22 October Tuesday

സോണിക്കുള്ളതാണ്‌ ഈ സമ്മാനം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 18, 2019


കളമശേരി
ഏലൂർ നഗരസഭ ഓണാഘോഷ മത്സരയിനങ്ങളിൽ വടംവലി ഉണ്ടെന്നറിഞ്ഞതോടെ പി എ ഷെരീഫും ആർ വാസുദേവും ചേർന്ന്‌ പഴയ ദേശീയ വടംവലിതാരം നാറാണത്തെ മുരുകന്റെ നേതൃത്വത്തിൽ ഒരു ടീം രൂപീകരിച്ചു. മെബിൻ ആന്റണിയാണ്‌ ക്യാപ്റ്റൻ. മത്സരത്തിന് പേര് കൊടുത്തത് ജയിക്കാനും ഒന്നാം സമ്മാനമായ 5,000 രൂപ നേടാനും തന്നെ. കാരണം സമ്മാനത്തുക  അവരുടെ പ്രിയപ്പെട്ട സോണിക്കുള്ളതാണ്‌.

ഏലൂരിലെ പൊതുപ്രവർത്തകനായിരുന്ന താമരപ്പറമ്പിൽ സോണി തോമസ് (24) ഇരുവൃക്കയും തകരാറായതിനെ തുടർന്ന് വൃക്കമാറ്റലിന് കാത്തിരിക്കുകയാണ്. ചികിത്സയ്‌ക്ക്‌ 30 ലക്ഷത്തോളം രൂപ ചെലവ് വരും. സോണിയെ സഹായിക്കുന്നതിന്‌ നഗരസഭാധ്യക്ഷയുടെ നേതൃത്വത്തിൽ ചികിത്സാസഹായസമിതി രൂപീകരിച്ചിട്ടുണ്ട്. സമ്മാനത്തുക ഇതിലേക്ക്‌ സംഭാവന നൽകാനാണ്‌ ഈ സുഹൃദ്‌സംഘത്തിന്റെ തീരുമാനം. ചികിത്സാനിധിയിലേക്ക് മറ്റുതരത്തിൽ സഹായമെത്തിക്കാനും ഇവർ മുന്നിലുണ്ട്‌.

വടംവലി മത്സരത്തിന്റെ സമ്മാനത്തുക ചികിത്സാനിധിയിലേക്ക് സഹായസമിതി അധ്യക്ഷ സി പി ഉഷയെയും കൺവീനർ എ ഡി സുജിലിനെയും ഏൽപ്പിച്ചു.


പ്രധാന വാർത്തകൾ
 Top