31 March Tuesday

195 കായിക താരങ്ങൾകൂടി സർവീസിൽ ; ഉത്തരവ്‌ നാളെ നൽകും

വെബ് ഡെസ്‌ക്‌Updated: Wednesday Feb 19, 2020

സര്‍ക്കാര്‍ ജോലി ലഭിച്ച കായികതാരം എം ഡി താര പാലക്കാട് ലയണ്‍സ് സ്‍കൂളിലെ മറ്റ് കായിക അധ്യാപകരുമായി ആഹ്ലാദം പങ്കിടുന്നു ഫോട്ടോ: സുമേഷ്‌ കോടിയത്ത്‌


സ്വന്തം ലേഖകൻ
സ്‌പോർട്‌സ്‌ ക്വാട്ട നിയമനത്തിൽ റെക്കോഡുകൾ ഭേദിച്ച്‌ എൽഡിഎഫ്‌ സർക്കാർ. 195 കായിക താരങ്ങൾക്കുകൂടി വ്യാഴാഴ്‌ച നിയമന ഉത്തരവ്‌ നൽകും. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിയമന ഉത്തരവ്‌ കൈമാറും.

ചരിത്രത്തിൽ ആദ്യമായാണ് ഇത്രയധികം പേർക്ക് ഒന്നിച്ച് സ്പോട്സ് ക്വാട്ട നിയമനം. ഇതോടെ എൽഡിഎഫ്‌ സർക്കാർ അധികാരത്തിലെത്തിയശേഷം നിയമനം ലഭിച്ച കായികതാരങ്ങളുടെ എണ്ണം 440 ആകും. മൂന്നര വർഷത്തിനിടെ 245 താരങ്ങൾക്ക്‌ നിയമനം നൽകിയ സ്വന്തം റെക്കോഡാണ്‌ മറികടക്കുന്നത്‌.

2010–-14 കാലയളവിലെ സ്പോർട്സ് ക്വാട്ട നിയമനത്തിന് പ്രസിദ്ധീകരിച്ച റാങ്ക്പട്ടികയിൽനിന്നാണ് നിയമനം. ഒരു വർഷം 50 പേരെ വീതം സ്പോട്സ് ക്വാട്ടയിൽ 250 പേർക്ക് നിയമനം നൽകണം. യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത് ഇത്‌ മുടങ്ങി. ഹോക്കി താരം പി ആർ ശ്രീജേഷിന് പ്രത്യേക പരിഗണനയിൽ നേരത്തെ നിയമനം നൽകിയിരുന്നു. മറ്റൊരു തസ്തികയിലെ നിയമനം ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഒരേതാരം ഒന്നിലധികം വർഷങ്ങളിലെ പട്ടികയിൽ ഇടംനേടിയിട്ടുണ്ട്‌.
ഈ സാഹചര്യത്തിൽ 195 പേർ മാത്രമാണ് അഞ്ചു വർഷത്തെ റാങ്ക് പട്ടികയിലുള്ളത്‌.

സന്തോഷ് ട്രോഫി കിരീടം ചൂടിയ കേരള ടീമിലെ ജോലിയില്ലാതിരുന്ന 11 പേർ പൊതുവിദ്യാഭ്യാസ വകുപ്പിൽ എൽഡി ക്ലർക്ക് സൂപ്പർ ന്യൂമററി തസ്തികയിൽ കഴിഞ്ഞ ദിവസം പ്രവേശിച്ചിരുന്നു. കേരള പൊലീസിലും 58 കായികതാരങ്ങൾക്ക്‌ അടുത്തിടെ നിയമനം നൽകി.


പ്രധാന വാർത്തകൾ
 Top