12 November Tuesday

മോഡറേഷനെ മാർക്ക്‌ ദാനമാക്കുന്നു: ജലീൽ

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2019


എംജി സർവകലാശാലാ വിദ്യർഥികൾക്ക്‌ മോഡറേഷൻ മാർക്ക്‌ നൽകിയതിൽ പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല പച്ചക്കള്ളം പ്രചരിപ്പിക്കുകയാണെന്ന്‌ മന്ത്രി കെ ടി ജലീൽ പറഞ്ഞു. പരീക്ഷകളിൽ മോഡറേഷൻ നൽകുന്നത്‌ പതിവാണ്‌. ഇതാണ്‌ മാർക്ക്‌ ദാനമെന്ന്‌ പ്രചരിപ്പിക്കുന്നത്. നുണ പലതവണ ആവർത്തിച്ചാൽ സത്യമാകില്ല.  മോഡറേഷൻ നിർത്തണമെന്ന്‌ പ്രതിപക്ഷനേതാവ്‌ പറയുകയാണെങ്കിൽ സർക്കാർ പരിഗണിക്കും. കാസർകോട്ട്‌ മാധ്യമപ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു മന്ത്രി.

എംജി സർവകലാശാലയിൽ പരീക്ഷയെഴുതി ഒരു വിഷയത്തിന്‌ തോറ്റ വിദ്യാർഥികൾക്ക്‌ അഞ്ചു മാർക്കാണ്‌ മോഡറേഷൻ നൽകിയത്‌. ഇതിന്റെ നേട്ടം  നൂറ്റമ്പതിലധികം വിദ്യാർഥികൾക്ക്‌ ലഭിക്കും. 2012–-ൽ കോഴിക്കോട്‌ സർവലകലാശലയിൽ യുഡിഎഫ്‌ നിയന്ത്രണത്തിലുള്ള സിൻഡിക്കറ്റ്‌ 20 മാർക്ക്‌ മോഡറേഷൻ നൽകി. ഇത്‌ കൂടുതൽ വിദ്യാർഥികൾക്ക്‌ ഗുണപ്പെട്ടുവെന്നാണ്‌ പ്രതിപക്ഷനേതാവ്‌ പറഞ്ഞത്‌.

തന്റെ പ്രൈവറ്റ്‌ സെക്രട്ടറി സർവകലാശാലാ അദാലത്തിന്റെ ഉദ്‌ഘാടനത്തിൽ പങ്കെടുത്തിരുന്നു. അദാലത്ത്‌  ടേബിളിൽ ഒരുഘട്ടത്തിലും അദ്ദേഹം ഇടപെട്ടിട്ടില്ല.  നേരത്തെ സിൻഡിക്കറ്റ്‌ തീരുമാനമെടുത്ത വിദ്യാർഥികളുടെ സർട്ടിഫിക്കറ്റ്‌ അദാലത്തിന്റെ ഉദ്‌ഘാടനച്ചടങ്ങിലാണ്‌ വിതരണംചെയ്‌തത്‌. പ്രൈവറ്റ്‌ സെക്രട്ടറി പങ്കെടുത്ത  ഉദ്‌ഘാടന ദൃശ്യങ്ങൾ സർവലാശാലയുടെ ഫേസ്‌ബുക്ക്‌ പേജിൽ തൽസമയം പോസ്‌റ്റുചെയ്‌തിരുന്നു. അതാണ്‌ പുതിയ സംഭവമായി ചിലർ  പ്രചരിപ്പിക്കുന്നത്‌.  ഉപതെരഞ്ഞെടുപ്പ്‌ മുന്നിൽകണ്ടാണ്‌  പ്രതിപക്ഷനേതാവ്‌ കള്ളപ്രചാരണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
 

നേതാവിന്റെ മകൻ സിവിൽ സർവീസിൽ എത്തിയതും അന്വേഷിക്കേണ്ടേ?
എംജി സർവകലാശാലയിൽ വിദ്യർഥികൾക്ക്‌ മോഡറേഷൻ നൽകിയത്‌ അന്വേഷിക്കണമെന്ന്‌ പറയുന്ന പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല,  കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്‌ 2017ലെ സിവിൽ സർവീസ്‌ പരീക്ഷയിൽ ഇന്റർവ്യൂവിന്‌ കൂടുതൽ മാർക്ക്‌ ലഭിച്ചത്‌ അന്വേഷിക്കാൻ ആവശ്യപ്പെടുമോയെന്ന്‌ മന്ത്രി കെ ടി ജലീൽ ചോദിച്ചു.   മകന്‌ മാർക്ക്‌ വർധിപ്പിക്കാൻ ഡൽഹിയിൽപോയി ലോബിയിങ് നടത്തിയവർ, തങ്ങളെപ്പോലെയാണ്‌ മറ്റുള്ളവരുമെന്ന്‌ ധരിക്കുകയാണ്‌. പിഎസ്‌സിയുടെ മാത്രമല്ല, യുപിഎസ്‌സിയുടെ വിശ്വാസ്യതയും സംരക്ഷിക്കണമെന്നും മന്ത്രി പറഞ്ഞു.


പ്രധാന വാർത്തകൾ
 Top