19 October Saturday

കൊച്ചിയിലെ സ്വകാര്യ ബസ് സമരം പിൻവലിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 18, 2019

കാക്കനാട് > സ്വകാര്യബസുടമകൾ സെപ്‌തംബർ 20 മുതൽ നടത്താനിരുന്ന ബസ് സമരം പിൻവലിച്ചു. ബസുടമകളും തൊഴിലാളി പ്രതിനിധികളുമായി ജില്ലാ കളക്ടർ എസ് സുഹാസ് നടത്തിയ കൂടിക്കാഴ്ചയെ തുടർന്നാണ് തീരുമാനം. വൈറ്റിലയില്‍ ബസുകളുടെ ഗതാഗതക്രമീകരണം, സ്വകാര്യ ബസുകളുടെ സമയത്ത് കെഎസ്ആര്‍ടിസി ബസുകളുടെ സര്‍വീസ് എന്നിവയില്‍  പ്രതിഷേധിച്ചാണ് ബസുടമകള്‍ പണിമുടക്കിന് നോട്ടീസ് നല്‍കിയിരുന്നത്.

 പൊതുജനങ്ങൾക്കും  വിദ്യാർഥികൾക്കും ബുദ്ധിമുട്ടാകുമെന്നതിനാൽ പണിമുടക്കിൽനിന്നു പിന്തിരിയാൻ ജില്ലാ കളക്ടർ സ്വകാര്യ ബസുടമകളോടും തൊഴിലാളികളോടും ആവശ്യപ്പെട്ടു.  വൈറ്റിലയിലെ ഗതാഗതക്കുരുക്കിന്  പരിഹാരം കാണാനുള്ള വിവിധ മാർഗ്ഗങ്ങൾ പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ ജി പൂങ്കുഴലി, എസിപി ഫ്രാൻസിസ് ഷെൽബി, ആർടിഒ കെ മനോജ് കുമാർ തുടങ്ങിയവരുമായി അദ്ദേഹം ചർച്ച ചെയ്തു. 

 വൈറ്റില അണ്ടർ പാസിലൂടെ ബസുകൾ കടത്തിവിടുകയും ചെറുവാഹനങ്ങൾ വഴിതിരിച്ചുവിടുകയും ചെയ്യുക,  ബൈപ്പാസിനു പടിഞ്ഞാറു ഭാഗത്തെ സർവ്വീസ് റോഡിലെ തടസ്സങ്ങൾ നീക്കി ഗതാഗത യോഗ്യമാക്കുക എന്നീ സാധ്യതകളാണ് പരിശോധിച്ചത്. 

 സർവീസ് റോഡിലെ തടസ്സം നീക്കാൻ നാഷണൽ ഹൈവേ അതോറിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.  അണ്ടർപാസിലൂടെ ബസ്സുകൾ കടത്തിവിടുന്നതിന്റെ ആവശ്യകത  ഡിസിപിയുമായും ചർച്ച ചെയ്തു.  ഇതു പ്രകാരം  ഒരാഴ്ചക്കകം ആ  റോഡ് ഗതാഗതയോഗ്യമാക്കാൻ കൊച്ചി കോർപ്പറേഷൻ അധികൃതരോടും പൊതുമരാമത്ത് വകുപ്പിനോടും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top