25 May Monday

ശബരിമല അക്രമം തടയാൻ കേന്ദ്രവും നിർദേശിച്ചു ; കേന്ദ്ര ആഭ്യന്തരമന്ത്രാലയം കത്തയച്ചു

റഷീദ‌് ആനപ്പുറംUpdated: Thursday Apr 18, 2019ശബരിമലയുടെ മറവിൽ കേരളത്തിൽ കലാപം സൃഷ‌്ടിക്കാനുള്ള നീക്കം പൊളിഞ്ഞതിന‌് പിന്നാലെ തെരഞ്ഞെടുപ്പിൽ അയ്യപ്പഭക്തരെ തെറ്റിദ്ധരിപ്പിക്കാൻ പ്രധാനമന്ത്രിയും ബിജെപി ആർഎസ‌്എസ‌് നേതാക്കളും നടത്തിയ ഗൂഢനീക്കം അവർക്കുതന്നെ വിനയായി. ശബരിമലയിൽ എല്ലാ സുരക്ഷയും ശക്തമാക്കാനും  ആവശ്യമെങ്കിൽ നിരോധനാജ്ഞയടക്കം പ്രഖ്യാപിക്കാനും കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന സർക്കാരിന‌് നിർദേശം നൽകിയ കത്ത‌് പുറത്തായി.
സ‌്ത്രീ പ്രവേശനത്തിന‌് അനുമതി നൽകിയ  സുപ്രീംകോടതി വിധി പുറത്തുവന്ന ഒക‌്ടോബറിലാണ‌് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ആഭ്യന്തര സുരക്ഷാവിഭാഗം കേരളം, തമിഴ‌്നാട‌്, കർണാടക സംസ്ഥാന ചീഫ‌് സെക്രട്ടറിമാർക്കും പൊലീസ‌് മേധാവിമാർക്കും കത്തയച്ചത‌്. മുഖ്യമന്ത്രി പിണറായി വിജയൻതന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക‌് മറുപടി പറഞ്ഞതോടെ ബിജെപിയുടെ നീക്കം പൊളിഞ്ഞു.

കേന്ദ്ര ഇന്റലിജൻസ‌് റിപ്പോർട്ട‌് അടക്കം പരിഗണിച്ച‌ാണ‌് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക‌് കത്തയച്ചത‌്.  സുപ്രീംകോടതി വിധിയുടെ പശ‌്ചാത്തലത്തിൽ ശബരിമലയിൽ ചില സ‌്ത്രീ സംഘടനകളും തീവ്രഇടതുപക്ഷ സംഘടനകളും സ‌്ത്രീകളെ പ്രവേശിപ്പിക്കാൻ സാധ്യതയുള്ളതായി കത്തിലുണ്ട‌്. ഈ നീക്കത്തെ ചില ഹിന്ദു സംഘടനകൾ എതിർക്കും. ഈ വിഷയം ഉയർത്തി ചില അയ്യപ്പഭക്തരും ഹിന്ദു സംഘടനകളും ജാതി സംഘടനകളും സംസ്ഥാന വ്യാപകമായി സമരം നടത്തുമെന്നും കത്തിൽ വ്യക്തമാക്കി. തമിഴ‌്നാട‌്, കർണാടക സംസ്ഥാനങ്ങളിലേക്കും ചിലർ സമരം വ്യാപിപ്പിക്കുമെന്നും കത്തിൽ പറയുന്നു. അതിനാൽ ഭക്തർക്ക‌് സുരക്ഷ ഒരുക്കാനും ക്രമസമാധാനനില ഭദ്രമാക്കാനും ആവശ്യമായ എല്ലാ അടിയന്തര നടപടിയും സർക്കാർ സ്വീകരിക്കണം. ആവശ്യമെങ്കിൽ അനുയോജ്യമായ നിരോധന ഉത്തരവ‌് പുറപ്പെടുവിക്കാം. സാമൂഹ്യമാധ്യമങ്ങളിൽ അടക്കം ശക്തമായ നിരീക്ഷണം ഏർപ്പെടുത്തണമെന്നും കേന്ദ്ര ആഭ്യന്തര വകുപ്പ‌്  അണ്ടർ സെക്രട്ടറി  അരവിന്ദ‌് നാഥ‌് ജാ അയച്ച കത്തിൽ പറയുന്നു.

