01 June Monday

കെ സുധാകരന്റെ സ്‌ത്രീവിരുദ്ധ പരാമർശങ്ങൾക്കെതിരെ സാംസ്‌കാരിക രംഗത്തെ സ്‌ത്രീകളുടെ പ്രസ്‌താവന

വെബ് ഡെസ്‌ക്‌Updated: Thursday Apr 18, 2019

കോൺഗ്രസ്‌ നേതാവും കണ്ണൂർ മണ്ഡലം യുഡിഎഫ്‌ സ്ഥാനാർഥിയുമായ കെ സുധാകരന്റെ സ്ത്രീഅധിക്ഷേപങ്ങള്‍ക്കെതിരെ കലാ സാഹിത്യ സാംസ്ക്കാരിക രംഗങ്ങളിലെ പ്രമുഖരായ സ്ത്രീകളുടെ പ്രസ്‌താവന. പൊതുസമൂഹത്തില്‍ സ്ത്രീനീതി പ്രധാന ചര്‍ച്ചാവിഷയമാക്കേണ്ട അവസരമായ തെരഞ്ഞെടുപ്പിൽ സ്‌ത്രീ വിരുദ്ധ നിലപാടുകൾ ആവർത്തിക്കുന്ന കെ സുധാകരനെ ലോക്‌സഭയിലേക്ക്‌ അയക്കണോ എന്ന്‌ സ്‌ത്രീകൾ തീരുമാനിക്കണമെന്ന്‌ പ്രസ്‌താവനയിൽ പറയുന്നു.

പ്രസ്‌താവന:

പൊതുസമൂഹത്തില്‍ സ്ത്രീനീതി പ്രധാന ചര്‍ച്ചാവിഷയമാക്കേണ്ട അവസരമാണ് ഓരോ തെരഞ്ഞെടുപ്പുവേളയും. എന്നാല്‍ ഈ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിലും സ്ത്രീവിരുദ്ധ പ്രസ്താവനകള്‍കൊണ്ട് പല രാഷ്ട്രീയ നേതാക്കളും വിവാദങ്ങളുണ്ടാക്കുകയാണ് ചെയ്യുന്നത്. പലരും തെറ്റുകള്‍ തിരുത്തി മാപ്പുപറഞ്ഞിട്ടുമുണ്ട്. എന്നാല്‍ കണ്ണൂര്‍ ലോകസഭാ മണ്ഡലം സ്ഥാനാര്‍ഥിയും മുൻ മന്ത്രിയും എം.പി., എം.എല്‍.എ. എന്നീ നിലകളില്‍ പലപ്രാവശ്യം നിയമനിര്‍മാണ സഭകളില്‍ അംഗമായിരുന്നിട്ടുള്ള വ്യക്തിയുമായ കെ. സുധാകരന്‍ എല്ലാ പ്രതിഷേധങ്ങളെയും നിയമങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് തന്റെ സ്ത്രീവിരുദ്ധ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്നു.

കെ സുധാകരന്റെ ഔദ്യോഗിക പേജില്‍ 15.04.2019 ല്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന തെരഞ്ഞെടുപ്പ് പ്രചരണ വീഡിയോക്കെതിരെ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. ജില്ലയിലെ മുഖ്യ വരണാധികാരിയായ കളക്ടര്‍ ആ വീഡിയോ പിൻവലിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ, അതു പിൻവലിക്കാനും മാപ്പു പറയാനും സുധാകരൻ തയ്യാറായിട്ടില്ല.

രാഷ്ട്രീയവും അധികാരവും പുരുഷന്മാര്‍ക്കു മാത്രമുള്ളതാണ് എന്ന നിലനില്‍ക്കുന്ന പുരുഷാധികാര വ്യവസ്ഥയ്‌ക്കെതിരെ നിയമം നിര്‍മ്മിക്കേണ്ടവരും നിലകൊള്ളേണ്ടവരുമാണ് ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും. അവർ തന്നെ സ്ത്രീവിരുദ്ധ നിലപാടുകള്‍ പ്രചരിപ്പിക്കുന്നത് സമൂഹത്തെ പ്രാകൃതാവസ്ഥയിലേക്ക് നയിക്കുന്നതും നിയമലംഘനങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നതുമായ പ്രവൃത്തിയാണ്.

