28 September Monday

ശബരിമല: തീർഥാടകർക്ക‌് സുഗമ ദർശനം

സ്വന്തം ലേഖകൻUpdated: Monday Nov 18, 2019

ശബരിമല > വ്രതശുദ്ധിയുടെയും ശരണമന്ത്രങ്ങളുടെയും ഒരു ശബരിമല തീർഥാടനകാലത്തിന‌് കൂടി തുടക്കം കുറിച്ചപ്പോൾ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ഒരുക്കിയിരിക്കുന്നത‌്  പഴുതടച്ച സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും. 6500 പേർക്ക‌് വിരിവയ‌്ക്കാനുളള സൗകര്യമാണ‌് സന്നിധാനത്ത‌് ഒരുക്കിയിരിക്കുന്നത‌്.  40 കൗണ്ടറുകളിലായി ഔഷധ ചുക്കുവെള്ള വിതരണവും ആരംഭിച്ചിട്ടുണ്ട‌്. കുടിവെള്ള വിതരണത്തിനായി 306 വാട്ടർടാപ്പുകൾ സ്ഥാപിച്ചു. 1161 ശൗചാലയങ്ങളാണ‌്  സന്നിധാനത്ത‌് സജ്ജീകരിച്ചിട്ടുള്ളത‌്, 160 കുളിമുറികൾ, 150 മൂത്രപ്പുരകൾ മുതലായവ പ്രവർത്തനം ആരംഭിച്ചു. അടിയന്തര വൈദ്യസഹായ കേന്ദ്രം അഞ്ച് സ്ഥലങ്ങളിലുണ്ട്‌. 2.05 കോടി ലിറ്റർ സംഭരണശേഷിയുള്ള ജലസംഭരണികൾ സജ്ജമാക്കി. തീർഥാടകർക്ക‌് മൂന്നുനേരം അന്നദാനവും ആരംഭിച്ചിട്ടുണ്ട‌്. 33,000 പേർക്കാണ‌് ദേവസ്വം ബോർഡ‌് പ്രതിദിനം അന്നദാനം ഒരുക്കുന്നത‌്. കൂടുതൽ പേർ എത്തിയാൽ അതിന് അനുസരിച്ച് ഭക്ഷണം തയ്യാറാക്കി നൽകും. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ ആവശ്യത്തിന് കുടിവെള്ളം ലഭ്യമാക്കാൻ സംവിധാനം ഒരുക്കി.
ആരോഗ്യ വകുപ്പിന്റെ എമർജൻസി മെഡിക്കൽ സെന്ററുകൾ വരുംദിവസം പൂർണതോതിലാകും. സന്നിധാനത്ത് കുടിവെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിന് മലിനീകരണ നിയന്ത്രണ ബോർഡ് ലാബ് ആരംഭിക്കും. പൊതുമരാമത്ത് നിരത്ത് വിഭാഗം 99 ശതമാനം പണികളും പൂർത്തീകരിച്ചു കഴിഞ്ഞു. അവശേഷിക്കുന്നവ നാലു ദിവസത്തിനകം പൂർത്തിയാക്കും. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ ശുചീകരണത്തിനായി  900 വിശുദ്ധി സേനാംഗങ്ങളെ  നിയമിച്ചിട്ടുണ്ട‌്. പരമ്പരാഗത പാതയിൽ കാർഡിയോളജി സെന്ററുകൾ, ഓക്‌സിജൻ പാർലറുകൾ, എന്നിവ  പ്രവർത്തനമാരംഭിച്ചു  സന്നിധാനത്ത് ഓഫ് റോഡ് ആംബുലൻസ് സൗകര്യം സജ്ജീകരിച്ചിട്ടുണ്ട‌്.

ശബരിമലയിലും പരിസരപ്രദേശത്തും 10,017 പൊലീസ് ഉദ്യോഗസ്ഥരെയാണ‌് സുരക്ഷയ്ക്കായി നിയോഗിക്കുക. അഞ്ച് ഘട്ടങ്ങളിലായാണ് ക്രമീകരണങ്ങൾ. എസ്‌പി , എഎസ്‌പി തലത്തിൽ 24 പേരും 112 ഡിവൈഎസ്‌പിമാരും 264 ഇൻസ്പെക്ടർമാരും 1185 എസ്ഐ/എഎസ്ഐമാരും സംഘത്തിലുണ്ടാകും. 307 വനിതകൾ ഉൾപ്പെടെ 8402 സിവിൽ പൊലീസ് ഓഫീസർമാരും സീനിയർ സിവിൽ പൊലീസ് ഓഫീസർമാരും സുരക്ഷയ്ക്കായി എത്തും. വനിതാ ഇൻസ്പെക്ടർ, എസ്ഐ തലത്തിൽ 30 പേരേയും നിയോഗിച്ചിട്ടുണ്ട്. നവംബർ 15 മുതൽ 30 വരെ ഒന്നാംഘട്ടത്തിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ, എരുമേലി, പത്തനംതിട്ട എന്നിവടങ്ങളിലായി 2551 പൊലീസ് ഉദ്യോഗസ്ഥരാണ് സുരക്ഷാചുമതല നിർവഹിക്കുന്നത‌്.  രണ്ടാംഘട്ടത്തിൽ 2539 പൊലീസ് ഉദ്യോഗസ്ഥരും ഡിസംബർ 14 മുതൽ 29 വരെ 2992 പേരും ഡിസംബർ 29 മുതൽ ജനുവരി 16 വരെയുളള നാലാം ഘട്ടത്തിൽ 3077 പേരും 1560 സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരും ഡ്യൂട്ടിയിലുണ്ടാകും.

ഹരിതചട്ടം കർശനമായി പാലിക്കാനായി പമ്പ, ചെങ്ങന്നൂർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ശുചിത്വമിഷന്റെ ആഭിമുഖ്യത്തിൽ പ്ലാസ്റ്റിക് സഞ്ചികൾക്കു പകരം തുണി സഞ്ചികൾ തീർഥാടകർക്ക് നൽകുന്നുണ്ട‌്. നിലയ‌്ക്കൽ പമ്പ കെഎസ‌്ആർടിസി ബസ‌് സർവീസ‌്  സംബബന്ധിച്ച‌് തീർഥാടകർ  ഉയർത്തിയ പരാതികൾ അടിയന്തരമായി പരിഹരിക്കാൻ  ഞായറാഴ‌്ച ചേർന്ന അവലോനയോഗത്തിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർദേശം നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ബസുകളിൽ കണ്ടക‌്ടർമാരെ നിയമിക്കാൻ തീരുമാനിച്ചിട്ടുണ്ട‌്. ടിക്കറ്റ്‌ എടുക്കാനുളള തിരക്ക‌് ഇതോടെ ഇല്ലാതാകും. ചെറിയ വാഹനങ്ങൾ പമ്പയിലേക്ക‌് കടത്തി വിടുന്നതോടെ കുറഞ്ഞ സമയത്തിനുളളിൽ ദർശനം പൂർത്തിയാക്കാനും തീർഥാടകർക്ക‌് സാധിക്കും.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top