14 December Saturday

ഹൈക്കമാൻഡ്‌ തീരുമാനത്തിൽ തട്ടി കെപിസിസി; ഭാരവാഹിപ്പട്ടിക അനിശ്ചിതത്വത്തിൽ

വെബ് ഡെസ്‌ക്‌Updated: Monday Nov 18, 2019

തിരുവനന്തപുരം > അമ്പത്‌ വയസ്സിന്‌ താഴയുള്ളവർക്ക്‌ മതിയായ പ്രാതിനിധ്യം നൽകണമെന്ന ഹൈക്കമാൻഡ്‌ തീരുമാനത്തിൽ തട്ടി കെപിസിസി ഭാരവാഹിപ്പട്ടിക അനിശ്ചിതത്വത്തിൽ. ഒരാഴ്‌ചമുമ്പ്‌ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ 126 പേരുടെ ജംബോ പട്ടികയുമായി ഡൽഹിയിലെത്തിയിരുന്നു. തൊട്ടടുത്ത ദിവസംതന്നെ പട്ടിക പുറത്തിറങ്ങുമെന്നായിരുന്നു കോൺഗ്രസ്‌ നേതൃത്വം പ്രചരിപ്പിച്ചത്‌.

അതിനിടെ യുവജനങ്ങൾക്ക്‌ മതിയായ  പ്രാതിനിധ്യം ആവശ്യപ്പെട്ട് ചില യൂത്ത് കോൺഗ്രസ് നേതാക്കൾ ഹൈക്കമാൻഡിനെ സമീപിച്ചിരുന്നു. എ–-ഐ ഗ്രൂപ്പുകളുടെ വീതംവയ്‌പിൽ രൂപംകൊണ്ട പട്ടികയിൽ ബഹുഭൂരിപക്ഷവും അറുപതും എഴുപതും വയസ്സ്‌ പിന്നിട്ടവരാണെന്നാണ്‌ ആക്ഷേപം. അമ്പതിൽ താഴെയുള്ളവർ വിരലിലെണ്ണാവുന്നവർമാത്രം. ഗ്രൂപ്പുകൾക്കുപുറമെ മുതിർന്ന നേതാക്കളായ കെ മുരളീധരൻ, വി എം സുധീരൻ തുടങ്ങിയവരും സ്വന്തം നിലയിൽ പട്ടിക ഹൈക്കമാൻഡിന്‌ സമർപ്പിച്ചിരുന്നു.  

വീതംവയ്‌പിന്റെ ഭാഗമായി വർക്കിങ് പ്രസിഡന്റുമാരുടെ എണ്ണം നാലാക്കാൻ ധാരണയായിട്ടുണ്ട്‌. നിലവിലുള്ള കൊടിക്കുന്നിൽ സുരേഷ്, കെ സുധാകരൻ എന്നിവർക്കുപുറമെ ഐ ഗ്രൂപ്പ് വി ഡി സതീശന്റെയും എ ഗ്രൂപ്പ് തമ്പാനൂർ രവിയുടെയും പേരാണ്‌ നിർദേശിച്ചിരിക്കുന്നത്‌. 12 വൈസ് പ്രസിഡന്റുമാർ, 35 ജനറൽ സെക്രട്ടറിമാർ, 60 സെക്രട്ടറിമാർ എന്നിങ്ങനെയാണ് മറ്റ്‌ ഭാരവാഹികളുടെ എണ്ണം പരിഗണിക്കുന്നത്‌. ജംബോ പട്ടികയെന്ന ആക്ഷേപം ഒഴിവാക്കാൻ സെക്രട്ടറിമാരുടെ പ്രഖ്യാപനം പിന്നീടാക്കാനാണ്‌ ആലോചന.

അതേസമയം, ഭാരവാഹിപ്പട്ടികയുടെപേരിൽ കെപിസിസി പ്രസിഡന്റിന്‌ കോടതിയിൽ ഹാജരാകാൻ നോട്ടീസ്‌ ലഭിച്ചതും പ്രഖ്യാപനം വൈകാൻ കാരണമായെന്നാണ്‌ കോൺഗ്രസ്‌ നേതാക്കൾ പറയുന്നത്‌. കെപിസിസി എക്‌സിക്യൂട്ടീവ്‌ അംഗങ്ങൾ അല്ലാത്തവരെ ഭാരവാഹികളാക്കിയെന്ന്‌ ആരോപിച്ചാണ്‌ ഹർജി.


പ്രധാന വാർത്തകൾ
 Top