13 November Wednesday

ശബരിമലയിൽ 1273 കോടി ചെലവിടേണ്ട ആവശ്യമില്ലെന്ന്‌ ഉമ്മൻചാണ്ടി

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2019


തിരുവനന്തപുരം
ശബരിമലയിൽ എൽഡിഎഫ്‌ സർക്കാർ ചെലവഴിച്ച തുകയുടെ കണക്ക്‌ പുറത്തുവിടണമെന്ന്‌ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ശബരിമലയുടെ വികസനത്തിന്‌ യുഡിഎഫ്‌ സർക്കാർ 1500 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്‌. ഈ സാഹചര്യത്തിൽ വീണ്ടും 1273 കോടി രൂപ ചെലവിടേണ്ട ആവശ്യമില്ല. കിഫ്‌ബി വഴി 141.75 കോടി രൂപ ഉൾപ്പെടെ 739 കോടി  ബജറ്റ്‌ പ്രസംഗത്തിൽ പറഞ്ഞിട്ടുണ്ട്‌. വരുമാനനഷ്ടം നികത്താൻ 100 കോടി രൂപയും പ്രഖ്യാപിച്ചു. എന്നാൽ ഒരു രൂപപോലും അനുവദിച്ചിട്ടില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു.അതേസമയം, പ്രളയത്തിൽ പമ്പയിലടക്കം വലിയ നാശനഷ്ടം ഉണ്ടായതിനാൽ പുനർനിർമാണത്തിന്‌ കൂടുതൽ തുക വേണ്ടിവന്നേക്കാമെന്ന്‌ വാർത്താസേമ്മേളനത്തിൽ പങ്കെടുത്ത മുൻ ദേവസ്വം മന്ത്രി വി എസ്‌ ശിവകുമാർ പറഞ്ഞു.

ഉപതെരഞ്ഞെടുപ്പിൽ അഞ്ചുസീറ്റും യുഡിഎഫ്‌ ജയിക്കുമെന്നും പാലായിൽ രാഷ്‌ട്രീയത്തിന്‌ അതീതമായ കാര്യങ്ങളാണ്‌ പൊന്തിവന്നതെന്നും ഉമ്മൻചാണ്ടി അവകാശപ്പെട്ടു. പ്രതിപക്ഷനേതാവിന്റെ മകന്‌ ഐഎഎസ്‌ പരീക്ഷയുടെ ഇന്റർവ്യൂവിൽ അനധികൃതമായി മാർക്ക്‌ ലഭിച്ചെന്ന വാർത്തയോട്‌ പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top