12 November Tuesday

അദാലത്തിൽ ആരുടെയും സഹായം തേടിയിട്ടില്ല, മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് പച്ചക്കള്ളം; ജീവിക്കാൻ അനുവദിക്കണമെന്ന്‌ വിദ്യാർഥിനി

സ്വന്തം ലേഖകൻUpdated: Friday Oct 18, 2019

കോട്ടയം > ഒരു മാർക്കിന്‌ ഒരു പേപ്പർ ലഭിക്കാതെവരികയും മറ്റെല്ലാ സാധ്യതകളും അടകയും ചെയ്‌തപ്പോഴാണ്‌ എംജി സർവകലാശാല വൈസ്‌ചാൻസലർക്ക്‌ അപേക്ഷ നൽകിയതെന്ന്‌ അദാലത്തിൽ പങ്കെടുത്ത ബിടെക്‌ വിദ്യാർഥിനി. ഇതിനായി  ആരുടേയും സഹായം തേടിയിട്ടില്ല. മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്‌ പച്ചക്കള്ളമാണ്‌. താൻ മന്ത്രിയുടെ സെക്രട്ടറിയുടെ അയൽക്കാരിയാണെന്നും ഏതോ സിൻഡിക്കറ്റ്‌ അംഗത്തിന്റെ ബന്ധുവാണെന്നുമുള്ള പ്രചാരണങ്ങൾ എന്തൊക്കെയോ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടിയാണെന്നും ഈ മുൻ വിദ്യാർഥിനി പറയുന്നു.

ഭാവിനശിക്കുന്ന സാഹചര്യം ഉണ്ടായപ്പോഴാണ്‌ അദാലത്തിൽ അപേക്ഷനൽകിയത്‌. ആരും സഹായത്തിനുണ്ടായില്ല. ആകെയുള്ള 56 പേപ്പറിൽ 55ലും വിജയിച്ചു. ആറാം സെമസ്റ്ററിലെ ഒരു പേപ്പറിന്‌ ഒരു മാർക്കിന്‌ തോറ്റു. ഇത്‌ വല്ലാതെ നിരാശപ്പെടുത്തി. രണ്ടര ലക്ഷം രൂപ വിദ്യാഭ്യാസ വായ്‌പയെടുത്തിട്ടുണ്ട്‌. പലിശയ്‌‌‌‌ക്ക്‌ കടംവാങ്ങിയ തുക ഇതിൽകൂടുതൽ വരും. സ്വന്തമായി ഒരുസെന്റ്‌ ഭൂമിയോ വീടോ ഇല്ല. വാടകവീട്ടിലാണ്‌ താമസം. രോഗിയായ അച്ഛന്‌ ജോലിക്ക്‌ പോകാനാകില്ല.

ഒരുമാർക്കുകൂടി ലഭിച്ച്‌ കോഴ്‌സ്‌ പാസായാൽ എന്തെങ്കിലും ജോലി ലഭിക്കുമെന്ന അവസാനത്തെ പ്രതീക്ഷയുമായി കഴിയുമ്പോഴാണ്‌ അദാലത്ത്‌ വിവരം പത്രത്തിൽ നിന്നറിയുന്നത്‌. ഉടൻ ഓൺലൈനായി അപേക്ഷ നൽകി. ആരുടെയും ശുപാർശയ്‌ക്ക്‌ പോയില്ല. പാവപ്പെട്ട തങ്ങളുടെ കുടുംബത്തിന്‌ ഉന്നതരുമായി ബന്ധവും ഇല്ല. അനാവശ്യ പ്രചാരണങ്ങളിലും വിവാദങ്ങളിലും ദു:ഖമുണ്ടെന്നും തന്നെ ജീവിക്കാൻ അനുവദിക്കണമെന്നും വിദ്യാർഥിനി പറഞ്ഞു. സമാന സാഹചര്യത്തിൽ 200ൽപരം ബിടെക്‌ വിദ്യാർഥികളാണ്‌ ദുരിതം പേറുന്നത്‌.  


പ്രധാന വാർത്തകൾ
 Top