21 July Sunday

‘പാലാ’ കഴിയും വരെ വെടിനിർത്തൽ; സമവായനീക്കം സജീവമാക്കി യുഡിഎഫ‌് നേതൃത്വം

പ്രത്യേക ലേഖകൻUpdated: Wednesday Jun 19, 2019



‘പാലാ’ കഴിയുംവരെ കേരള കോൺഗ്രസിലെ തർക്കത്തിന്‌  മൂക്കുകയറിടാൻ സമവായനീക്കം വീണ്ടും സജീവമാക്കി യുഡിഎഫ‌് നേതൃത്വം. തമ്മിലടി മൂർഛിപ്പിച്ച‌് കാഴ‌്ചക്കാരുടെ റോളിൽനിന്നവരാണ്‌ ഒത്തുതീർപ്പിന‌് രംഗത്തിറങ്ങിയത‌്. ഉമ്മൻചാണ്ടി, രമേശ‌് ചെന്നിത്തല, എം കെ മുനീർ എന്നിവർ ചൊവ്വാഴ‌്ച പി ജെ ജോസഫ‌് പക്ഷ എംഎൽഎമാരുമായി നിയമസഭയിൽ കൂടിക്കാഴ‌്ച നടത്തി. പാർടി ലീഡറായി  ജോസഫിനെയും ചെയർമാനായി സി എഫ് തോമസിനെയും അംഗീകരിച്ചാൽ ഒത്തുതീർപ്പിന് തയ്യാറെന്ന്  കൂടിക്കാഴ്ചയിൽ ജോസഫ് പക്ഷം വ്യക്തമാക്കി.

തലസ്ഥാനത്തെ ഒരു സഭാധ്യക്ഷന്റെ ഇടപെടലാണ‌് യുഡിഎഫ‌് നേതാക്കളെ പൊടുന്നനെ അനുരഞ‌്ജന ശ്രമവുമായി ഇറങ്ങാൻ  പ്രേരിപ്പിച്ചത‌്. ഈ സഭാധ്യക്ഷനടക്കം നിർദേശിച്ചത‌ു പ്രകാരം നേരത്തെ മൂന്ന‌ു തവണ ഇരുപക്ഷത്തെയും ചർച്ചയ‌്ക്ക‌് വിളിച്ചിരുന്നു.  മൂന്ന‌ു തവണയും ജോസ‌് കെ മാണി പക്ഷം ചർച്ചയ‌്ക്ക‌് വന്നില്ലത്രേ. പാലാ ഉപതെരഞ്ഞെടുപ്പ‌് കഴിയുംവരെ പ്രകോപനം സൃഷ്ടിക്കരുതെന്ന‌് ജോസഫിനോട‌് നേതാക്കൾ നിർദേശിച്ചതായാണ‌് സൂചന. ജോസഫിന‌് തൽക്കാലം മൂക്കുകയറിട്ടെങ്കിലും ചെയർമാൻ പദവി വിട്ടുകൊടുക്കില്ലെന്ന‌് ജോസ‌് പക്ഷം യുഡിഎഫ‌് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട‌്.

ജോസ് കെ മാണിയെ ചെയർമാനായി പ്രഖ്യാപിച്ച് ഒരു വിഭാഗം ഏകപക്ഷീയമായി നീങ്ങിയെന്നാണ് ജോസഫ് പക്ഷത്തിന്റെ ആക്ഷേപം. ഈ നിലയ്ക്ക് ഇനി ഒരുമിച്ച് പോകാനാകുമോയെന്നതിൽ സംശയമുണ്ടെന്നും ജോസഫ്  വ്യക്തമാക്കി. കോട്ടയം യോഗത്തിൽ പങ്കെടുത്ത രണ്ട‌് എംഎൽഎമാർ പാർടി വിട്ടുപോയെന്ന പി ജെ ജോസഫിന്റെ പ്രഖ്യാപനത്തിലെ നീരസവും യുഡിഎഫ‌് നേതൃത്വം വ്യക്തമാക്കി. ഇരുവരും യുഡിഎഫ‌് എംഎൽഎമാരാണെന്ന‌് ഓർക്കണമായിരുന്നുവെന്നാണ‌് നേതാക്കൾ പറഞ്ഞത‌്.

ജോസ‌് കെ മാണി, തോമസ‌് ചാഴികാടൻ എന്നിവരുമായി ഡൽഹിയിൽ കോൺഗ്രസ‌് നേതാക്കൾ ചർച്ച നടത്തിയിട്ടുണ്ട‌്. ചെയർമാൻ സ്ഥാനം സംബന്ധിച്ച നിയമപോരാട്ടം തുടരുമെന്നാണ‌് ഇരുപക്ഷത്തിന്റെയും നിലപാട‌്. നിയമപരമായി തീർപ്പ‌് വരുന്നത‌ുവരെ ഇക്കാര്യത്തിൽ മൗനംപാലിക്കണമെന്നാണ‌് നിർദേശം.
ലീഡർപദവി ജോസഫിനും ചെയർമാൻ പദവി സി എഫ് തോമസിനും നൽകാമെന്നും വർക്കിങ‌് ചെയർമാൻ സ്ഥാനം ജോസ് കെ മാണിക്ക് കിട്ടണമെന്നും നേരത്തെ വ്യക്തമാക്കിയിട്ടും ജോസഫ് വഴങ്ങിയില്ലെന്നാണ് ജോസ് പക്ഷത്തിന്റെ ആരോപണം. എന്നാൽ ചർച്ചയ്ക്ക്‌ ജോസ് സന്നദ്ധനായില്ലെന്ന് ജോസഫ്പക്ഷവും പറയുന്നു.


പ്രധാന വാർത്തകൾ
 Top