31 March Tuesday

കേന്ദ്ര നയം പാവപ്പെട്ടവനെ ഇല്ലാതാക്കൽ: സീതാറാം യെച്ചൂരി

വെബ് ഡെസ്‌ക്‌Updated: Wednesday Feb 19, 2020


സ്വന്തം ലേഖിക
‘പട്ടിണിയെയല്ല, പാവപ്പെട്ടവനെത്തന്നെ ഇല്ലാതാക്കുക’യാണ്‌ നരേന്ദ്ര മോഡി സർക്കാരിന്റെ നയമെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്റെ സന്ദർശനത്തിന്‌ മുന്നോടിയായി ഗുജറാത്തിലെ ചേരികളെ മതിൽകെട്ടി മറയ്ക്കുന്നതിലൂടെ കേന്ദ്ര സർക്കാരിന്റെ മനുഷ്യത്വരഹിതമായ മുഖം വ്യക്തമാകുന്നു.

ലൊയോള കോളേജിന്റെ സുവർണജൂബിലി പ്രഭാഷണം നിർവഹിക്കാനെത്തിയ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കോളേജ്‌ വളപ്പിൽ മാവിൻതൈ നടുന്നു

ലൊയോള കോളേജിന്റെ സുവർണജൂബിലി പ്രഭാഷണം നിർവഹിക്കാനെത്തിയ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കോളേജ്‌ വളപ്പിൽ മാവിൻതൈ നടുന്നു

ശ്രീകാര്യം ലയോള കോളേജ്‌ ഓഫ്‌ സോഷ്യൽ സയൻസസിൽ ‘ഇന്ത്യൻ ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ’ എന്ന വിഷയത്തിൽ സുവർണ ജൂബിലി സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു യെച്ചൂരി. കേന്ദ്രസർക്കാരിന്റെ വികലമായ സാമ്പത്തികനയത്തിന്റെ ഫലമായി രാജ്യത്തിന്റെ ജിഡിപി തുടർച്ചയായി താഴേക്ക്‌ പോകുന്നു. കർഷകർ ആത്മഹത്യ ചെയ്യുന്നു.  കൂടുതൽ വ്യവസായശാലകൾ അടച്ചുപൂട്ടുന്നു. തൊഴിലില്ലായ്മ സമീപകാല ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലാണ്‌. എൻഡിഎ സർക്കാർ കോർപറേറ്റുകൾക്ക്‌ ഇളവുകൾ വാരിക്കോരി കൊടുക്കുന്നു. ഈ പണം അടിസ്ഥാന സൗകര്യ വികസനത്തിന്‌ ഉപയോഗിച്ചിരുന്നെങ്കിൽ രാജ്യത്തിന്‌ സാമ്പത്തിക പുരോഗതി കൈവരുമായിരുന്നു. കൊടിയുടെ നിറം പച്ചയായതുകൊണ്ടുമാത്രം ചില നേതാക്കൾ രാജ്യദ്രോഹികളായി മുദ്രകുത്തപ്പെട്ടു. കേന്ദ്ര സർക്കാരിന്‌ പച്ചയോട്‌ ഇത്ര വിരോധമാണെങ്കിൽ ആദ്യം നിരോധിക്കേണ്ടത്‌ ദേശീയപതാകയാണ്‌.

രാജ്യത്തിന്റെ മൂവർണക്കൊടിക്ക്‌ കാവിയെന്ന ഒറ്റനിറം പകരാനുള്ള ശ്രമമാണ്‌ എൻഡിഎ സർക്കാർ നടത്തുന്നത്‌. അനുച്ഛേദം 370 റദ്ദാക്കിയതിനെ എതിർത്തതിനാലാണ്‌ ബ്രിട്ടീഷ്‌ എംപി ഡെബ്ബി എബ്രഹാംസിന്‌ രാജ്യം സന്ദർശിക്കാൻ അനുവാദം നിഷേധിച്ചതെന്നും യെച്ചൂരി പറഞ്ഞു.

ക്യാമ്പസിലേത്‌ നിസ്സഹകരണസമരം
രാജ്യത്തെ വിവിധ ക്യാമ്പസുകളിൽ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭം 21–-ാം നൂറ്റാണ്ടിലെ നിസ്സഹകരണ സമരമാണെന്ന്‌  സീതാറാം യെച്ചൂരി. രാജ്യത്തിന്റെ ഭരണഘടനയെയും മതനിരപേക്ഷതയെയും തകർക്കാനുള്ള കേന്ദ്രസർക്കാർ ശ്രമത്തിനെതിരെ സമസ്ത വിഭാഗങ്ങളും ഒന്നുചേർന്ന്‌ പോരാടുന്നു. സ്ത്രീകളും കർഷകരും തൊഴിലാളി യൂണിയനുകളും ഉൾപ്പെടെ അണിനിരന്ന ഇത്തരമൊരു പ്രക്ഷോഭം സമീപകാലചരിത്രത്തിൽ ഉണ്ടായിട്ടില്ല.

സൈബർ ഇടത്തുമാത്രം ജീവിക്കുന്നവർ എന്ന്‌ സമൂഹം വിധിയെഴുതിയ യുവാക്കളാണ്‌ ദേശീയപതാകയും ഭരണഘടനയുമേന്തി സമരത്തിന്റെ മുമ്പന്തിയിലുള്ളത്‌.   കോളേജ്‌ റെക്ടർ ഫാ. സണ്ണി കുന്നപ്പള്ളിൽ അധ്യക്ഷനായി. പ്രിൻസിപ്പൽ സജി പി ജേക്കബ്‌, വൈസ്‌ പ്രിൻസിപ്പൽ സാബു പി തോമസ്‌ എന്നിവരും സംസാരിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top