26 October Monday

അവയവമാറ്റം: ‌ സംസ്ഥാനത്ത് സോട്ടോയ്ക്ക് അനുമതി

നന്ദു വിശ്വംഭരന്‍Updated: Sunday Oct 18, 2020


ആലപ്പുഴ
സംസ്ഥാനത്ത് അവയവദാനവും അവയവമാറ്റ പ്രക്രിയയും കാര്യക്ഷമമാക്കാൻ സംസ്ഥാന അവയവ, ടിഷ്യു ട്രാൻസ്‌പ്ലാന്റ് ഓർഗനൈസേഷന് (സോട്ടോ) സർക്കാരിന്റെ പ്രവർത്തനാനുമതി. കേന്ദ്ര-- -- സംസ്ഥാന സർക്കാരുകൾ ഉണ്ടാക്കിയ ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിലാണ് നാഷണൽ ഓർ​ഗൻ ട്രാൻസ്‌പ്ലാന്റ് പ്രോ​ഗ്രാം (എൻഒടിപി) പ്രകാരം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിക്ക് സോട്ടോ അനുവദിച്ചത്. പൂർണമായും എൻഒടിപി പദ്ധതി വിഹിതം ഉപയോഗിച്ചാണ് പ്രവർത്തനം.

സംസ്ഥാനത്തെ വിവിധ അവയവമാറ്റ കേന്ദ്രങ്ങൾ, ആശുപത്രികൾ, ടിഷ്യു ബാങ്കുകൾ എന്നിവയുമായി കംപ്യൂട്ടർ ശൃംഖലയിലൂടെ ദേശീയ അവയവ ടിഷ്യു ട്രാൻസ്‌പ്ലാന്റ് രജിസ്ട്രിയിലേക്ക് അവയവദാനവും അവയവമാറ്റ ശസ്ത്രക്രിയാ വിവരങ്ങളും സമാഹരിക്കുക, അവയവമാറ്റ സ്വീകർത്താക്കളുടെ പട്ടിക ശേഖരിക്കുക, ഓൺലൈൻ രജിസ്ട്രി സംവിധാനത്തിൽ വിവരങ്ങൾ സൂക്ഷിക്കുക തുടങ്ങിയവയാണ് സോട്ടോയുടെ ചുമതലകൾ. 

അവയവ ദാതാവിന്റെയും സ്വീകർത്താവിന്റെയും പൂർണ വിവരങ്ങൾ രജിസ്ട്രിയിൽ ലഭ്യമാകും. എല്ലാ അവയവമാറ്റ കേന്ദ്രങ്ങളും രജിസ്ട്രിയുമായി ബന്ധിപ്പിക്കും. അവയവമാറ്റത്തിൽ സംസ്ഥാന- കേന്ദ്ര സർക്കാരുകളുടെ നിരീക്ഷണവും ഇതിലൂടെ സാധ്യമാകും. 65 ലക്ഷം രൂപയാണ് എൻഒടിപി അനുവദിച്ചിരിക്കുന്നത്. ടിഷ്യൂ ട്രാൻസ്‌പ്ലാന്റ് സെന്റർ (സ്‌കിൻ ബാങ്ക്, ബോൺ ബാങ്ക്, ഹാർട്ട് വാൽവ്) എന്നിവ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആരംഭിക്കാൻ എൻഒടിപിയിൽനിന്ന് ഒരുകോടി രൂപവരെ സാമ്പത്തിക സഹായം ലഭിക്കുമെന്ന് അധികൃതർ പറഞ്ഞു. സർക്കാർ ആശുപത്രികളിൽ അവയവമാറ്റം നടത്തുന്നവർക്ക് മാസം മരുന്ന് വാങ്ങാൻ 10,000 രൂപവരെ 20 പേർക്ക് ഒരുവർഷത്തേക്ക് നൽകാനാകും.

വിവിധ സംസ്ഥാനങ്ങളിൽ സോട്ടോ പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാനത്ത് സോട്ടോ നടപ്പാക്കാനും മേൽനോട്ടം വഹിക്കാനും ഒരു ഓഫീസറുണ്ടാകും. ജീവനക്കാരുടെ നിയമനം ആരംഭിക്കാനുള്ള ഭരണാനുമതിയും ലഭിച്ചു. എൻഒടിപി മാർഗനിർദേശങ്ങൾ അനുസരിച്ച് മറ്റ് സംസ്ഥാനങ്ങളിൽ സോട്ടോ നിയമനത്തിൽ സ്വീകരിച്ച മാനദണ്ഡങ്ങളും വിവിധ തസ്‌തികകളിലെ വിദ്യാഭ്യാസ യോഗ്യതയുടെയും പ്രവൃത്തി പരിചയത്തിന്റെയും അടിസ്ഥാനത്തിലാകും നിയമനം. ജോയിന്റ് ഡയറക്ടർ, കൺസൾട്ടന്റ് ഐഇസി മീഡിയ, ട്രാൻസ്‌പ്ലാന്റ് കോ–-ഓർഡിനേറ്റർ, ഡാറ്റ എൻട്രി ഓഫീസർ എന്നീ തസ്‌തികകളിലാണ് നിയമനം. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്‌ടർക്കും തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിസിപ്പലിലിനുമാണ് സോട്ടോ മേൽനോട്ട ചുമതല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top