29 February Saturday

സംഘപരിവാർ പൊതുയോഗം: കടകളടച്ച് വ്യാപാരികൾ പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jan 19, 2020

പറളി > പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് സംഘപരിവാർ സംഘടനകൾ നടത്തിയ പൊതുയോഗത്തിനെതിരെ വ്യാപാരികൾ കടകളടച്ച് പ്രതിഷേധിച്ചു.  പാലക്കാട്‌ പറളി ചെക്‌പോസ്റ്റിലും കൊല്ലം ചാവറ തേവലക്കര ചേനങ്കര ജങ്‌ഷനിലുമാണ്‌ വ്യാപാരികളുടെ  പ്രതിഷേധം.

‘ദേശിയ പൗരത്വ നിയമം ദേശരക്ഷയ്ക്ക്' എന്നപേരിൽ സംഘപരിവാർ അനുകൂല സംഘടനകൾ സംയുക്തമായാണ് ജനജാഗരണ സദസ്സെന്ന പേരിൽ പറളിയിൽ യോ​ഗം  നടത്തിയത്. ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയാണ് പങ്കെടുത്തത്.  പരിപാടി തുടങ്ങുന്നതിനു  രണ്ടുമണിക്കൂർ മുന്നേ  കടകളടച്ചു. ജനങ്ങളെ ഭിന്നിപ്പിക്കുന്ന ബിജെപി സർക്കാരിന്റെ  പൗരത്വ ഭേദ​ഗതി നിയമത്തെ അനുകൂലിക്കുന്നവരെ ബഹിഷ്കരിക്കണമെന്ന് വ്യാപാരികൾ പറഞ്ഞു. വീടുകൾ കയറിയുള്ള ക്യാമ്പയിനിനും   പ്രതിഷേധമുണ്ട്.   ജനജാഗരണ സദസ്സും ശുഷ്കമായി.

പൗരത്വ ഭേദഗതി നിയമം ന്യായീകരിക്കാൻ ബിജെപി തേവലക്കരയിൽ സംഘടിപ്പിച്ച യോഗത്തിനുമുമ്പ്‌ കൂട്ടത്തോടെ കടകളടച്ചു. ശനിയാഴ്‌ച വൈകിട്ട്  ആറിന്‌ തേവലക്കര ചേനങ്കര ജങ്‌ഷനിലായിരുന്നു ജനജാഗ്രതാ സദസ്സ് എന്ന പേരിൽ വിശദീകരണ യോഗം നടന്നത്. പകൽ മൂന്നിനുതന്നെ ചേനങ്കര ജങ്‌ഷനിലെയും പരിസര പ്രദേശത്തെയും വ്യാപാരികൾ ആരും ആവശ്യപ്പെടാതെതന്നെ കടകൾ അടച്ചു.

എല്ലാ വിഭാഗം വ്യാപാരികളും സമത്വത്തോടെ കഴിയുന്ന തേവലക്കരയിൽ മനുഷ്യനെ മതാടിസഥാനത്തിൽ വേർപെടുത്തുന്ന പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിക്കുന്നതിൽ പ്രതിഷേധിച്ചാണ്‌ കട അടച്ചതെന്ന് വ്യാപാരികൾ പറഞ്ഞു. പ്രതിഷേധം ഹർത്താലിനു തുല്യമായി മാറിയപ്പോൾ യോഗസ്ഥലത്ത് ആളില്ലാതെ സംഘപരിവാർ വെട്ടിലായി. കരുനാഗപ്പള്ളി എസിപിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘമാണ് സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നത്‌. സമീപത്തെ മുസ്ലിം ആരാധനാലയങ്ങൾക്ക് പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. കോഴിക്കോട്‌ കുറ്റ്യാടിയിലും തിരൂരിലും പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിച്ച്‌ സംഘപരിവാർ യോഗം നടത്തിയപ്പോൾ വ്യാപാരികൾ പ്രതിഷേധ സൂചകമായി കടകൾ അടച്ചിരുന്നു. 


പ്രധാന വാർത്തകൾ
 Top