21 August Wednesday

ഓളംതീർത്ത‌് വിജയത്തോണി

വെബ് ഡെസ്‌ക്‌Updated: Friday Apr 19, 2019

പൂത്തോട്ട
എൽഡിഎഫ‌് സ്ഥാനാർഥി പി രാജീവിന്റെ തെരഞ്ഞെടുപ്പ‌് പ്രചാരണാർഥം കായലിൽ പര്യടനം നടത്തിയ വിജയത്തോണി ശ്രദ്ധേയമായി. എൽഡിഎഫ് തെക്കൻ പറവൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കായലിൽ വിജയത്തോണി പര്യടനം നടത്തിയത്. 

തോണിയിൽ രാജീവിന്റെ കട്ടൗട്ടുകളും ചിത്രങ്ങളും കൊടിതോരണങ്ങളും കൊണ്ട് അലങ്കരിച്ചിരുന്നു. തെരഞ്ഞെടുപ്പ് ഗാനങ്ങളും നാടൻപാട്ടുകളും വോട്ട് അഭ്യർഥനയുമായി കായലിൽ സഞ്ചരിച്ച വിജയത്തോണി തീരദേശത്ത് ആവേശവും കൗതുകവും ആയി. രാവിലെ പൂത്തോട്ടയിൽ വിജയത്തോണിയുടെ ക്യാപ്റ്റൻ എം പി നാരായണദാസിന് പതാക കൈമാറി സിപിഐ എം തൃപ്പൂണിത്തുറ ഏരിയ സെക്രട്ടറി പി വാസുദേവൻ പര്യടനം ഉദ്ഘാടനം ചെയ്തു. മത്സ്യത്തൊഴിലാളികളുടെയും കയർത്തൊഴിലാളികളുടെയും മേഖലകളിലൂടെ സഞ്ചരിച്ച പര്യടനത്തിന‌് വിവിധ തീരങ്ങൾ ഉജ്വല സ്വീകരണങ്ങൾ നൽകി.

എൻ ടി രാജേന്ദ്രൻ, പി കെ ബാബു എന്നിവർ സംസാരിച്ചു. പൂത്തോട്ടയിൽനിന്ന് ആരംഭിച്ച പര്യടനം സൗത്ത് പറവൂർ, ഉദയംപേരൂർ, പേട്ട, മരട്, എരൂർ, വൈറ്റില ഹബ്, ചമ്പക്കര, പനങ്ങാട്, ചാത്തമ്മ എന്നിവിടങ്ങളിൽ പര്യടനം നടത്തി.

1200 സ്വീകരണ കേന്ദ്രങ്ങൾ പിന്നിട്ട‌് രാജീവ‌്
സ്വന്തം ലേഖകൻ
കൊച്ചി
മണ്ഡല പര്യടനത്തിന്റെ ഭാഗമായി ആയിരത്തി ഇരുന്നൂറോളം കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾ പൂർത്തിയാകുമ്പോൾ ഓരോ കേന്ദ്രങ്ങളിലും നിറയുന്ന ജനപ്രവാഹം എൽഡിഎഫ് സ്ഥാനാർഥി പി രാജീവിന്റെ വിജയക്കുതിപ്പിന് കരുത്താകുന്നു.

കടവന്ത്ര സ്പോർട്സ് സെന്ററിൽ കായികവിനോദങ്ങളിലും വ്യായാമങ്ങളിലും ഏർപ്പെട്ടിരുന്നവരോട് വോട്ട് അഭ്യർഥിച്ചാണ് എറണാകുളം ലോക‌്സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി പി രാജീവിന്റെ വ്യാഴാഴ്ചത്തെ മണ്ഡലപര്യടനം ആരംഭിച്ചത്. നീന്തൽ കഴിഞ്ഞ് ഇറങ്ങുന്നവരോടും ബാഡ്മിന്റൺ, ബാസ്‌കറ്റ് ബോൾ, ടെന്നീസ് എന്നിവ കളിക്കുന്നവരോടും രാജീവ് വോട്ട് അഭ്യർഥിച്ചു. ടെന്നീസ് കളിക്കുന്നവർ രാജീവിന്റെ കൈയിൽ റാക്കറ്റും പന്തും നൽകിയപ്പോൾ ചെറിയ സമയം അവരോടൊപ്പംകൂടി.

സ്ഥാനാർഥിയെ കാണുന്നവരൊക്കെ വ്യായാമത്തിരക്കുകൾക്കിടയിലും കൈയുയർത്തി അഭിവാദ്യങ്ങൾ അറിയിക്കുന്നുണ്ടായിരുന്നു. 
ജിംനേഷ്യത്തിൽ വ്യായാമം ചെയ്തുകൊണ്ടിരുന്ന സിറ്റി പൊലീസ് കമീഷണർ എസ് സുരേന്ദ്രനെയും ജിമ്മിലെ ട്രെയ്നർമാരായ സമീർ അബു, ഹരി, ജോയ് എന്നിവരെയും കണ്ട് വോട്ട് അഭ്യർഥിച്ചു. റീജണൽ സ്പോർട്സ് സെന്റർ സെക്രട്ടറി എസ് എ എസ് നവാസ് രാജീവിന് വഴികാട്ടി.