കെ. സുധാകരന്‍ ഇത് ആദ്യമായല്ല സ്ത്രീത്വത്തെ അപമാനിക്കുന്നത്. സൂര്യനെല്ലി കേസിലെ 'പെണ്‍കുട്ടി'യെക്കുറിച്ച് പറഞ്ഞ വാചകങ്ങള്‍ മനസാക്ഷിയുള്ളവരാരും ഒരിക്കലും പൊറുക്കില്ല. കേരളത്തിന്റെ മുഖ്യമന്ത്രിയെക്കുറിച്ച്, 'സ്ത്രീകളേക്കാള്‍ മോശം' എന്നാണ് ഇദ്ദേഹത്തിന്റെ ഭാഷ്യം.  ആര്‍ത്തവം അശുദ്ധമാണെന്നും മറ്റുമുള്ള ഇദ്ദേഹത്തിന്റെ പ്രസ്താവനകള്‍ മുന്‍പും ചര്‍ച്ചയ്ക്ക് വിധേയമായിട്ടുണ്ട്.

''ഓളെക്കൊണ്ടൊന്നും കഴിയൂല, ഒക്കത്തിനും ആങ്കുട്ടികള്‍തന്നെ വേണം...... ഓന്‍ ആങ്കുട്ടിയാ.... ഓന്‍ പോയാല്‍ കാര്യം സാധിച്ചിട്ടേ വരൂ.... ഏതൊരു പോലീസുകാരനും ഒരിക്കല്‍ അബദ്ധം പറ്റും...'' -  ഇതൊക്കെയാണ് സുധാകരന്റെ പ്രചരണ വീഡിയോയിലെ പ്രധാന സംഭാഷണങ്ങള്‍. പെണ്ണ് ലോകസഭയില്‍ പോയിട്ടെന്തുകാര്യം എന്നാണ് അതിലൂടെ ഇദ്ദേഹം ചോദിക്കുന്നത്. കെ. സുധാകരന്റെ എതിര്‍ സ്ഥാനാര്‍ഥി ശ്രീമതി ടീച്ചറിനെ ലക്ഷ്യമാക്കിയിട്ടുള്ളതാണ് ഈ പരാമര്‍ശങ്ങള്‍ എന്ന് വ്യക്തമാണ്. ഇത്തരം മനോഭാവമുള്ള ഒരു വ്യക്തിയെ ലോകസഭയിലേക്ക് അയക്കണമോയെന്ന കാര്യം കണ്ണൂര്‍ ലോകസഭാ മണ്ഡലത്തിലെ സമ്മതിദായകരില്‍ ഭൂരിപക്ഷം വരുന്ന സ്ത്രീകള്‍ അടക്കമുള്ള വോട്ടര്‍മാര്‍ തീരുമാനിക്കട്ടെ.

സൂര്യനെല്ലിയിലെ പെണ്‍കുട്ടിയും നിര്‍ഭയയും ആക്രമിക്കപ്പെടുന്നത് അവര്‍ക്കുനേരെ പാഞ്ഞടുത്ത പുരുഷന്മാരാല്‍ മാത്രമല്ല, അവരെ സംരക്ഷിക്കുന്ന ആശയലോകം നിലനിര്‍ത്തുന്ന രാഷ്ട്രീയത്താലുമാണ്. കെ. സുധാകരന്റെ ഭാഷയും ഭാഷ്യവും ഈ ആശയലോകത്തെ സംരക്ഷിക്കുന്നതാണ്.  ഇത്തരത്തില്‍ അദ്ദേഹം നിരന്തരം പൊതുസമൂഹത്തില്‍ പ്രകടിപ്പിക്കുന്ന സ്ത്രീവിരുദ്ധതയെ ശക്തമായി അപലപിക്കുന്നു.  നിർദ്ദേശം പാലിക്കാതിരുന്ന സുധാകരനെതിരെ വരണാധികാരി തുടർനടപടി എടുത്തിട്ടില്ല. വീഡിയോ നീക്കം ചെയ്യാൻ പ്രദർശന മാധ്യമങ്ങളോട് അദ്ദേഹത്തിനു നിർദ്ദേശിക്കാവുന്നതാണ്. ഒപ്പം, കെ. സുധാകരനെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം അനുശാസിക്കുന്ന നടപടികള്‍ സ്വീകരിക്കണമെന്ന് സര്‍ക്കാരിനോടും തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമെന്ന നിലയില്‍ ഉചിതമായ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോടും കലാ സാഹിത്യ സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ ആവശ്യപ്പെടുന്നു.


