12 November Tuesday

കരിയർ നയം: ആദ്യ സംസ്ഥാനമാകാൻ കേരളം ; ശിൽപ്പശാല 25 ന്‌

മിൽജിത്‌ രവീന്ദ്രൻUpdated: Saturday Oct 19, 2019




രാജ്യത്ത്‌ ആദ്യമായി കരിയർ നയം ആവിഷ്‌കരിക്കുന്ന സംസ്ഥാനമാകാൻ കേരളം തയ്യാറെടുക്കുന്നു. വിദ്യാർഥികളുടെയും യുവജനങ്ങളുടെയും കരിയർ ആസൂത്രണംചെയ്യാൻ കരടുനയം സംസ്ഥാന തൊഴിൽ–- നൈപുണ്യം വകുപ്പിന്റെ നേതൃത്വത്തിൽ തയ്യാറാക്കി.

വിദ്യാഭ്യാസത്തിൽ മുന്നിൽനിൽക്കുമ്പോഴും തൊഴിലില്ലായ്‌മ പ്രധാന പ്രശ്‌നമായ സാഹചര്യത്തിലാണ്‌ പ്രത്യേക നയം. പഠനം, പരിശീലനം, ജോലി തെരഞ്ഞെടുക്കൽ എന്നിവയിൽ ശാസ്‌ത്രീയപ്രവർത്തനങ്ങളാണ്‌ വിഭാവനം ചെയ്യുന്നത്‌.  കരിയർ ഡെവലപ്‌മെന്റ്‌ പ്രവർത്തനം ഏകോപിപ്പിക്കുകയും എല്ലാവർക്കും അവശ്യസേവനം  ലഭ്യമാക്കുകയുമാണ്‌ ലക്ഷ്യം. ഇതിനായി എംപ്ലോയ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ ആസ്ഥാനമായി കരിയർ ഡെവലപ്‌മെന്റ്‌ മിഷനും ജില്ലകളിൽ ജില്ലാ കരിയർ ഡെവലപ്‌മെന്റ്‌ മിഷനും രൂപീകരിക്കുമെന്ന്‌ കരടുനയത്തിൽ പറയുന്നു.

ദേശീയതലത്തിലെ മത്സരപരീക്ഷകളിൽ വിജയശതമാനം വർധിപ്പിക്കുക, ദേശീയ ഇൻസ്റ്റിറ്റ്യൂട്ടുകളിലും കേന്ദ്ര സർവകലാശാലകളിലും പ്രവേശനത്തിന്‌ പ്രാപ്‌തരാക്കുക, പ്രതിരോധ മേഖലയിലെ റിക്രൂട്ട്‌മെന്റുകൾ, സൈനിക സ്‌കൂൾ, ഇന്ത്യൻ രാഷ്ട്രീയ മിലിട്ടറി സ്‌കൂൾ എന്നിവിടങ്ങളിൽ പ്രവേശനം വർധിപ്പിക്കുക എന്നിവയും ലക്ഷ്യമിടുന്നുണ്ട്‌. യുപിഎസ്‌സി, എസ്‌എസ്‌സി, ഐബിപിഎസ്‌, ആർആർബി തുടങ്ങിയ കേന്ദ്രപരീക്ഷകളുടെ പരിശീലനവും ആവിഷ്‌കരിക്കും.

സ്വകാര്യസ്ഥാപനങ്ങൾ വൻതുക വാങ്ങി നടത്തുന്ന കോഴ്‌സുകളിൽ ചേരുന്നവർക്ക്‌ തൊഴിൽ ലഭിക്കുന്നില്ലെന്ന പരാതികൾ വർധിച്ച സാഹചര്യത്തിൽ ഇത്തരം സ്ഥാപനങ്ങൾക്ക്‌ സർട്ടിഫിക്കേഷൻ നിർബന്ധമാക്കും.

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്‌ മേഖലകൾ കേന്ദ്രീകരിച്ച്‌ പരിശീലനകേന്ദ്രങ്ങൾ (റീജ്യണൽ റസിഡൻഷ്യൽ സെന്റർ ഫോർ കോമ്പറ്റീവ്‌ എക്‌സാമിനേഷൻസ്‌) സ്ഥാപിക്കും. പ്രവേശനപരീക്ഷകൾ, പിഎസ്‌സി, യുപിഎസ്‌സി, സിവിൽ സർവീസ്‌ അടക്കമുള്ള പരിശീലനം ലഭ്യമാക്കും.

കരിയർ ഗവേഷണത്തിനും സംരംഭകത്വ വികസനത്തിനും കരിയർ റിസർച്ച്‌ ആൻഡ്‌ എൻട്രപ്രണർഷിപ്‌ ഡെവലപ്‌മെന്റ്‌ ഇനിഷ്യേറ്റീവ്‌ (ക്രെഡിറ്റ്‌)  ആരംഭിക്കുമെന്നും നയത്തിൽ പറയുന്നു. ഏറ്റവും മികച്ച തൊഴിൽ പോർട്ടലായി എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ചിന്റെ ഓൺലൈൻ സർവീസ്‌ വികസിപ്പിക്കും.  സ്വകാര്യസ്ഥാപനങ്ങളും എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ചിൽ രജിസ്‌റ്റർ ചെയ്യാനും സംവിധാനം ഏർപ്പെടുത്തും.

കരടുനയം ചർച്ചയ്‌ക്കായി വിദഗ്‌ധർക്ക്‌ നൽകിയിട്ടുണ്ട്‌. 25ന്‌ ചേരുന്ന ശിൽപ്പശാലയിൽ  വിശദചർച്ച നടത്തി പൊതുനയം തയ്യാറാക്കും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top