21 October Wednesday
ഒരു വർഷത്തെ പകുതി പലിശ സബ്‌സിഡി ഹോംസ്റ്റേകൾക്ക്

ടൂറിസത്തിന്‌ ഹാപ്പി ജേർണി, 455 കോടി രൂപയുടെ സഹായപദ്ധതികൾ ; കെടിഎം വെര്‍ച്വല്‍ മാർട്ട് നവംബർ 23ന്

വെബ് ഡെസ്‌ക്‌Updated: Thursday Sep 17, 2020


സ്വന്തം ലേഖകൻ
കോവിഡ്‌കാരണം  ദുരിതത്തിലാണ്ട ടൂറിസം മേഖലയ്ക്ക് വലിയതോതിലുള്ള സഹായം ലഭ്യമാക്കി സർക്കാർ.  455 കോടി രൂപയുടെ സഹായപദ്ധതികൾ ഇതിനകം പ്രഖ്യാപിച്ചതായി ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സംരംഭകർക്കും ടൂറിസം മേഖലയിൽ ജോലി ചെയ്യുന്നവർക്കും ഒരുപോലെ സഹായകരമാകുന്നതാണീ പദ്ധതികൾ.

സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി സംരംഭകർക്ക് 25 ലക്ഷം രൂപവരെ വായ്പ നൽകും. ഇതിന്റെ ഒരു വർഷത്തെ പകുതി പലിശ സംസ്ഥാന സർക്കാർ സബ്‌സിഡിയാണ്. ടൂറിസം മേഖലയിലെ ജീവനക്കാർക്ക് 20,000 മുതൽ 30,000 രൂപവരെ കേരള ബാങ്കിൽനിന്ന് വായ്പ നൽകും. ഒമ്പത്‌ ശതമാനം പലിശയിൽ മൂന്നു ശതമാനം  അടച്ചാൽമതി. ആറു ശതമാനം പലിശ സർക്കാർ സബ്‌സിഡിയാണ്‌. കേന്ദ്ര-–-സംസ്ഥാന ടൂറിസം വകുപ്പുകളുടെ അംഗീകാരമുള്ള 328 ടൂറിസ്റ്റ് ഗൈഡുകൾക്ക് ഒറ്റത്തവണ സഹായമായി 10,000 രൂപവീതം നൽകും. പുരവഞ്ചികളുടെ അറ്റകുറ്റപ്പണികൾക്ക് ഒന്നേകാൽ ലക്ഷം രൂപവരെ സഹായം നൽകും. കിടപ്പുമുറികളുടെ എണ്ണം കണക്കിലെടുത്ത് 80,000 മുതലാണ്‌ സഹായം.  ഹോംസ്റ്റേകൾക്ക് തദ്ദേശസ്ഥാപനങ്ങൾ ഏർപ്പെടുത്തിയിരുന്ന വാണിജ്യ നികുതി ഒഴിവാക്കി.  നൂറുകണക്കിന് സംരംഭകർക്ക്‌ ഇത്‌ ആശ്വാസമാകും. ഇനിമുതൽ വീട്ടുകരംനിരക്കിൽ നികുതി നൽകിയാൽ മതി.

കെടിഎം വെര്‍ച്വല്‍ മാർട്ട് നവംബർ 23ന്
കേരള ട്രാവൽ മാർട്ട് (കെടിഎം) കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിൽ വെർച്വൽ മാർട്ടായി നവംബറിൽ നടത്തും. 23 മുതൽ 27 വരെ വെർച്വലായാണ്‌ സംഘടിപ്പിക്കുക. സെപ്തംബറിൽ നടത്താനിരുന്ന പരിപാടിയാണ് ഇത്‌.

വികസനപാതയിലേക്ക് സംസ്ഥാനത്തിന്റെ തിരിച്ചുവരവിനുള്ള വാതിൽ തുറക്കാൻ ടൂറിസം മാറുന്നതിന്‌ വെർച്വൽ മാർട്ട്‌ സഹായകമാകുമെന്ന്‌ ടൂറിസംമന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇതുവഴി ജനുവരി, ഫെബ്രുവരി മാസങ്ങളിലായി ടൂറിസംരംഗം സജീവമാക്കും. 1500-ൽ അധികം പേർ (സെല്ലേഴ്‌സ്‌) തങ്ങളുടെ ടൂറിസം ഉൽപ്പന്നങ്ങളുടെ വിൽപ്പനകേന്ദ്രമായി മാർട്ടിനെ കാണുന്നു. രണ്ട് കൊല്ലത്തിലൊരിക്കലാണ് കേരള ട്രാവൽ മാർട്ട് നടക്കുന്നത്.

പ്രളയത്തിനുശേഷം ടൂറിസംമേഖലയിലുണ്ടായിരുന്ന വലിയ ആശങ്ക ദൂരീകരിക്കാൻ 2018ൽ കേരള ട്രാവൽ മാർട്ടിനു കഴിഞ്ഞിരുന്നു. കോവിഡിനെതിരായ കേരളത്തിന്റെ നടപടികൾ ലോകപ്രശസ്തമാണ്. ഇത്‌ ഉപയോഗപ്പെടുത്തി ഏറ്റവും വേഗത്തിൽ തിരികെയെത്താൻ ടൂറിസംമേഖലയ്‌ക്ക്‌ കഴിയുമെന്നും മന്ത്രി പറഞ്ഞു. ടൂറിസം സെക്രട്ടറി റാണി ജോർജ്‌, ഡയറക്ടർ ബാലകിരൺ, കെടിഎം പ്രസിഡന്റ്‌ ബേബി മാത്യു സോമതീരം എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top