04 December Saturday

പാടങ്ങൾ വെള്ളത്തിനടിയിൽ;
കർഷകർക്ക്‌ കണ്ണീർ

വെബ് ഡെസ്‌ക്‌Updated: Monday Oct 18, 2021


പിറവം
കനത്ത മഴയിൽ മൂവാറ്റുപുഴയാറിൽ ജലനിരപ്പ് ഉയർന്ന് രാമമംഗലം, മാമ്മലശേരി, ഊരമന ഭാഗങ്ങളിലെ നൂറുകണക്കിനേക്കർ പാടങ്ങൾ വെള്ളത്തിനടിയിലായി. രാമമംഗലം–-ഊരമന റോഡിലേക്ക് വെള്ളം കയറിക്കൊണ്ടിരിക്കുകയാണ്. പെരുവെള്ളത്തിൽ നെൽക്കൃഷി ഒഴുകിപ്പോയത് കർഷകർക്ക് ഇരുട്ടടിയായി.

രാമമംഗലം കടവ് പാടശേഖരത്തിലെ കൃഷിയാണ് ഒഴുകിപ്പോയത്. ഒരാഴ്ചമുമ്പാണ് ഇവിടെ വിത്തുവിതച്ചത്. കിഴുമുറി പെരുംതോടിൽനിന്ന്‌ പാടശേഖരത്തിലേക്ക് കുത്തൊഴുക്കോടെ വെള്ളം എത്തിയതാണ് കൃഷി നശിക്കാൻ കാരണമായതെന്ന് കർഷകർ പറഞ്ഞു. പിറവം, കക്കാട്, കളമ്പൂർ, തിരുമറയൂർ പ്രദേശങ്ങളിലെ നെൽക്കൃഷിയും വെള്ളത്തിനടിയിലാണ്.

മൂവാറ്റുപുഴ
മാറാടി പഞ്ചായത്തിലെ കായനാട് പാടശേഖരത്തിൽ വെള്ളം കയറി കൃഷി നശിച്ചു. ദിവസങ്ങൾക്കുമുമ്പ് ഞാർ നട്ട പാടത്തുൾപ്പെടെയാണ് വെള്ളം കയറിയത്. സമീപത്തെ നൂറുകണക്കിന് വാഴകളും വെള്ളത്തിലായി.

കുന്നുംപുറത്ത് ഭാസ്‌കരൻ, തമ്പാൻ, നാരായണൻ, തോട്ടത്തിൽ സുബ്രഹ്മണ്യൻ, ജയകുമാർ, എടൂക്കുടിയിൽ ഭാസ്‌കരൻ, പീടികക്കുടിയിൽ സന്തോഷ്, മാന്താനത്തിൽ മോഹനൻ, കോടാമറ്റത്തിൽ സന്തോഷ്, എരണ്ടോളിൽ ബിനു എന്നിവരുടെ 15 ഏക്കറിലേറെ നെൽക്കൃഷിയും തുറുവശേരിൽ ബാബു പോൾ, പോത്താനാങ്കണ്ടത്തിൽ അവരാച്ചൻ, ചൊള്ളാൽ സ്കറിയ എന്നിവരുടെ വാഴക്കൃഷിയും വെള്ളത്തിനടിയിലായി. കായനാട് കവല, സൗത്ത് മാറാടി എന്നിവിടങ്ങളിൽ കപ്പക്കൃഷിയും വെള്ളത്തിലായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top