13 November Wednesday

കായൽഭംഗി നുകർന്ന്‌ നെതർലന്‍ഡ്സ്‌ രാജദമ്പതികൾ മടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Oct 19, 2019

നെതർലാൻഡ്‌സ്‌ രാജദമ്പതിമാരെ നെടുമ്പാശേരിയിൽ കലക്ടർ എസ് സുഹാസ് യാത്രയാക്കുന്നു


ആലപ്പുഴ/ കൊച്ചി
പുന്നമട കായലിന്റെയും കുട്ടനാടിന്റെയും സൗന്ദര്യം നുകർന്ന് നെതർലന്‍ഡ്സ്‌ രാജാവ് വില്യം അലക്‌സാണ്ടറും രാജ്ഞി മാക്‌സിമയും സന്ദർശനം പൂർത്തിയാക്കി മടങ്ങി. കേരള–-ഡച്ച്‌ ബന്ധം കൂടുതൽ ശക്തമാക്കുമെന്ന്‌ ആവർത്തിച്ചാണ്‌ രണ്ടു ദിവസത്തെ കേരള സന്ദർശനം പൂർത്തിയാക്കി രാജാവും സംഘവും  മടങ്ങിയത്‌.

രാവിലെ 9.20ന് ആലപ്പുഴ പുന്നമടയിലെ ഫിനിഷിങ് പോയിന്റിലെത്തിയ രാജാവിനും സംഘത്തിനും നിറവാർന്ന വരവേൽപാണ്‌ നൽകിയത്‌.  ഡിടിപിസി ഗാലറിയിൽ 16 കലാകാരന്മാർ ചേർന്ന് അമ്പലപ്പുഴ വേലകളി അവതരിപ്പിച്ചു. വിവിധ വിദ്യാലയങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത കുട്ടികൾ ചേർന്ന് വഞ്ചിപ്പാട്ട് പാടി സംഘത്തെ സ്വീകരിച്ചു. പാട്ട് ആസ്വദിച്ച ശേഷം കുട്ടികളുമായി കുശലവും പറഞ്ഞാണ് രാജാവ് നടന്നു നീങ്ങിയത്.  9.25ന് സംഘം ഹൗസ്‌ ബോട്ടിൽ  2.5 കിലോമീറ്റർ അകലെയുള്ള പുഞ്ചിരി ജെട്ടിവഴി എസ്എൻ ജെട്ടിയിലേക്ക് യാത്ര തിരിച്ചു. എസ്എൻ ജെട്ടിയിലെത്തി മുല്ലയ്‌ക്കൽ പഞ്ചായത്തിലെ പാടശേഖരം സംഘം സന്ദർശിച്ചു. കഴിഞ്ഞ പ്രളയകാലത്തെ ഇവിടത്തെ സ്ഥിതിയും ജലനിരപ്പും മറ്റും ചോദിച്ച് മനസിലാക്കി. ഹൗസ്‌ബോട്ടിൽ തയ്യാറാക്കിയിരുന്ന കോൺഫറൻസ് ഹാളിൽ ഔദ്യോഗിക ചർച്ചകളും നടത്തി. കായൽക്കരയിൽ ഇരുരാജ്യങ്ങളുടെയും പതാകകളുമായി കുടുംബശ്രീ പ്രവർത്തകരും സ്‌കൂൾ വിദ്യാർഥികളും കാത്തുനിന്നു. നാട്ടുകാരെ രാജാവും രാജ്ഞിയും കൈവീശി അഭിവാദ്യം ചെയ്‌തു. നിശ്ചയിച്ചപ്രകാരം 50മിനിറ്റിൽ സന്ദർശനം പൂർത്തിയാക്കി.

വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്  സംഘത്തെ അനുഗമിച്ചു. അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത, കലക്ടർ അദീല അബ്ദുള്ള, ജില്ല പൊലീസ് മേധാവി കെ എം ടോമി, നഗരസഭാ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ എന്നിവർ ചേർന്ന്‌ സംഘത്തെ  സ്വീകരിച്ചു. നെതർലൻഡ്‌സിലെ ഇന്ത്യൻ സ്ഥാനപതി വേണുരാജാമണിയും ഡച്ച് ഉദ്യോഗസ്ഥരും മാധ്യമസംഘവും രാജാവിനൊപ്പമുണ്ടായിരുന്നു.   കൊച്ചിയിൽ തിരിച്ചെത്തിയ രാജാവ്  താജ്‌ മലബാറിൽ ഡച്ച് മാധ്യമങ്ങളുമായി സംസാരിച്ചു. കേരള–-ഡച്ച്‌ ബന്ധം കൂടുതൽ ശക്തമാക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു. വൈകിട്ട് 7.30ന് നെടുമ്പാശേരി വിമാനത്താവളത്തിൽനിന്ന്‌ പ്രത്യേക വിമാനത്തിൽ രാജാവും സംഘവും ആംസ്റ്റർഡാമിലേക്ക് മടങ്ങി.
 


പ്രധാന വാർത്തകൾ
 Top