23 March Saturday

ശബരിമല ശാന്തം: മികച്ച ക്രമീകരണം; തീർഥാടകർക്ക‌് സംതൃപ‌്തി

എ ആർ സാബുUpdated: Sunday Nov 18, 2018

ശബരിമല > ശാന്തമായ അന്തരീക്ഷത്തിൽ ശബരിമലയിൽ മണ്ഡലപൂജകൾ ആരംഭിച്ചു. കൊലവിളിയും ആക്രോശവും നിറഞ്ഞ തുലാമാസ പൂജാവേളയിൽനിന്നും ചിത്തിര ആട്ടത്തിരുനാളിൽ നിന്നും വ്യത്യസ്തമായി, മുൻ കാലങ്ങളിലെ പോലെ ശാന്തമായ അന്തരീക്ഷമായിരുന്നു. നെയ്യഭിഷേകത്തിനായി വെള്ളിയാഴ്ച രാത്രി സന്നിധാനത്ത് തങ്ങിയവരും പുലർച്ചെ പമ്പയിൽ നിന്ന് കടത്തിവിട്ടവരും ഉൾപ്പെടെ ആയിരങ്ങളാണ് ദർശനം നടത്തിയത്. പൊലീസിന്റെ പഴുതടച്ച സുരക്ഷാ സംവിധാനമാണ് യഥാർഥ തീർഥാടകർക്ക് സുഖദർശനത്തിന് സൗകര്യം ഒരുക്കിയത്. ഇലവുങ്കൽ മുതൽ സന്നിധാനം വരെ പല ഘട്ടങ്ങളായുള്ള പരിശോധനകളെ ആദ്യം എതിർത്തവർ പോലും പിന്നീട് പ്രശംസിച്ചു.

തീർഥാടകരെന്നും മാധ്യമ പ്രവർത്തകരെന്നും നടിച്ച് മല കയറാനെത്തിയ ആചാര സംരക്ഷണ ഗുണ്ടകൾക്ക് നിരാശരാകേണ്ടി വന്നു. വലിയ നടപ്പന്തലിലും താഴേ തിരുമുറ്റത്തും കൂട്ടം കൂടാൻ അനുവദിക്കാത്തതും ഇവർക്ക് തടസ്സമായി. നിയന്ത്രണങ്ങൾക്കെതിരെ ചില കേന്ദ്രങ്ങൾ ഉയർത്തിയ വ്യാജ പ്രചാരണങ്ങൾക്ക് മിക്കപ്പോഴും നിമിഷങ്ങളുടെ ആയുസേ ഉണ്ടായിരുന്നുള്ളൂ. നെയ്യഭിഷേകത്തിന് അനുവദിക്കാതെ തീർഥാടകരെ മടക്കി അയക്കും, രാത്രി പത്തോടെ ഹോട്ടലും കടകളും അടച്ചിടും എന്നൊക്കെ പ്രചരിപ്പിച്ചെങ്കിലും രാത്രി 12 നും ഹോട്ടലുകൾ തുറന്നിരുന്നു. രാവിലെ നെയ്യഭിഷേകത്തിന് കാത്തിരുന്നവർ മാളികപ്പുറത്തിനു സമീപമുള്ള വിരി പന്തലും പാതയോരവുമെല്ലാം വിശ്രമകേന്ദ്രങ്ങളാക്കി.

സ്വാമിയേ ... അയ്യപ്പാ വിളിക്കുന്നതു കേട്ട് ഞെട്ടിവിറയ്ക്കാതെ തീർഥാടകർ രണ്ടു ദിവസവും ദർശനം നടത്തി. ജീവഭയമില്ലാതെ മാധ്യമ പ്രവർത്തകർ വാർത്തകൾ നൽകി. പൊലീസോ ദ്രുതകർമസേനയോ ദേശീയ ദുരന്തനിവാരണ സേനയോ അവരെ തടഞ്ഞില്ല, ഭയപ്പെടുത്തിയില്ല. ഇനിയുള്ള ദിവസങ്ങളിലും ഇങ്ങനെ തന്നെ ആയിരിക്കട്ടെ എന്നാണ് അവർ പറയുന്നത്.

