14 November Thursday

ഇവിടെ ഒന്നും നടക്കില്ല എന്നല്ല ; എന്തെങ്കിലുമെല്ലാം നടക്കുമെന്ന അവസ്‌ഥയിലേക്ക്‌ നാടിനെ കൊണ്ടുപോകാനായി: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday Feb 19, 2019

തിരുവനന്തപുരം> ഇവിടെ ഒന്നും നടക്കില്ല എന്നല്ല.. എന്തെങ്കിലുമെല്ലാം നടക്കുമെന്ന അവസ്‌ഥയിലേക്ക്‌ 1000 ദിനം കൊണ്ട്‌ നാടിനെ കൊണ്ടുപോകാനായിയെന്ന്‌  മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എൽഡിഎഫ്‌ സർക്കാർ അധികാരമേറ്റ്‌ 1000 ദിവസമായതിന്റെ  ഭാഗമായി നടത്തുന്ന വികസന പ്രവർത്തനങ്ങളെ കുറിച്ചും നേട്ടങ്ങളെകുറിച്ചും സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ‘‘ഓ.. ഈ നാട്ടിൽ ഒന്നും നടക്കില്ല എന്ന തോന്നലായിരുന്നു ഇവിടെ ഉണ്ടായിരുന്നത്‌. അതുമാറി ഇവിടെ ചിലതെല്ലാം നടക്കും എന്ന ധാരണ ഉണ്ടായിട്ടുണ്ട്‌. അതാണ്‌ പ്രധാനം’’ മുഖ്യമന്ത്രി പറഞ്ഞു.

ആയിരം ദിനം ആഘോഷത്തിന്റെ ഭാഗമായി 20മുതൽ 27 വരെ വിവിധ പദ്ധതികൾ നാടിന്‌ സമർപ്പിക്കും. 20ന്‌ കോഴിക്കോട്‌ നടക്കുന്ന ഉദ്‌ഘാടനം 27ന്‌ തിരുവനന്തപുരത്ത്‌ സമാപിക്കും.

ഗെയിൽ പൈപ്പ്‌ ലൈൻ, കൂടംകുളം പദ്ധതി, തീരദേശ മലയോര ഹൈവേകൾ,  ദേശീയ ജലപാത എന്നീവ വലിയ നേട്ടങ്ങളാണ്‌. ദേശീയ ജലപാതയുടെ ആദ്യഘട്ടം 2020ൽ പൂർത്തിയാകും.

ഈ നാട്‌ നിക്ഷേപത്തിന് പറ്റിയതല്ല  എന്ന ധാരണ പൊതുവിൽ ഉണ്ടായിരുന്നു. ഈ അന്തരീക്ഷത്തിന്‌ മാറ്റം വന്നിട്ടുണ്ട്‌. അതിനാവശ്യമായ നിയമഭേദഗതികളും സർക്കാർ കൊണ്ടുവന്നിട്ടുണ്ട്‌.നിക്ഷേപ സൗഹൃദമായി മാറിയിട്ടുണ്ട്‌. നിക്ഷേപകർ പറയുന്ന മറ്റൊരുകാര്യം  ഹർത്താലാണ്‌ . അത്‌ സംബന്ധിച്ച്‌ അടുത്തുതന്നെ യോഗം വിളിക്കുന്നുണ്ട്‌.

നിക്ഷേപസൗഹൃദമാകാൻ  കഴിഞ്ഞതിന്റെ ഭാഗമായി നിസാൻ, ടെക്‌ മഹീന്ദ്ര തുടങ്ങിയ വൻകിട സ്‌ഥാപനങ്ങൾ കേരളത്തിൽ നിക്ഷേപത്തിന്‌ സന്നദ്ധരായിട്ടുണ്ട്‌.  ടൂറിസം മേഖലയെ ഹർത്താലിൽനിന്ന്‌ ഒഴിവാക്കിയത്‌ ഇതിനകം ഗുണകരമായിട്ടുണ്ട്‌.കൂടാതെ പൂർണമായി  വൈദ്യുതീകരിച്ച സംസ്‌ഥാനമായി കേരളം മാറി

പൊതുമേഖലാ സ്‌ഥാപനങ്ങൾ സംരക്ഷിക്കുന്ന  നിലപാടാണ്‌ സ്വീകരിച്ചിട്ടുള്ളത്‌.പൂട്ടാൻ തീരുമാനിച്ച പല പൊതുമേഖലാ സ്‌ഥാപനങ്ങളും ഇപ്പോൾ ലാഭത്തിലാണ്‌.

സ്വകാര്യ സ്വത്തുക്കൾ നശിപ്പിക്കുന്നത്‌ ഗൗരവമായ പ്രശ്‌നമായിരുന്നു. സ്വകാര്യ സ്വത്ത്‌ നശിപ്പിക്കൽ തടയുന്ന ഓർഡിനൻസ്‌ കൊണ്ടുവരാനായത്‌ നേട്ടമാണ്‌.പെട്രോ കെമിക്കൽ മേഖലയിൽ നിക്ഷേപം വർദ്ധിപ്പിക്കാൻ സാഹചര്യമൊരുങ്ങിയിട്ടുണ്ട്‌.