പി ആൻഡ് ടി കോളനിയിലെ സ്വീകരണത്തിനിടയിൽ പുനരധിവാസം വേഗത്തിലാക്കാൻ ഇടപെടും എന്ന സ്ഥാനാർഥിയുടെ ഉറപ്പിന് കോളനിനിവാസികൾ നന്ദി അറിയിക്കുന്നുണ്ടായിരുന്നു. മഴക്കാലത്ത് സമീപത്തെ കനാലിൽനിന്ന് വെള്ളം കയറുന്ന ദുരവസ്ഥയിൽനിന്ന് അവരെ കരകയറ്റാൻ വേണ്ടി ഇടപെട്ടത് സി എൻ മോഹനൻ നേതൃത്വം വഹിച്ച ജിസിഡിഎ ആണ്. മുണ്ടംവേലിയിൽ അവരെ പുനരധിവസിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

കൊച്ചിൻ ഷിപ്‌യാർഡിലെ സ്വീകരണത്തിൽ നൂറുകണക്കിന് തൊഴിലാളികൾ പങ്കെടുത്തു. കപ്പൽശാലാ തൊഴിലാളിയായ മുഹമ്മദ് റിയാസ് സ്ഥാനാർഥിക്ക് ഛായാചിത്രം സമ്മാനിച്ചു. മറുപടി പ്രസംഗത്തിൽ രാജീവ് രാജ്യസഭാ എംപി ആയിരിക്കെ കപ്പൽശാലയുടെ അംബാസഡർ എന്ന നിലയ‌്ക്ക് പ്രവർത്തിക്കാനും പൊതുമേഖലാ സ്ഥാപനങ്ങളുടെയും അവിടത്തെ തൊഴിലാളികളുടെയും സംരക്ഷണം ഉറപ്പുവരുത്താൻ  പാർലമെന്റിൽ ഇടപെടാനും കഴിഞ്ഞ സാഹചര്യത്തെ ഓർത്തു. ദീർഘകാലമായി കൊച്ചിൻ ഷിപ്‌യാർഡ് തൊഴിലാളി ഫെഡറേഷന്റെ പ്രസിഡന്റ് കൂടിയാണ് രാജീവ്.

സെന്റ് ഫ്രാൻസിസ് പള്ളിയിലെ പെസഹാവ്യാഴം പ്രത്യേക പ്രാർഥന കഴിഞ്ഞിറങ്ങിയ ആർച്ച്ബിഷപ‌് ജോസഫ് കളത്തിപ്പറമ്പിലിനെയും മറ്റു വൈദികരെയും സ്ഥാനാർഥി സന്ദർശിച്ചു. തേവര കോന്തുരുത്തിയിലെ കസിബ കോളനിയിൽ നടന്ന സ്വീകരണയോഗത്തിൽ കുമ്പളങ്ങി നൈറ്റ്‌സ് ഫെയിം സുരാജ് പോപ്സും പങ്കെടുത്തു. എ പി വർക്കിനഗർ, ഹൗസ് ഓഫ് പ്രൊവിഡൻസ് വൃദ്ധസദനം, സെന്റ് അഗസ്റ്റിൻസ് കോൺവന്റ്, സെന്റ് തെരേസാസ് മേഴ്സി ഹോം എന്നിവിടങ്ങളിലും സന്ദർശനം നടത്തി.

എറണാകുളം പള്ളിപ്പറമ്പ് കോളനിയിലെത്തിയ പി രാജീവ് വീടുകൾ കയറി വോട്ട് അഭ്യർഥിച്ചു. എറണാകുളത്തെ കമ്യൂണിസ്റ്റ് പാർടിയുടെ ആദ്യകാല  നേതാവ് കെ എ പുഷ്പാകരനെ ജഡ്ജസ് അവന്യൂവിലെ വീട്ടിലെത്തി കണ്ടു. റിട്ട. ജസ്റ്റിസ് നാരായണക്കുറുപ്പ്, ഡോ. സുജിത്ത് വാസുദേവൻ എന്നിവരെയും സന്ദർശിച്ചു.
രവിപുരത്ത് ആലപ്പാട്ട് ക്രോസ് റോഡിൽ സ്വീകരണം ഏറ്റുവാങ്ങി. ഇ കെ നായനാരുടെ മകൾ ഉഷാ പ്രവീണിനെയും കുടുംബത്തെയും കാണാൻ ഫ്ലാറ്റിൽ ചെന്നപ്പോൾ ഫ്ലാറ്റിലെ മറ്റു കുടുംബങ്ങളും സ്ഥാനാർഥിയെ സ്വീകരിക്കാനെത്തി. രാഷ്ട്രീയവും നഗരത്തിന്റെ വികസനത്തെപ്പറ്റിയും ഗൗരവമേറിയ ചർച്ചയ‌്ക്ക് അവിടം വേദിയായി.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top