പ്രധാനമന്ത്രിയും അറിഞ്ഞു
പ്രധാനമന്ത്രി അറിയാതെ ഇത്തരം ഒരു കത്ത‌് സംസ്ഥാനങ്ങൾക്ക‌് അയക്കില്ല. കേന്ദ്ര ഇന്റലിജൻസും സംസ്ഥാന ഇന്റലിജൻസ‌ും ഇതു സംബന്ധിച്ച‌് വ്യക്തമായ റിപ്പോർട്ടും കേന്ദ്രത്തിന‌് നൽകിയിരുന്നു. ഇതിന്റെയൊക്കെ പശ‌്ചാത്തലത്തിൽ ശബരിമലയിൽ ശക്തമായ പൊലീസ‌് നടപടി സ്വീകരിക്കാൻ കേന്ദ്ര ഏജൻസികൾതന്നെ ഒന്നിലേറെ തവണ നിർദേശം നൽകി. ആവശ്യമെങ്കിൽ കേന്ദ്രസേനയുടെ സഹായവും തേടാൻ പറഞ്ഞു. ഭക്തരെ തെറ്റിദ്ധരിപ്പിക്കാൻ ഇതെല്ലാം ബിജെപി ഇപ്പോൾ വിസ‌്മരിക്കുന്നു.

ശബരിമലയിൽ നടന്നത‌്
തുലാമാസ പൂജയുടെ ആദ്യ ദിവസംതന്നെ സംഘപരിവാർ സംഘടിച്ച‌് ആക്രമണം അഴിച്ചുവിട്ടു. ഭക്തരെ തടഞ്ഞ‌് രേഖകൾ പരിശോധിച്ചു. മാധ്യമപ്രവർത്തകരെയും പൊലീസിനെയും ഭീകരമായി ആക്രമിച്ചു. വനിതാ മധ്യമപ്രവർത്തകരെയും വെറുതെ വിട്ടില്ല. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന‌് ക്രിമിനലുകളെ  ഇതിനായി നിലയ‌്ക്കലും പമ്പയിലും എത്തിച്ചു.

പൊലീസ‌് ചെയ‌്തത‌്
അക്രമികളുടെ ചിത്രവും ആക്രമണം നടത്തുന്നതിന്റെ വീഡിയോ ദൃശ്യവുമടക്കം ഉൾപ്പെടുത്തി പൊലീസ‌്  ആൽബം തയ്യാറാക്കി. ഇതിൽ ചിത്രങ്ങളുടെ ആൽബം രണ്ടു ഘട്ടങ്ങളിലായി പൊലീസ‌് പുറത്തുവിട്ടു. ഇവ കോടതിക്കും കൈമാറി. ശബരിമലയുടെ മറവിൽ സംസ്ഥാനത്ത‌് കലാപം അഴിച്ചുവിടാൻ ശ്രമിച്ചവരെ കണ്ടെത്തി നടപടി സ്വീകരിച്ചതിനെയാണ‌് കേരളത്തിൽ അയ്യപ്പഭക്തരെ ജയിലിൽ അടച്ചുവെന്ന‌് പ്രധാനമന്ത്രി കള്ളം പറഞ്ഞത‌്. ലക്ഷക്കണക്കിന‌് ഭക്തർ ശബരിമയിൽ ദർശനം നടത്തിയത‌് മറച്ചുവച്ചാണ‌് ഈ കള്ള പ്രചാരണം. പൊലീസ‌് നടപടിയെ ഹൈക്കോടതി ശരിവച്ചത‌് ബിജെപി മറച്ചുവയ‌്ക്കുകയാണ‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top