ഐടി പാർക്കുകളിൽ 45 ലക്ഷം ചതുരശ്ര അടി പുതിയ സ്‌ഥലം നിർമ്മിക്കാൻ കഴിഞ്ഞിട്ടുണ്ട്‌. രാജ്യത്തെതന്നെ പ്രമുഖമായ സ്‌ഥാനത്ത്‌ സ്‌റ്റാർട്ടപ്പുകൾക്ക്‌ എത്താൻ കഴിഞ്ഞിട്ടുണ്ട്‌. 2018ലെ റാങ്കിങ്ങിൽ കേരളമാണ്‌ സ്‌റ്റാർട്ടപ്പിൽ പ്രധാന പെർഫോർമർ.

41321 കോടി രൂപയുടെ പദ്ധതികൾക്ക്‌ ഇതിനകം  കിഫ്‌ബിയിലൂടെ അനുമതിയായി. കേരള ബാങ്ക്‌  സഹകരണ മേഖലയ്‌ക്ക്‌ കുതിപ്പാകും.  റിസർവ്‌ ബാങ്ക്‌  അനുമതി ലഭിച്ചാൽ  പ്രവാസി നിഷേപം സ്വീകരിക്കാനും മറ്റിടപാടുകൾ നടത്താനും കേരള ബാങ്കിനാകും.

സർവ്വതല സ്‌പർശിയായ സമഗ്ര വികസനമാണ്‌ സർക്കാർ ലക്ഷ്യം. കാർഷിക മേഖലയിൽ നെല്ലുൽപാദനത്തിൽ നേട്ടമുണ്ടാക്കാനായി. പാൽ, മുട്ട പച്ചക്കറി എന്നിവയിലും സ്വയപര്യാപ്‌തത കൈവരിക്കാൻ അധികം വൈകാതെ സംസ്‌ഥാനത്തിനാകും.

മലബാർ കാപ്പി പേരിൽ കാപ്പി ബ്രാൻഡ്‌ ചെയ്യാൻ ശ്രമമുണ്ട്‌. അതുപോലെ തേയിലയും.  സിയാൽ മാതൃകയിൽ ഒരു റബർ ഫാക്‌ടറിആണ്‌ ലക്ഷ്യം. റബർബാൻറ്‌ മുതൽ ടയർ വരെ അവിടെ നിർമ്മിക്കാനാകണം.

1000 ദിവസത്തിന്റെ പ്രത്യേകത പരമാവധി പേർക്ക്‌ പട്ടയം കൊടുക്കാനായതാണ്‌.  കയർ,  കശുവണ്ടി, കൈത്തറി, മൽസ്യത്തൊഴിലാളി മേഖലകളിലും വിവിധ പദ്ധതികൾ കൊണ്ടുവരാനായി. പട്ടികജാതി‐ പട്ടിക വർഗ ജനവിഭാഗത്തിന്റെ ഉന്നമനത്തിനും ട്രാൻസ്‌ജൻഡൻ വിഭാഗങ്ങൾക്കും പ്രത്യേക പദ്ധതികൾ. തീരദേശ മേഖലയുടെ ഉന്നമനം , ലൈഫ്‌ ഭവനനിർമ്മാണ പദ്ധതി എന്നിവയെല്ലാം മുന്നോട്ടുപോകുന്നു.

ലോകമെങ്ങുമുള്ള മലയാളികൾക്ക്‌ സംവാദത്തിന്‌ ഇടം നൽകുന്ന ഒന്നാണ്‌ ലോകകേരള സഭ. സാങ്കേതിക മികവുള്ള പ്രവാസിമലയാളികളെ  പല പദ്ധതികളിലും  സഹകരിപ്പിക്കാനുമായി.

42 ലക്ഷംപേരാണ്‌ സംസ്‌ഥാനത്ത്‌  ക്ഷേമപെൻഷൻ വാങ്ങുന്നത്‌. അതിൽ പത്ത്‌ലക്ഷം പേർ  ഈ സർക്കാരിന്റെ  പെൻഷൻ വാങ്ങാൻ കാലത്ത്‌ വാങ്ങാൻ തുടങ്ങി. സർക്കാർ അധികാരമേൽക്കുമ്പോൾ 600 രൂപയായിരുന്ന പെൻഷൻ ഇപ്പോൾ 1200 ആയിവർദ്ധിപ്പിച്ചു.

പൊതു വിദ്യാലയങ്ങളിൽനിന്ന്‌ കൊഴിഞ്ഞുപോക്ക്‌ കുറയുകയും കൂടുതൽ വിദയാർത്ഥികൾ അവിടങ്ങളിൽ ചേരുകയും ചെയ്‌തു. ആരോഗ്യമേഖലയിലും വലിയമുന്നേറ്റമാണ്‌ നേടാനായത്‌. പ്രാഥമീക ആരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകൾ വരെ മികച്ചരീതിയിൽ മാറ്റിയെടുക്കാൻ കഴിഞ്ഞു. സമസ്‌തമേഖലയിലും ആയിരം ദിനങ്ങൾക്കുള്ളിൽ മെച്ചപ്പെട്ട പ്രകടനം കാഴചവെയ്‌ക്കാനായതിന്റെ ആത്‌മവിശ്വാസമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top