16 September Monday

കൊയ്തെടുത്തു; "പ്രത്യാശ’യുടെ നൂറുമേനി

സ്വന്തം ലേഖികUpdated: Sunday May 19, 2019

കൊച്ചി
പ്രളയം ഒന്നേകാൽക്കോടി രൂപയുടെ നാശനഷ്ടങ്ങൾ വിതച്ച ഒക്കലിലെ സംസ്ഥാന വിത്തുൽപ്പാദന കേന്ദ്രത്തിൽ നെൽക്കൃഷിയുടെ നൂറുമേനി വിളവെടുപ്പ‌്. പാടത്ത് വിതച്ചിരുന്ന പ്രത്യാശ നെല്ല് തൊഴിലാളികളുടെ നേതൃത്വത്തിൽ വിളവെടുത്തു. പച്ചക്കറിത്തോട്ടത്തിലെ കാർഷികസമൃദ്ധിയും തൊഴിലാളികൾ തിരിച്ചുപിടിച്ചു. പ്രളയം തുടച്ചെടുത്ത കാർഷികസമ്പത്ത് തൊഴിലാളികളുടെ കഠിന യത്നത്തിൽ തിരിച്ചെടുക്കുകയാണ് വിത്തുൽപ്പാദനകേന്ദ്രം.

പ്രളയത്തിൽ 1,25,75,110 രൂപയുടെ നാശനഷ്ടങ്ങളാണ് വിത്തുൽപ്പാദനകേന്ദ്രത്തിനുണ്ടായത‌്. നെൽക്കൃഷിയുടെ വിളവെടുപ്പുകാലത്താണ് പ്രളയം എത്തിയത്. 13 ഏക്കർ വിസ്തൃതിയിലുള്ള കേന്ദ്രത്തിൽ ഓഫീസ് ഉൾപ്പെടെ ദിവസങ്ങളോളം വെള്ളത്തിൽ മുങ്ങിക്കിടന്നു. 10.8 ഹെക്ടറിൽ ഇറക്കിയ നെൽക്കൃഷി പൂർണമായും നശിച്ചു. കൂടുതൽ നാശനഷ്ടം സംഭവിച്ചതും നെൽക്കൃഷിയിലാണ‌്. 25 ലക്ഷം രൂപ.

വിത്തിനായി സൂക്ഷിച്ചിരുന്ന 530 കിലോഗ്രാം ശ്രേയസ്, പ്രത്യാശ നെൽവിത്തുകളും നശിച്ചു.  മൂന്നുലക്ഷം രൂപയുടെ പച്ചക്കറികളിലും ചെളി അടിഞ്ഞു. കുരുമുളകുചെടികൾ, പച്ചക്കറിവിത്തുകൾ, തേങ്ങാ വിത്തുകൾ, അലങ്കാരച്ചെടികൾ, കോഴികൾ, മീനുകൾ എന്നിവയും വെള്ളത്തിൽ ഒലിച്ചുപോയി. കേന്ദ്രത്തിൽ സൂക്ഷിച്ചിരുന്ന വളങ്ങൾ, ചെടികൾക്കാവശ്യമായ മരുന്നുകൾ എന്നിവയും രണ്ടു പമ്പുഹൗസും 20 എച്ച്പിയുടെ രണ്ടു പമ്പുസെറ്റും പൂർണമായും നശിച്ചു. പിന്നീട് സർക്കാർ ധനസഹായത്തിലൂടെ ഇവിടത്തെ 45 തൊഴിലാളികളുടെ കഠിന യത്നത്തിലൂടെയാണ് ഫാം തിരിച്ചുപിടിച്ചതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. പ്രളയം കഴിഞ്ഞ‌് നിലം ഒരുക്കി വീണ്ടും കൃഷി ചെയ്യുകയായിരുന്നു. 

കൊയ്തെടുത്ത നെല്ല് ഉണക്കി സൂക്ഷിക്കുന്ന തിരക്കിലാണ് ഇപ്പോൾ തൊഴിലാളികൾ. പ്രത്യാശ നെല്ലാണ് വിതച്ചിരുന്നത്. ഒരുകിലോഗ്രാമിന് 40 രൂപ നിരക്കിൽ നെൽവിത്തായിത്തന്നെ ഇത് കർഷകർക്ക് നൽകും. അടുത്ത വിത്തുവിതയ‌്ക്കലിനായി നിലം ഒരുക്കലും പുരോഗമിക്കുന്നു.
 


പ്രധാന വാർത്തകൾ
 Top