27 September Sunday
കശ്‌മിരിലെ ക്യാമ്പുകൾ: കേന്ദ്രം വ്യക്തത വരുത്തണം

കേരളത്തോടുള്ള വിവേചനം അവസാനിപ്പിക്കണം ; തടങ്കൽകേന്ദ്രങ്ങൾ പൊളിച്ചുനീക്കണം ; കശ്‌മീരിന്റെ സംസ്ഥാനപദവി പുനഃസ്ഥാപിക്കണം :സിപിഐ എം കേന്ദ്രകമ്മിറ്റി യോഗം

വെബ് ഡെസ്‌ക്‌Updated: Monday Jan 20, 2020

വാർത്താസമ്മേളനത്തിൽ സിപിഐ എം കേന്ദ്രകമ്മിറ്റി തീരുമാനങ്ങൾ വിശദീകരിക്കുന്ന ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കേന്ദ്ര കമ്മിറ്റി അംഗം എം വി ഗോവിന്ദൻ സമീപം


കേരളത്തോടുള്ള കേന്ദ്രസർക്കാരിന്റെ വിവേചനം അവസാനിപ്പിക്കണമെന്ന്‌ സിപിഐ എം കേന്ദ്രകമ്മിറ്റി യോഗം ആവശ്യപ്പെട്ടു. മഹാപ്രളയത്തെ നേരിട്ട സംസ്ഥാനത്തിന്‌ പ്രകൃതിക്ഷോഭ ദുരിതാശ്വാസ ഫണ്ടിൽനിന്ന്‌ ആവശ്യമായ തുക അനുവദിക്കണം. വിവിധ മേഖലകളിൽ ലഭിക്കാനുള്ള തുക ഉടൻ നൽകണമെന്നും കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു.

2019–-20ൽ 24,915 കോടി രൂപയുടെ പൊതുവായ്‌പയ്‌ക്ക്‌ കേരളത്തിന്‌ അർഹതയുണ്ട്‌. ഇത്‌ ഏകപക്ഷീയമായി 16,602 കോടി രൂപയായി വെട്ടിക്കുറച്ചു. ജിഎസ്‌ടി നഷ്ടപരിഹാരമായി ഡിസംബറിൽ നൽകേണ്ട 1600 കോടിരൂപ നൽകിയിട്ടില്ല. തൊഴിലുറപ്പുപദ്ധതിക്ക്‌ 1215 കോടിരൂപയും നെല്ല്‌ സംഭരണത്തിന്‌ 1035 കോടിരൂപയും കുടിശ്ശിക നൽകാനുണ്ട്‌. പ്രകൃതിദുരന്ത ദുരിതാശ്വാസംപോലും നിഷേധിക്കുന്ന സ്ഥിതിയാണെന്ന്‌ കേന്ദ്രകമ്മിറ്റി ചൂണ്ടിക്കാട്ടി.

തടങ്കൽകേന്ദ്രങ്ങൾ പൊളിച്ചുനീക്കണം
രാജ്യത്ത്‌ നിലവിലുള്ള തടങ്കൽകേന്ദ്രങ്ങൾ ഉടൻ പൊളിച്ചുനീക്കണമെന്നും പുതിയവ നിർമിക്കരുതെന്നും സിപിഐ എം കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു. ഇത്തരം കേന്ദ്രങ്ങൾ ആരംഭിക്കാൻ സംസ്ഥാനങ്ങൾക്ക്‌ നൽകിയ നിർദേശം കേന്ദ്രം പിൻവലിക്കണം.  നിർദേശം സംസ്ഥാനങ്ങൾ അനുസരിക്കരുത്‌. അസമിൽ നിലവിലുള്ള തടങ്കൽകേന്ദ്രങ്ങളിൽ കഴിയുന്നവരെ സാധാരണജീവിതം നയിക്കാൻ അനുവദിക്കണമെന്നും സിപിഐ എം ആവശ്യപ്പെട്ടു.

ജമ്മു കശ്‌മീരിന്റെ സംസ്ഥാനപദവി പുനഃസ്ഥാപിക്കണം
ജമ്മു കശ്‌മീരിന്റെ സംസ്ഥാനപദവി പുനഃസ്ഥാപിക്കണമെന്നും തടവിലാക്കപ്പെട്ട രാഷ്‌ട്രീയനേതാക്കളെ ഉടൻ വിടണമെന്നും സിപിഐ എം കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു. ഇന്ത്യയുടെ ഭാഗമാകുന്ന സമയത്ത്‌ കശ്മീർ ജനതയ്‌ക്ക്‌ നൽകിയ ഉറപ്പ്‌ പാലിക്കണം. മൂന്ന്‌ മുൻ മുഖ്യമന്ത്രിമാരടക്കം ആയിരങ്ങളെ തടവിലാക്കിയിട്ട്‌ നാല്‌ മാസം പിന്നിട്ടു. കശ്‌മീരിൽ പൗരസ്വാതന്ത്ര്യവും ജനാധിപത്യ അവകാശങ്ങളും പുനഃസ്ഥാപിക്കണം. ഗതാഗത, വാർത്താവിനിമയ രംഗത്ത്‌ നിയന്ത്രണം തുടരുകയാണ്‌. ജമ്മു കശ്‌മീരിന്റെ സമ്പദ്‌വ്യവസ്ഥയെയും ജനജീവിതത്തെയും ഇത്‌ കാര്യമായി ബാധിച്ചു. കർഷകർക്കും തൊഴിലാളികൾക്കും മതിയായ നഷ്ടപരിഹാരം നൽകണമെന്നും  യെച്ചൂരി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

കശ്‌മിരിലെ  ക്യാമ്പുകൾ: കേന്ദ്രം വ്യക്തത വരുത്തണം
കുട്ടികൾ ഉൾപ്പെടെയുള്ളവർക്കായി ‘തീവ്രവാദവിരുദ്ധ’ ക്യാമ്പുകൾ സ്ഥാപിക്കണമെന്ന സൈനികമേധാവി ജനറൽ ബിപിൻ റാവത്തിന്റെ പ്രസ്താവന അംഗീകരിക്കാനാകില്ലെന്ന്‌ സിപിഐ എം കേന്ദ്രകമ്മിറ്റി വ്യക്തമാക്കി. കശ്‌മീരിൽ ഇത്തരം ക്യാമ്പുകൾ പ്രവർത്തിക്കുന്നുവെന്ന വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണ്‌. സൈന്യമാണ്‌ ക്യാമ്പുകൾ നടത്തുന്നതെന്നാണ്‌ ജനറൽ റാവത്തിന്റെ വാക്കുകളിൽനിന്ന്‌ മനസ്സിലാകുന്നത്‌. ഇത്‌ സത്യമാണോ എന്ന്‌ മോഡി സർക്കാർ ഉടൻ വ്യക്തമാക്കണം. നിയമവിരുദ്ധവും മനുഷ്യാവകാശ ലംഘനവുമാണ്‌ ഇത്തരം ക്യാമ്പുകളെന്നും കേന്ദ്രകമ്മിറ്റി അഭിപ്രായപ്പെട്ടു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top