21 February Thursday

വൈദികരും സന്ന്യസ്തരും സമരത്തിനിറങ്ങുന്നത‌് അച്ചടക്കലംഘനം: സിനഡ‌്

സ്വന്തം ലേഖികUpdated: Saturday Jan 19, 2019


കൊച്ചി
വൈദികരും സന്ന്യസ്തരും പൊതുസമരങ്ങൾക്കും വ്യവഹാരങ്ങൾക്കും ഇറങ്ങിപ്പുറപ്പെടുന്നത‌്  അച്ചടക്കലംഘനമായി പരിഗണിക്കുമെന്ന‌് സിറോ മലബാർ സഭയുടെ സിനഡ‌് പ്രഖ്യാപനം. ഇവർ കാനോനിക നിയമങ്ങൾ പാലിക്കാൻ കടപ്പെട്ടവരാണെന്നും ഇക്കാര്യത്തിൽ വരുത്തുന്ന വീഴ്ച അച്ചടക്കലംഘനമായി കണക്കാക്കുമെന്നും വെള്ളിയാഴ‌്ച കൊച്ചിയിൽ സമാപിച്ച സിനഡ‌് പ്രഖ്യാപിച്ചു.  കാക്കനാട് മൗണ്ട് സെന്റ് തോമസിലുള്ള മേജർ ആർച്ച്ബിഷപ്പിന്റെ കാര്യാലയത്തിൽ നടന്ന സിനഡിന്റെ പ്രഖ്യാപനം സംബനധിച്ച സർക്കുലർ 20ന‌് പള്ളികളിൽ കുർബാനയ‌്ക്കിടെ വായിക്കും.

അച്ചടക്കലംഘനം നടത്തുന്നവർക്ക് കാരണംകാണിക്കൽ നോട്ടീസ് നൽകാനും വിശദീകരണം തൃപ്തികരമല്ലെങ്കിൽ ശിക്ഷണനടപടി  സ്വീകരിക്കാനും സിനഡ്
രൂപതാധ്യക്ഷന്മാർക്കും സന്ന്യാസസമൂഹാധികാരികൾക്കും നിർദേശം നൽകി. അച്ചടക്കനടപടികളെ സഭാവിരുദ്ധഗ്രൂപ്പുകളുടെയും മാധ്യമങ്ങളുടെയും പിന്തുണയോടെ പ്രതിരോധിക്കാൻ സമീപകാല പ്രവണതയുണ്ട‌്. ഇത‌്  അംഗീകരിക്കാനാവില്ല. സഭയെയും അധ്യക്ഷന്മാരെയും വൈദിക സമർപ്പിതജീവിതത്തെയും കൂദാശകളെയും അധിക്ഷേപിക്കാൻ ഓൺലൈൻ പത്രങ്ങൾ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ വ്യാജവാർത്തകൾ ഉണ്ടാക്കുന്നു. ഇത്തരക്കാർക്കും സഭാവിരുദ്ധ സംഘടനകൾക്കുമെതിരെ നിയമനടപടി സ്വീകരിക്കും. സഭ നിയോഗിക്കുന്ന ഔദ്യോഗിക വക്താക്കളോ മീഡിയ കമീഷനോ തരുന്ന വാർത്തകൾ മാത്രമാണ‌് സഭയുടെ ഔദ്യോഗിക നിലപാട‌്.  ചാനൽചർച്ചകളിലും അഭിമുഖങ്ങളിലും വൈദികരും സന്ന്യസ്തരും രൂപതാധ്യക്ഷന്റെയോ മേജർ സുപ്പീരിയറുടെയോ അനുമതിയോടെ മാത്രമേ സംസാരിക്കാവൂ. 

