29 May Friday

ഉപതെരഞ്ഞെടുപ്പ്‌ : അഞ്ചിടത്തും ഇഞ്ചോടിഞ്ച്‌ ; പരസ്യപ്രചാരണത്തിന്‌ ഇന്ന്‌ കലാശക്കൊട്ട്

കെ ശ്രീകണ‌്ഠൻUpdated: Saturday Oct 19, 2019ഉപതെരഞ്ഞെടുപ്പ്‌ വിധിയെഴുത്തിന്‌ രണ്ടുനാൾമാത്രം ശേഷിക്കെ തീപാറുന്ന വാക്‌പ്പോരും വീറും വാശിയും വാദപ്രതിവാദങ്ങളും ചേർന്ന്‌ ഇഞ്ചോടിഞ്ച്‌ പോരാട്ടം. വട്ടിയൂർക്കാവുമുതൽ മഞ്ചേശ്വരംവരെ അതിശക്തമായ മത്സരമാണ്‌. പരസ്യപ്രചാരണത്തിന്‌ ഇന്ന്‌ കലാശക്കൊട്ടാകുമ്പോൾ നിർണായക വിധിയെഴുത്തിന്റെ ആവേശത്തിലാണ്‌ കേരളം.

ജാതിരാഷ്ട്രീയം കേന്ദ്രീകരിച്ച്‌ യുഡിഎഫും അതിനെതിരെ രൂക്ഷവിമർശവുമായി എൽഡിഎഫും രംഗത്തുവന്നു. എൻഎസ്‌എസ്‌ പരസ്യമായി യുഡിഎഫിന്‌ വോട്ട്‌ തേടിയതിനെതിരെ സിപിഐ എം തെരഞ്ഞെടുപ്പ്‌ കമീഷന്‌ പരാതി നൽകി. ഊർധശ്വാസം വലിക്കുന്ന യുഡിഎഫിനെ വെന്റിലേറ്ററിൽ കിടത്താനുള്ള ശ്രമത്തിലാണ്‌ എൻഎസ്‌എസ്‌ നേതൃത്വമെന്ന്‌ കോടിയേരി ബാലകൃഷ്‌ണൻ ആഞ്ഞടിച്ചു. ജാതിപറഞ്ഞ്‌ വോട്ട്‌ പിടിക്കുന്നതിനെതിരെ നടപടി എടുക്കുമെന്ന്‌ മുഖ്യതെരഞ്ഞെടുപ്പ്‌ ഓഫീസർ ടിക്കാറാം മീണയുടെ മുന്നറിയിപ്പ്‌ ശ്രദ്ധേയമാണ്‌. സാമുദായിക ഭിന്നതയുണ്ടാക്കാനുള്ള യുഡിഎഫ്‌ നീക്കത്തെ ഭരണപരിഷ്‌കാര കമീഷൻ അധ്യക്ഷൻ വി എസ്‌ അച്യുതാനന്ദനും രൂക്ഷമായി വിമർശിച്ചു.

ശബരിമല വിഷയവും വിശ്വാസസംരക്ഷണവും എടുത്തിട്ട്‌ ആക്രമിക്കാനുള്ള യുഡിഎഫ്‌ ശ്രമത്തെ അതേ നാണയത്തിൽ എൽഡിഎഫ്‌ പ്രതിരോധിച്ചു. വിശ്വാസികൾക്കൊപ്പം നിൽക്കുന്ന സർക്കാരാണിതെന്ന്‌ മുഖ്യമന്ത്രി അഞ്ച്‌ മണ്ഡലത്തിലും ആവർത്തിച്ച്‌ വ്യക്തമാക്കി. ശബരിമല വികസനത്തിനായി ചെലവിട്ട തുകയുടെ കണക്ക്‌ നിരത്തി മുഖ്യമന്ത്രിയും ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനും ആക്രമണത്തിന്റെ കുന്തമുന തിരിച്ചതോടെ യുഡിഎഫിനും ബിജെപിക്കും പിടിവള്ളി നഷ്ടമായി. ശബരിമലയ്‌ക്ക്‌ ചെലവിട്ട തുകയുടെ വിശദമായ കണക്ക്‌ ചോദിച്ചത്‌ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും കുമ്മനം രാജശേഖരനുമായിരുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ  കൃത്യമായ കണക്ക്‌ വെളിപ്പെടുത്തി.

എംജി സർവകലാശാല ബിടെക്‌ പരീക്ഷയ്‌ക്ക്‌ മോഡറേഷൻ നൽകിയതിന്റെ പേരിലായിരുന്നു പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല കഴിഞ്ഞ ദിവസങ്ങളിൽ സർക്കാരിനെതിരെ തിരിഞ്ഞത്‌. എന്നാൽ, ചെന്നിത്തലയുടെ മകന്‌ സിവിൽ സർവീസ്‌ പരീക്ഷയുടെ അഭിമുഖത്തിൽ ഉയർന്ന മാർക്ക്‌ ലഭിച്ചതെങ്ങനെ എന്ന ചോദ്യം കുറിക്കുകൊണ്ടു. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്തും എംജി സർവകലാശാലയിൽ അദാലത്ത്‌ നടത്തിയിട്ടുണ്ടെന്ന വിവരംകൂടി പുറത്തുവന്നതോടെ ചെന്നിത്തല ശരിക്കും പ്രതിരോധത്തിലായി.

സിറ്റിങ്‌ സീറ്റുകളിൽപ്പോലും കടുപ്പമേറിയ മത്സരമാണ്‌ യുഡിഎഫ്‌ നേതൃത്വത്തിനുള്ള ആധി. വട്ടിയൂർക്കാവിൽ എൻഎസ്‌എസ്‌ ജാതിക്കാർഡ്‌ തിരിച്ചടിക്കുമോയെന്ന ഭയവും യുഡിഎഫിന്‌ കലശലാണ്‌. പാലായുടെ തനിയാവർത്തനം അഞ്ചിടത്തും അരങ്ങേറുമോ എന്നാണ്‌ ഉമ്മൻചാണ്ടിയെയും മുല്ലപ്പള്ളിയെയും ചെന്നിത്തലയെയും അലട്ടുന്നത്‌. കഴിഞ്ഞ തവണ രണ്ട്‌ മണ്ഡലത്തിൽ രണ്ടാംസ്ഥാനത്ത്‌ വന്ന ബിജെപിയുടെ ആപൽശങ്ക സംസ്ഥാന അധ്യക്ഷൻ പി എസ്‌ ശ്രീധരൻപിള്ള തുറന്നു പറഞ്ഞിട്ടുണ്ട്‌. വട്ടിയൂർക്കാവിലും മഞ്ചേശ്വരത്തും ബിജെപി യുഡിഎഫുമായി വോട്ടുമറിക്കൽ ധാരണയിലാണെന്ന ആരോപണവും ശക്തമാണ്‌.
 


പ്രധാന വാർത്തകൾ
 Top