1.ആനിരാജ

2.സുധ സുന്ദര്‍ റാം 

3.മറിയം ധാവ്ളെ 

4.മാലിനി ഭട്ടാചാര്യ 

5.എസ് ശാരദക്കുട്ടി

6.റീമ കല്ലിങ്കൽ

7.ദീദി ദാമോദരൻ 
8. കെ അജിത അന്വേഷി 
9.സജിത മഠത്തിൽ
10. സി.എസ് ചന്ദ്രിക 
11.വിധു വിന്‍സന്റ്‌
12.തനുജ ഭട്ടതിരി
13.കവിത ബാലകൃഷ്ണൻ
14.ഭാഗ്യലക്ഷ്മി സി.കെ
15.സിതാരഎസ്
16.ഖദീജ മുംതാസ്
17.മൈന ഉമൈബാൻ
18.സീനത്ത്
19. ഡോ.ടി.കെ ആനന്ദി 
20. ഡോ. അര്‍ച്ചന പ്രസാദ്‌ 
21. ഡോ. വി ശ്രീവിദ്യ 
22. ഡോ.മൃദുല്‍ ഈപ്പന്‍ 

23.അഡ്വ. പി.എം ആതിര
24. ബി.എം സുഹറ
25.രജിത മോൾ
26.രാധാമണി
27.സുനിത ആന്റണി
28.പൂര്‍ണിമ
29.എം.എസ്. രമ
30.അനസൂയ ഷാജി
31.അമൃത കെ.പി.എൻ
32.ഗീത ഗീതാഞ്ജലി
33.ഗൗരി പത്മം
34.ഡോ. ആരിഫ
35.മഞ്ജു സിംഗ്
36.അഡ്വ. ആശാ ഉണ്ണിത്താൻ
37.സീത കരിയാട്ട്
38.മഞ്ജുള കെ.വി
39.മേഴ്സി അലക്സാണ്ടർ
40. ശ്രുതി നമ്പൂതിരി 
41.ദലിമ
42.എച്ചുമികുട്ടി
43.ജോളി ചിറയത്ത്
44.രേവതി സമ്പത്ത്
45.ദിവ്യ ഗോപിനാഥ്
46.രഹന
47. രജിത ജി

48.ദര്‍ശന കെ.വി
49.ഷീല
50.പ്രിയദര്‍ശിനി
51.അന്ന മിനി
52.സീന ഭാസ്കർ
53.സീമ സി.ആര്‍
54. പ്രീത പ്രിയദർശിനി
55വി.എസ് ബിന്ദു
56.അനുശ്രീ
57. സരിത വർമ 
58.അര്‍ച്ചന പത്മിനി
59.അഡ്വ. മായ കൃഷ്ണൻ
60.ഫൗസിയ
61.അജികുമാരി

62.ധന്യ രാമൻ

63.ലക്ഷ്മി രാജീവ്‌

64.ആശാ ആച്ചി ജോസഫ്

65.കനി കുസൃതി

66.രോഷ്ണി മാരാനത്ത്

67. സിന്ധു ദിവാകരൻ

68. സാറാ ഹുസൈന്‍
69.പി.എം ആതിര
70.സുജ സൂസന്‍ ജോര്‍ജ്


പ്രധാന വാർത്തകൾ
 Top