12 November Tuesday

സമുദായസംഘടനകളുടേത്‌ വിലപേശൽ; - തെരഞ്ഞെടുപ്പിനെ യുദ്ധഭൂമിയാക്കരുത്‌ : ടിക്കാറാം മീണ

വെബ് ഡെസ്‌ക്‌Updated: Saturday Oct 19, 2019

 

തിരുവനന്തപുരം
സമുദായസംഘടനകൾ  രാഷ്ട്രീയ പാർടിക്കുവേണ്ടി വോട്ടുചോദിക്കുന്നത് ധാർമികതയല്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. വിലപേശലും സമ്മർദതന്ത്രവുമാണ്‌ പലപ്പോഴും പ്രയോഗിക്കുന്നത്‌. ഇത്തരം പ്രവണതകളെ പ്രോത്സാഹിപ്പിച്ചാൽ തെരഞ്ഞെടുപ്പ്‌ ‘ജാതി ഇലക്‌ഷനാ’യി മാറും. മതനിരപേക്ഷപാരമ്പര്യമുള്ള കേരളത്തിൽ രാഷ്ട്രീയ പാർടികൾ ഇക്കാര്യത്തിൽ ആത്മപരിശോധന നടത്തണമെന്ന്‌ അദ്ദേഹം തിരുവനന്തപുരം പ്രസ്‌ക്ലബ്ബിന്റെ മീറ്റ്‌ ദ പ്രസിൽ പറഞ്ഞു. ജാതി മത സംഘടനകൾ സമുദായത്തിന്റെ ഉന്നമനത്തിനു വേണ്ടിയുള്ളതാണ്. രാഷ്ട്രീയത്തിൽ ഇടപെടണമെങ്കിൽ  രാഷ്ട്രീയകക്ഷിയായി രജിസ്‌റ്റർ ചെയ്യണം. അല്ലാതെ ജാതിയും മതവും പറഞ്ഞ് തെരഞ്ഞെടുപ്പിനെ യുദ്ധഭൂമിയാക്കാൻ പാടില്ല.

ജാതികളെ തമ്മിലടിപ്പിച്ച്‌ ഇടുങ്ങിയ രാഷ്ട്രീയനേട്ടത്തിനായി ആരും ശ്രമിക്കരുത്‌. സമുദായസംഘടനകൾക്ക്‌ അഭിപ്രായം പറയാം. അതിനൊരു പരിധിയുണ്ട്‌. അത്‌ ലംഘിച്ചതായി പരാതി ഉയർന്നാൽ പരിശോധിച്ച്‌ നടപടിയെടുക്കുമെന്നും ടിക്കാറാം മീണ വ്യക്തമാക്കി.

‘സമദൂരം മതിയായിരുന്നല്ലോ. എന്തിനാ ശരിദൂരമാക്കിയത്‌. അതാണ്‌ അപകടമുണ്ടാക്കുന്നത്‌. ദൈവങ്ങൾ അമ്പലങ്ങളിലും പള്ളികളിലും ഇരിക്കട്ടെ. ഇത്തരം കാര്യങ്ങളിലേക്ക് കൊണ്ടുവരേണ്ടതില്ല'–- എൻഎസ്‌എസ്‌ നിലപാടിനെക്കുറിച്ചുള്ള ചോദ്യത്തോട്‌ മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസർ പ്രതികരിച്ചു.


പ്രധാന വാർത്തകൾ
 Top