04 June Thursday

ജമാഅത്തെ ഇസ്ലാമി, എസ്‌ഡിപിഐ സമരം സംഘപരിവാറിനെ സഹായിക്കാൻ: വിജയരാഘവൻ

വെബ് ഡെസ്‌ക്‌Updated: Wednesday Feb 19, 2020


മലപ്പുറം
ജമാഅത്തെ ഇസ്ലാമിയും എസ്‌ഡിപിഐയുമായി ചേർന്ന സമരം സംഘപരിവാറിനെ സഹായിക്കുന്നതെന്ന്‌ എൽഡിഎഫ്‌ കൺവീനർ എ വിജയരാഘവൻ. പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിൽ ഇത്തരം സംഘടനകളുമായി കൂട്ടുചേരുകയാണ്‌ മുസ്ലിംലീഗും യുഡിഎഫും. ഇത്‌ മതനിരപേക്ഷ കക്ഷികൾ നടത്തുന്ന സമരത്തെ ദുർബലപ്പെടുത്തുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു.

  മുസ്ലിംലീഗ്‌ തീവ്രവാദികളുടെ പാർടിയല്ല. രാഷ്‌ട്രീയ പാർടി എന്ന നിലയിൽ പ്രവർത്തിക്കുമ്പോഴും തീവ്ര മതമൗലിക നിലപാടുള്ള സംഘടനകളുമായി ചേർന്ന്‌ പ്രവർത്തിക്കണമെന്ന്‌ നിർബന്ധമുള്ള ഒരുവിഭാഗം ലീഗിലുണ്ട്‌. മുഖ്യമന്ത്രി അത്തരം സംഘടനകളുടെ പേരെടുത്തുതന്നെ കൃത്യമായി പറഞ്ഞതാണ്‌.  സമരരംഗത്തുള്ള എല്ലാ സംഘടനകളും തീവ്രവാദ സംഘടനകളല്ല. എന്നാൽ, മതമൗലിക നിലപാടുള്ള സംഘടനകളെ ആ നിലയിൽത്തന്നെ കാണണം. ബിജെപി സമൂഹത്തെ വർഗീയമായി ഭിന്നിപ്പിക്കാനാണ്‌ എപ്പോഴും ശ്രമിക്കുന്നത്‌. വിശ്വാസികളെ തീവ്രവാദികളായി കാണുന്നത്‌ ശരിയായ നിലപാടല്ല. 

പൊലീസ്‌ ട്രെയിനികൾക്ക്‌ ഏത്‌ ഭക്ഷണം നൽകണമെന്ന്‌ തീരുമാനിക്കേണ്ടത്‌ പരിശീലനം നൽകുന്ന ഡിപ്പാർട്‌മെന്റാണ്‌. പാർടി ഓഫീസിൽനിന്ന്‌ അത്‌ തീരുമാനിക്കുന്ന രീതിയില്ല. പൊലീസ്‌ ട്രെയിനികൾക്ക്‌ ഊർജംനൽകുന്ന ഏത്‌ ഭക്ഷണവും നൽകാം. അതിൽ മാംസാഹാരവും ആകാം. ബീഫ്‌ ഒരു മതാധിഷ്‌ഠിത ഭക്ഷണമല്ല. കഴിക്കാനിഷ്ടമുള്ള ആർക്കും അത്‌ കഴിക്കാം. ബീഫ്‌ നിരോധമുണ്ടായപ്പോൾ അതിനെതിരെ ശക്തമായ നിലപാടെടുത്ത പ്രസ്ഥാനമാണ് എൽഡിഎഫെന്നും അദ്ദേഹം പറഞ്ഞു.


പ്രധാന വാർത്തകൾ
 Top