25 May Saturday

നിയമനപ്പെരുമഴയുമായി പിഎസ‌്‌സി

കബീർ ചാവശേരിUpdated: Friday Apr 19, 2019


മലപ്പുറം
"സർക്കാർ ജോലിയെന്നത‌് സ്വപ്നമായിരുന്നു. അതിനുവേണ്ടിയുള്ള പോരാട്ടത്തിലായിരുന്നു. പ്രതിസന്ധികൾക്ക‌് ഒടുവിൽ ഇപ്പോഴാണ‌് ഞങ്ങളുടെ പ്രയത്നത്തിന‌് ഫലംകിട്ടുന്നത‌്. കൂടെനിന്ന എൽഡിഎഫ‌് സർക്കാരിന‌് എല്ലാവിധ നന്ദിയും'–-

നിലമ്പൂരിലെ മീരാ മേനോന്റെ വാക്കുകളാണിത‌്. പിഎസ‌്‌സിയുടെ എൽപിഎസ‌്എ നിയമന പട്ടികയിൽ 655–-ാം റാങ്ക‌് കിട്ടിയതിന്റെ സന്തോഷത്തിലാണ‌് മീര. 2014–-ലാണ‌് പരീക്ഷയുടെ നോട്ടിഫിക്കേഷൻ വന്നത‌്. എന്നാൽ, ഒരുപാട‌് ഒഴിവുണ്ടായിട്ടും യുഡി‌എഫ‌് സർക്കാർ പരീക്ഷ നടത്താതെ ഇഴഞ്ഞുനീങ്ങി. 2012–-ലെ പട്ടികയിൽ കാര്യമായരീതിയിൽ നിയമനം നടത്താനും ഉമ്മൻ ചാണ്ടി സർക്കാർ തയ്യാറായില്ല. 2016–-ൽ അധികാരമേറിയ എൽഡിഎഫ‌് സർക്കാർ ഒഴിവുകളെല്ലാം റിപ്പോർട്ട‌് ചെയ്തു. 2017 ജനുവരിയിൽ പുതിയ പരീക്ഷയും നടത്തി‌. 2018–-ൽ വിജയികളുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു. സാമ്പത്തികപ്രയാസങ്ങളാൽ നിയമനം നടക്കില്ലെന്നായിരുന്നു പിന്നീട‌് സംശയം. എന്നാൽ‌,  എൽഡിഎഫ‌് സർക്കാരിന്റെയും പിഎസ‌്‌‌സിയുടെയും സമയോചിത ഇടപെടലിൽ എൽപി സ്കൂൾ അസിസ്റ്റന്റ‌്, യുപി സ്കൂൾ അസിസ്റ്റന്റ‌് പട്ടികയിൽ റെക്കോഡ‌് നിയമന ശുപാർശക്കാണ‌് ഉത്തരവായിരിക്കുന്നത‌്. ഇതോടെ മീരയടക്കം നൂറുകണക്കിന‌് ഉദ്യോഗാർഥികളുടെ സ്വപ്നങ്ങളാണ‌് പൂവണിയുന്നത‌്.

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൽ അടിസ്ഥാനസൗകര്യ വികസനത്തിന്റെ ഭാഗമായിട്ടാണ‌് എൽഡിഎഫ‌് സർക്കാരിന്റെ ഈ പ്രവർത്തനം. ജില്ലയിലാണ‌് പിഎസ‌്‌സി സംവിധാനം ചടുലമായി പ്രവർത്തിച്ച‌് ഇത്രയധികം നിയമനം നടത്തിയിരിക്കുന്നത‌്. ജില്ലയുടെ ചരിത്രത്തിൽ ആദ്യമായാണ‌് ഈ മേഖലയിൽ റെക്കോഡ‌് നിയമനം നടപ്പാക്കുന്നത‌്.

ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത‌് 2012 ഡിസംബർ 17–-നാണ‌് യുപി സ്കൂൾ അസിസ്റ്റന്റ‌് പട്ടിക ഇറക്കിയത‌്. ഈ പട്ടികയിൽ 557 പേരാണ‌ുണ്ടായിരുന്നത‌്. ഇതിൽ യുഡിഎഫ‌് സർക്കാർ കേവലം 231 പേർക്ക‌ുമാത്രമാണ‌് നിയമനം നൽകിയത‌്. എന്നാൽ, ഈ പട്ടികയിൽനിന്ന‌് 426 പേർക്ക‌് പിന്നീട‌് അധികാരമേറിയ പിണറായി സർക്കാർ ജോലി നൽകി. ഉപ പട്ടികയിൽനിന്ന‌് നൂറുപേർക്ക‌ുകൂടി എൽഡിഎഫ‌് ജോലി നൽകി.  ഇതിനുപുറമെയാണ‌്  പുതിയ പട്ടിക 2019 ജനുവരി 14ന‌് പ്രസിദ്ധപ്പെടുത്തിയത‌്. 934 പേർ ഇടംപിടിച്ച പ്രധാന പട്ടികയിലെ 330 പേർക്കാണ‌് നിയമന ശുപാർശ നൽകിയിരിക്കുന്നത‌്.

എൽപി സ്കൂൾ അസിസ്റ്റന്റ‌് നിയമന ശുപാർശയിലും എൽഡിഎഫ‌് സർക്കാർ മികച്ച പ്രവർത്തനമാണ‌് നടത്തിയിരിക്കുന്നത‌്. 2012 ഫെബ്രുവരിയിലാണ‌് 781 പേരടങ്ങിയ പഴയ പട്ടിക പുറത്തിറക്കിയത‌്. ഈ പട്ടികയിൽ യുഡിഎഫ‌് ഭരണകാലത്ത‌് കേവലം 472 പേർക്കാണ‌് നിയമനം നൽകിയത‌്. എന്നാൽ, കേവലം മൂന്ന‌ുവർഷത്തിനിടെ 519 പേർക്ക‌് പിണറായി സർക്കാർ നിയമനം നൽകി. പുതിയ പരീക്ഷയിലൂടെ 983 പേരടങ്ങിയ പ്രധാന പട്ടികയും 2308 പേരുടെ ഉപ പട്ടികയും പ്രസിദ്ധപ്പെടുത്തി. ഇതിൽനിന്ന‌് 1022 പേർക്കാണ‌് ഇപ്പോൾ നിയമന ശുപാർശ നൽകിയിരിക്കുന്നത‌്. നിലവിൽ സർക്കാരും പിഎസ‌്‌സിയും മികച്ച പ്രവർത്തനങ്ങളാണ‌് ഉദ്യോഗാർഥികൾക്കുവേണ്ടി നടപ്പാക്കുന്നത‌്. നിലവിൽ പൊലീസ‌് പട്ടിക പ്രസിദ്ധീകരിച്ച‌് കായികക്ഷമതാ പരീക്ഷ നടന്നുവരികയാണ‌്. ഉദ്യോഗസ്ഥരും ജീവനക്കാരും ഒഴിവുദിവസങ്ങളിലടക്കം ജോലിചെയ്താണ‌് ഈ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നത‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top