02 July Thursday

കീഴില്ലം ബാങ്കിന്റെ ‘നെൽമണി’ക്കൂട്ടം

വെബ് ഡെസ്‌ക്‌Updated: Tuesday May 19, 2020

കീഴില്ലം സഹകരണ ബാങ്കിന്റെ സമൃദ്ധി വാഴക്കൃഷിത്തോട്ടം

പെരുമ്പാവൂർ
കാർഷികമേഖലയുടെ സമഗ്രപുരോഗതി ലക്ഷ്യമിട്ട് വൈവിധ്യങ്ങളായ പ്രവർത്തനങ്ങൾക്കാണ് കീഴില്ലം  സഹകരണ ബാങ്ക് നേതൃത്വം നൽകുന്നത്. നെൽക്കൃഷി വ്യാപിപ്പിക്കുന്നതിന്‌ 15 ഏക്കറിൽ പുഴുക്കാട് പാടശേഖരത്തിൽ നെൽക്കൃഷി ആരംഭിച്ചു. ഇതിനായി 29 കർഷകരെ ഉൾപ്പെടുത്തി ‘നെൽമണി’ എന്ന പേരിൽ കർഷക സ്വയംസഹായ സംഘവും രൂപീകരിച്ചു. മുട്ടഗ്രാമം പദ്ധതിയിൽ അത്യുൽപ്പാദനശേഷിയുള്ള ബി വി.380 എന്നയിനം അഞ്ഞൂറിലധികം കോഴികളും കൂടും കൃഷിക്കാർക്കായി വിതരണം ചെയ്തു. രായമംഗലം പഞ്ചായത്തിലെ 10 വാർഡുകളിൽ സ്വാശ്രയ സ്വയംസഹായ സംഘങ്ങൾ രൂപീകരിച്ച് പച്ചക്കറിക്കൃഷി ആരംഭിച്ചു. അരയേക്കർ സ്ഥലത്ത് ‘തിരുവോണം’ എന്ന പേരിൽ ജൈവപച്ചക്കറി കൃഷിയും ബാങ്ക്  ആരംഭിച്ചിട്ടുണ്ട്.

കർഷകർക്ക് 2050 തെങ്ങിൻതൈയും 1150 കിലോ ഇഞ്ചിയും 470 കിലോ ചേനയും 260 കിലോ മഞ്ഞൾവിത്തുകളും കുരുമുളകുവള്ളികളും കൂർക്കവിത്തുകളും സർക്കാർ ഫാമായ നടുക്കരയിൽനിന്ന് 15,000 വിവിധയിനം പച്ചക്കറിത്തൈകളും കർഷകർക്കായി വിതരണം ചെയ്തുകഴിഞ്ഞു. റസിഡൻസ് അസോസിയേഷനുകൾക്കായി 20 ഗ്രോബാഗും അഞ്ചിനം പച്ചക്കറിത്തൈകളും വളവും വിതരണം ചെയ്യുന്ന പദ്ധതിയും ഇതിനോടകം നടപ്പാക്കി. സർക്കാർ വാഴഗവേഷണ കേന്ദ്രമായ കണ്ണാറ ബിആർസിയിൽനിന്ന്‌ ടിഷ്യൂ വാഴക്കണ്ണുകളും തമിഴ്നാട്ടിലെ മേട്ടുപ്പാളയം, സത്യമംഗലം എന്നിവിടങ്ങളിൽനിന്ന്‌ നേരിട്ടുപോയി ശേഖരിച്ച 29,500 ഏത്തവാഴക്കണ്ണുകൾകൊണ്ട് സമൃദ്ധി വാഴക്കൃഷിയും കീഴില്ലം സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്. ഇതിനെല്ലാം നേതൃത്വം നൽകുന്നത് ബാങ്ക് പ്രസിഡന്റ് ആർ എം രാമചന്ദ്രനും സെക്രട്ടറി രവി എസ് നായരും ഡയറക്ടർബോർഡ്‌ അംഗങ്ങളുമാണ്.


പ്രധാന വാർത്തകൾ
 Top