മികച്ച ക്രമീകരണം; തീർഥാടകർക്ക‌് സംതൃപ‌്തി

ശബരിമല > മണ്ഡല പൂജയ്ക്കു തുടക്കം കുറിക്കുന്ന വൃശ്ചിക പുലരിയിൽ ശബരിമല സന്നിധാനത്ത് ദർശനത്തിന‌് തീർഥാടകരുടെ വലിയ തിരക്ക്. സുഖദർശനത്തിനായി മികച്ച ക്രമീകരണമാണ് ദേവസ്വം ബോർഡ് ഏർപ്പെടുത്തിയിട്ടുള്ളത്.  തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നുള്ള തീർഥാടകരാണ് വലിയ തോതിൽ എത്തിയിട്ടുള്ളത്. കൊച്ചു കുട്ടികളും മാളികപ്പുറങ്ങളും അയ്യപ്പന്മാർക്കൊപ്പമുണ്ട്. പുലർച്ചെ മൂന്നിന‌്  നട തുറന്നപ്പോൾ ദർശനത്തിനായി അയ്യപ്പന്മാരുടെ നീണ്ട നിര വലിയ നടപ്പന്തലിലും സോപാനത്തും ഇടംപിടിച്ചിരുന്നു. രാവിലെ അഭിഷേകം, ഗണപതിഹോമം, ഉഷപൂജ എന്നിവ നടന്നു.  നെയ്യ് അഭിഷേകവും നടന്നു.

ദേവസ്വം ബോർഡിന്റെ അന്നദാന മണ്ഡപത്തിൽ ഭക്ഷണം സൗജന്യമായി നൽകുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള വിപുലമായ ക്രമീകരണം തീർഥാടകർക്ക് വലിയ അനുഗ്രഹമാണ്. തീർഥാടകർ എത്തുന്ന മുറയ്ക്ക് ഉപ്പുമാവും കടല കറിയും ചെറുചൂടുള്ള കുടിവെള്ളവും രാവിലെ ഇവിടെ വിതരണം ചെയ്തു. സന്നിധാനത്ത് ഏർപ്പെടുത്തിയിട്ടുള്ള പൊലീസിന്റെ  സുരക്ഷാ ക്രമീകരണം തീർഥാടകർക്ക് വലിയ സഹായമായി മാറിയിട്ടുണ്ട്.  ദർശനത്തിന‌് അധികസമയം തീർഥാടകർക്ക് കാത്തു നിൽക്കേണ്ടി വരുന്നില്ലെന്നതും ശ്രദ്ധേയമാണ്. ദർശനം നടത്തി വഴിപാടുകൾ കഴിച്ച് നെയ്യ് അഭിഷേകവും നടത്തിയാണ് അയ്യപ്പന്മാർ മടങ്ങുന്നത്. അപ്പം, അരവണ എന്നിവയുടെ വിതരണത്തിനായി കൂടുതൽ കൗണ്ടറുകൾ സജ്ജമാക്കി. മലകയറി വരുന്ന തീർഥാടകർക്ക് വിവിധ സ്ഥലങ്ങളിലായി  ചുക്ക് വെള്ളം വിതരണം ചെയ്യുന്നതിനും ദേവസ്വം ബോർഡ്  ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട‌്.

നിലയ്ക്കൽ ബേയ്‌സ് ക്യാമ്പിൽ വിരിവയ്ക്കുന്നതിനും വാഹന പാർക്കിങ്ങിനും ഉൾപ്പെടെ മികച്ച സൗകര്യങ്ങൾ ഏർപ്പെടുത്തിയതും തീർഥാടകർക്ക് ഏറെ ഗുണകരമായി.  നിലയ്ക്കൽ- –- പമ്പ റോഡിലെ ഗതാഗത കുരുക്ക് ഇതു മൂലം ഒഴിവായിട്ടുണ്ട്.


പ്രധാന വാർത്തകൾ
 Top