22 October Tuesday

കേന്ദ്രസംഘം കവളപ്പാറയും ആലപ്പുഴയും സന്ദർശിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 18, 2019


മലപ്പുറം/ ആലപ്പുഴ
പ്രളക്കെടുതി വിലയിരുത്താനെത്തിയ കേന്ദ്രസംഘം രണ്ടു സംഘമായി തിരിഞ്ഞ്‌ ജില്ലകളിൽ പര്യടനം തുടങ്ങി. മലപ്പുറം കവളപ്പാറയിലും ആലപ്പുഴയിലുമാണ്‌ സംഘമെത്തിയത്‌.
കവളപ്പാറയും പാതാറും അടക്കമുള്ള ദുരന്തഭൂമികളിലെത്തിയ സംഘത്തിന്‌  നാശനഷ്‌ടത്തിന്റെ ഭീകരത ബോധ്യമായി. മഞ്ചേരി വിപി ഹാളിൽ  ജില്ലാ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയ ശേഷമാണ്  ദുരിത ബാധിത മേഖലകൾ സന്ദർശിച്ചത്. ചുങ്കത്തറയിൽ ഒഴുകിപ്പോയ കൈപ്പിനി പാലം, പൂക്കോട്ടുമണ്ണ റെഗുലേറ്റർ കം ബ്രിഡ്ജ്, പാലങ്ങൾ തകർന്ന്  വനത്തിൽ ഒറ്റപ്പെട്ട 380ഓളം ആദിവാസികൾ രാപാർക്കുന്ന അമ്പുട്ടാൻപൊട്ടി വനപ്രദേശം, പ്രളയം നാശംവിതച്ച മുണ്ടേരി സംസ്ഥാന വിത്തുകൃഷിത്തോട്ടം  എന്നിവയും  സംഘം  സന്ദർശിച്ചു. ഉച്ചയ്‌ക്കുശേഷം ഒടായിക്കൽ റഗുലേറ്റർ കം ബ്രിഡ്ജ്, എടവണ്ണ, കീഴുപറമ്പ്, അരീക്കോട് എന്നിവിടങ്ങളും സന്ദർശിച്ചു. ആഭ്യന്തര മന്ത്രാലയം ജോയിന്റ് സെക്രട്ടറി ശ്രീപ്രകാശിന്റെ നേതൃത്വത്തിൽ  നാലു പേരാണ്‌ സംഘത്തിലുള്ളത്‌. പി വി അൻവർ എംഎൽഎ, കലക്ടർ ജാഫർ മലിക് എന്നിവരും കൂടെയുണ്ടായി.

ആലപ്പുഴയിലെത്തിയ സംഘം കുട്ടനാട്ടിലെ പ്രളയബാധിത മേഖലകൾ,   അമ്പലപ്പുഴ വടക്ക് വില്ലേജിലെ കടലാക്രമണ പ്രദേശങ്ങൾ, തോട്ടപ്പള്ളി സ്‌പിൽവേ, കടലാക്രമണം നേരിടുന്ന കാട്ടൂർ മേഖല, ഒറ്റമശേരി എന്നിവിടങ്ങളാണ്‌ സന്ദർശിച്ചത്‌.

കേന്ദ്ര ജലവിഭവവകുപ്പിലെ വി മോഹൻ മുരളിയടക്കം മൂന്നംഗ സംഘമാണ്‌ ജില്ലയിലെത്തിയത്‌. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പ്രതിനിധി ഡോക്‌ടർ അൻഡ്രൂസ് പെൻസർ ഒപ്പമുണ്ടായി. സംഘങ്ങൾ ബുധനാഴ്‌ച വയനാട്‌, തൃശൂർ ജില്ലകൾ സന്ദർശിക്കും.
 


പ്രധാന വാർത്തകൾ
 Top