്ക്‌ 8.25 കോടിരൂപ മൊബിലൈസേഷൻ അഡ്വാൻസ്‌ നൽകിയതിന്റെ ഫയലും തയ്യാറാക്കിയത്‌ ആർബിഡിസികെയാണ്‌. ഈ സമയത്ത്‌ മുഹമ്മദ്‌ ഹനീഷായിരുന്നു എംഡി. മുഹമ്മദ്‌ ഹനീഷിനെ ഒരിക്കൽക്കൂടി ചോദ്യംചെയ്‌തേക്കും‌. കേസിൽ പ്രതിയാക്കുന്ന കാര്യം ഇപ്പോൾ തീരുമാനിച്ചിട്ടില്ലെന്ന്‌ ഡിവൈഎസ്‌പി ശ്യാംകുമാർ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top