20 June Thursday

'ഒന്നും കിട്ടില്ലെന്നാണ് കരുതിയത്, പക്ഷേ ഇപ്പോള്‍ എല്ലാം ശരിയായി'; പ്രളയദുരിതത്തിന് വിട നല്‍കി പുതിയ വീട്ടില്‍ പുതിയ സ്വപ്‌ന‌ങ്ങളുമായി സുധിയും കുടുംബവും

വെബ് ഡെസ്‌ക്‌Updated: Tuesday Feb 19, 2019

നെടുമ്പാശ്ശേരി >  'ഒന്നും കിട്ടില്ലെന്നാണ് കരുതിയത്. ഇനിയുള്ള ജീവിതം വാടക വീട്ടില്‍ തീരുമെന്ന് വിചാരിച്ചു. പക്ഷേ ; ഇപ്പോള്‍ ശരിയായി; എല്ലാം ശരിയായി. പുതിയ വീടിന്റെ മുറ്റത്ത് നിന്ന് നിറചിരിയില്‍ കാര്യങ്ങള്‍ പറയുമ്പോള്‍ സുധിക്ക് ആശങ്കകളില്ല. മനസു നിറയെ സന്തോഷം മാത്രം.

വീടിന്റെ അടിത്തറ പ്രളയം ഇളക്കി മാറ്റിയപ്പോള്‍ ഏതൊരു വീട്ടമ്മയെയും അലട്ടിയ ഭീതി തന്നെയായിരുന്നു നെടുമ്പാശേരി കന്നുകര പഞ്ചായത്തിലെ നെറ്റിക്കാട്ടില്‍ വീട്ടില്‍ സുധിയ്ക്കും. നിലവിലെ സാമ്പത്തിക സ്ഥിതി പുതിയ വീടിനെക്കുറിച്ച് സ്വപ്നം കാണാന്‍ പോലും സാധിക്കുന്നതല്ല. വിദ്യാര്‍ത്ഥികളായ മക്കളേയും കൂട്ടി എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിന്ന നാളുകള്‍. വീടിന്റെ മുന്‍വശത്തുകൂടെയാണ് ചാലക്കുടിപ്പുഴയില്‍ നിന്നും അങ്കമാലി- മാഞ്ഞാലി തോട്ടിലേക്കുള്ള ചെറിയ കൈവഴി ഒഴുകുന്നത്. വര്‍ഷകാലത്ത് വെള്ളത്തിന്റെ നിരപ്പ് കൂടുമെന്നതല്ലാതെ ഇതുവരെ തോട് ഭീഷണി ഉയര്‍ത്തിയിട്ടില്ല.

പക്ഷേ എല്ലാ മുന്‍ വിധികളെയും തകിടം മറിച്ചാണ് വെള്ളം ഉയര്‍ന്നുപൊങ്ങി കഴിഞ്ഞ കാലവര്‍ഷം കിടപ്പാടവും കൊണ്ട് പോയത്. വീടിന്റെ ഒരു ഭാഗം മുഴുവനായും ഒലിച്ചുപോയി. അടുക്കള ഇടിഞ്ഞു വീണു. അവിടെ താമസിക്കാന്‍ മാത്രമല്ല വീടിന്റെ ഉള്ളില്‍ കയറാന്‍ പോലും ധൈര്യമില്ലായിരുന്നു. ഭര്‍ത്താവ് ശിവദാസിനും എന്തു ചെയ്യണമെന്ന് നിശ്ചയിക്കാനാകാത്ത അവസ്ഥ. തല്‍കാലത്തേക്ക് കൂട്ടുകാരന്റെ വീട്ടില്‍  വാടകയ്ക്ക് മാറി. പലരും വീട്ടില്‍ വന്ന് ഫോട്ടോയെടുത്തു പോയി. പതുക്കെ വല്ലതും കിട്ടുമെന്ന ധാരണ മാത്രമായിരുന്നു മനസില്‍.ഇതിനിടെ ആശ്വാസമായി സര്‍ക്കാരിന്റെ 10,000 രൂപ ധനസഹായം വന്നു. അവശ്യ സാധനങ്ങളടങ്ങിയ കിറ്റും കിട്ടി. അപ്പോഴും വീടിന്റെ കാര്യം ആശങ്കയിലായിരുന്നു. ഒരു ദിവസം  കുന്നുകര പഞ്ചായത്തിലെ വി .ഇ.ഒ വിമല്‍ രാജ് തകര്‍ന്ന വീട് നോക്കാനെത്തി. പിന്നീട് പെട്ടെന്നൊയിരുന്നു കാര്യങ്ങള്‍ നീങ്ങിയത്. പ്രളയം കഴിഞ്ഞ് 2 മാസം കഴിഞ്ഞപ്പോള്‍ വീടിന്റെ തറക്കല്ലിട്ടു. . തറ കെട്ടി.ആദ്യ ഗഡുവായ 95100 രൂപ ലഭിച്ചു. സൗജന്യമായി ആയിരം കട്ട കിട്ടി. പിന്നീട്  വീട് പണികള്‍ അതിവേഗത്തില്‍ പുരോഗമിച്ചു. മേല്‍ക്കൂരയുടെ കോണ്‍ക്രീറ്റും കഴിഞ്ഞു; ഭിത്തികളുടെ തേപ്പും കഴിഞ്ഞു. മോടി കൂട്ടുന്നതിനുള്ള അവസാന മിനുക്കുപണികള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്.

സര്‍ക്കാര്‍ നല്‍കിയ നാലു ലക്ഷം രൂപ ധനസഹായം വളരെ വലുതാണെന്ന് കാര്‍പെന്ററായ ശിവദാസന്‍ പറയുന്നു. അല്ലെങ്കില്‍ വീടെന്നത് സ്വപ്നമായി അവശേഷിച്ചേനെ. ആദ്യ വീട് ഓടിട്ട തായിരുന്നു. അതിനേക്കാള്‍ അടച്ചുറപ്പുള്ളതും ടെറസിട്ട വീടുമാണ് പുതിയത്. പുതിയ വീടാണ് നല്ലതെന്ന് അഞ്ചില്‍ പഠിക്കുന്ന മകള്‍ ദേവികയും രണ്ടില്‍ പഠിക്കുന്ന മകന്‍ വൈശാഖും പറയുന്നു. എത്രയും പെട്ടെന്ന് പുതിയ വീട്ടിലേക്ക് താമസം മാറ്റാനുള്ള തിരക്കിലാണിവര്‍.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top