01 April Wednesday

പഴയപോലെയല്ല, മെഡിക്കല്‍ കോളേജൊക്കെ സൂപ്പറാണ്; നന്ദി പറഞ്ഞ് വാവ സുരേഷ്‌

വെബ് ഡെസ്‌ക്‌Updated: Thursday Feb 20, 2020

തിരുവനന്തപുരം > “താനൊരു വിഐപി അല്ല. എങ്കിലും ലഭിച്ചത്‌ വിഐപി ചികിത്സയാണ്. മെഡിക്കൽ കോളേജ്‌ ആശുപത്രിയെ ഇത്രയധികം മെച്ചപ്പെടുത്തിയതിനും സൗജന്യ ചികിത്സ അനുവദിച്ചതിനും  മന്ത്രി കെ കെ ശൈലജയ്‌ക്കും അധികൃതർക്കും നന്ദി’’.  പാമ്പുകടിയേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സ കഴിഞ്ഞ്‌ വാർഡിലെത്തിയ വാവ സുരേഷ്‌ പറഞ്ഞു.

പതിനൊന്നാം തവണയാണ് പാമ്പുകടിയേറ്റ് സുരേഷ്‌ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയ്‌ക്കെത്തുന്നത്. ആശുപത്രിയിൽ മുമ്പത്തേതിൽനിന്ന്‌ വ്യത്യസ്‌തമായ സൗകര്യങ്ങൾ കണ്ട് സുരേഷ് അമ്പരന്നു. പ്രത്യേകിച്ചും തീവ്രപരിചരണ വിഭാഗത്തെക്കുറിച്ചുള്ള സുരേഷിന്റെ മതിപ്പ് ഒറ്റവാക്കിൽ ഒതുങ്ങിയില്ല. മെഡിക്കൽ കോളേജ് ആശുപത്രി സൂപ്പറാണ്. അത്യന്താധുനിക സംവിധാനങ്ങൾ ഏറ്റവും മികച്ചതാണെന്നും സുരേഷ് സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവച്ചു.

ആശുപത്രിയിൽ എത്തിയ ദിവസംമുതൽ തന്റെ ആരോഗ്യം വീണ്ടെടുക്കാൻ പ്രവർത്തിച്ച ആശുപത്രി സൂപ്രണ്ട്, ഡോക്ടർമാർ, നേഴ്സുമാർ, മറ്റു ജീവനക്കാർ തുടങ്ങി എല്ലാവരുടെയും സേവനത്തെ സുരേഷ് അഭിനന്ദിച്ചു. 

ആരോഗ്യം മെച്ചപ്പെട്ടതിനെത്തുടർന്ന് ചൊവ്വാഴ്ചയാണ്‌ സുരേഷിനെ മൾട്ടി ഡിസിപ്ലിനറി തീവ്രപരിചരണവിഭാഗത്തിൽനിന്ന്‌ മുറിയിലേക്ക്‌ മാറ്റിയത്.


പ്രധാന വാർത്തകൾ
 Top