സഭയുടെയും സഭാതലവന്റെയും പേരിൽ സംസാരിക്കാനും മാധ്യമങ്ങളിൽ അവരുടെ ഔദ്യോഗിക വക്താക്കളാകാനും സഭ ചിലരെ നിയോഗിച്ചിട്ടുണ്ട‌്. അതല്ലാതെ ചാനൽചർച്ചകളിൽ സ്വന്തം നിലയിൽ പങ്കെടുക്കുന്ന വ്യക്തികളെ സഭയുടെ പ്രതിനിധികളായി തെറ്റിദ്ധരിപ്പിക്കുന്നത‌് പ്രതിഷേധാർഹമാണ്.മാധ്യമസംബന്ധമായ കാര്യങ്ങൾ ഏകീകരിച്ചു നടപ്പാക്കാൻ സിനഡ് ഒരു മീഡിയ കമീഷനെയും നിയമിച്ചിട്ടുണ്ട്. ആശയത്തിന്റെയോ  വ്യക്തിയുടെയോ പേരിൽ വിഭാഗീയത സൃഷ്ടിക്കുകയും ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്യുന്നത‌് ഗുരുതരമായ അച്ചടക്കലംഘനമായി കരുതി കർശനനടപടി സ്വീകരിക്കും. സഭാ വസ്തുവകകളും സ്ഥാപനങ്ങളും സർക്കാരിനെ ഏൽപ്പിക്കണമെന്നു വാദിക്കുന്ന സംഘടനകളുമായി സഭാവിശ്വാസികൾ സഹകരിക്കരുത‌്. ചില വ്യക്തികൾ സ്വന്തം നിലയിൽ നടത്തുന്ന സംഘടനകളും പ്രസ്ഥാനങ്ങളും സഭാവിരുദ്ധ പ്രവർത്തനമാണ‌് നടത്തുന്നതെന്ന‌് ബോധ്യപ്പെട്ടാൽ വിശ്വാസികൾ  അതിനെതിരെ ജാഗ്രത പുലർത്തണം. സഭയുടെ കെട്ടുറപ്പിനുവേണ്ടി അച്ചടക്കം നിലനിർത്താൻ സിനഡ് എടുത്ത തീരുമാനങ്ങൾ  തുറന്നമനസ്സോടെ സ്വീകരിച്ച് നടപ്പാക്കണമെന്നും കർദിനാൾ മാർ ജോർജ‌് ആലഞ്ചേരിയുടെ അധ്യക്ഷതയിൽ ചേർന്ന സിനഡ‌് ആവശ്യപ്പെട്ടു.

അങ്കമാലി–-എറണാകുളം അതിരൂപതയിലെ ഭൂമിവിൽപ്പനയുമായി ബന്ധപ്പെട്ട വിഷയം റോമിലെ പൗരസ്ത്യ സഭകൾക്കുള്ള കാര്യാലയത്തിലാണ് അപ്പസ്തോലിക അഡ്മിനിസ്ട്രേറ്റർ ജേക്കബ്‌ മനന്തോടത്ത‌് സമർപ്പിക്കേണ്ടത്. അവിടെനിന്നു ലഭിക്കുന്ന നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ പ്രശ്നം പൂർണമായുംപരിഹരിക്കാനാവുമെന്ന‌് പ്രതീക്ഷിക്കുന്നു. ഈ വിഷയത്തിൽ പരസ്യ പ്രസ്താവനകളിൽനിന്ന് എല്ലാവരും വിട്ടുനിൽക്കണം. സാമൂഹ്യമാധ്യമങ്ങളിലൂടെ ദുഷ‌്‌പ്രചാരണം നടത്തുന്നവർക്കെതിരെ ജാഗ്രത പാലിക്കണമെന്നും സിനഡ് നിർദേശിച്ചു. സഭയിലെ ബഹുഭൂരിപക്ഷം വൈദികരും സന്ന്യസ്തരും അച്ചടക്കത്തോടെ വ്രതങ്ങൾ പാലിച്ച് ജീവിക്കുന്നവരാണ‌്. എന്നാൽ, സമകാലിക സംഭവങ്ങളുമായി ബന്ധപ്പെട്ട് സഭയിൽ ചില അച്ചടക്കരാഹിത്യങ്ങൾ ഉണ്ടായി. സമീപകാലത്ത് ഏതാനും വൈദികരും സന്ന്യസ്തരും ഉൾപ്പെട്ട പരസ്യ പ്രതിഷേധങ്ങളും സമരങ്ങളും അച്ചടക്കത്തിന്റെ സകല സീമകളും ലംഘിച്ചു. ഇവർ സഭാവിരുദ്ധ ഗ്രൂപ്പുകളുടെ കൈകളിലെ പാവകളായോ സജീവ സഹകാരികളായോ മാറി. അത‌് പരിഹരിക്കണമെന്നും സിനഡ് വിലയിരുത്തി.


പ്രധാന വാർത്തകൾ
 Top