20 August Tuesday

ബിജെപി ഭരണത്തിൽ രാഷ‌്ട്രപതിഭവനിൽപ്പോലും സ‌്ത്രീകൾ ആക്രമിക്കപ്പെടുന്നു: സുഭാഷിണി അലി

വെബ് ഡെസ്‌ക്‌Updated: Thursday Apr 18, 2019


കൊച്ചി
ബിജെപിയുടെ ഭരണത്തിൽ  രാഷ‌്ട്രപതിഭവനിൽപ്പോലും സ‌്ത്രീകൾ സുരക്ഷിതരല്ലെന്ന‌് സിപിഐ എം പിബി അംഗം സുഭാഷിണി അലി പറഞ്ഞു. രാഷ‌്ട്രപതി ഭവന്റെ മതിലിനുള്ളിൽ കഴിഞ്ഞദിവസം  ഒരു സ‌്ത്രീ ലൈംഗികാതിക്രമത്തിന‌് ഇരയായി. ഇവിടെപ്പോലും സ‌്ത്രീക്ക‌് സുരക്ഷ നൽകാനാകാത്തവർ എങ്ങനെ രാജ്യത്തെ സംരക്ഷിക്കുമെന്ന‌് സുഭാഷിണി അലി ചോദിച്ചു. പാലാരിവട്ടം ആലിൻചുവടിൽ എൽഡിഎഫ‌് സംഘടിപ്പിച്ച തെരഞ്ഞെടുപ്പ‌് യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ.

സ‌്ത്രീകൾക്ക‌് വിദ്യാഭ്യാസം വേണ്ട, തൊഴിൽ വേണ്ട, വീട്ടിൽ മാത്രം  അടച്ചിരുന്നാൽമതി എന്നാണ‌് ബിജെപി പറയുന്നത‌്. ഇന്ത്യൻ ഭരണഘടന ഉറപ്പാക്കുന്ന തുല്യത അവർ അംഗീകരിക്കുന്നില്ല. എസ‌്സി, എസ‌്ടി വിഭാഗങ്ങൾ ഇന്ത്യയിലുടനീളം ആക്രമിക്കപ്പെടുന്നു. പാവപ്പെട്ട മുസ‌്ലിങ്ങളും കർഷകരും പശുവിനെ വളർത്താൻപോലും ഭയക്കുന്ന സ്ഥിതിയാണ‌്. പശുവിന്റെ പേരിൽ കൊല്ലപ്പെടുമെന്നുവരെ  അവർ ഭയക്കുന്നു. അംബാനി, അദാനി, പശു എന്നിവർക്ക‌ുവേണ്ടിയാണ‌് ബിജെപി ഭരണം. സൈക്കിൾപോലും നന്നാക്കാൻ അറിയാത്ത അംബാനിയുടെ കമ്പനിക്ക‌് റാഫേൽ കരാർ നൽകുക മാത്രമല്ല വിദേശത്തുനിന്ന‌് വായ‌്പയും ഇളവുകളും നേടിക്കൊടുക്കാനും മോഡി ഇടപെട്ടു. തിരുവനന്തപുരം വിമാനത്താവളം അദാനിക്ക‌് നൽകി.

ബിജെപിയെ ഒറ്റയ‌്ക്ക‌് നേരിടാൻ ഇറങ്ങിത്തിരിച്ച രാഹുൽ ഗാന്ധി മത്സരിക്കുന്നത‌് വയനാട്ടിൽ എൽഡിഎഫിനെതിരെയാണ‌്. രാഹുൽ 15 വർഷമായി എംപിയായിരുന്ന അമേഠിയിൽ 48 ശതമാനം കുട്ടികളും മരിക്കുന്നത‌് പോഷകാഹാരക്കുറവുമൂലമാണ‌്. അമ്പതു ശതമാനം സ‌്ത്രീക‌ളും സ്വന്തം പേരുപോലും എഴുതാൻ അറിയാത്തവരാണ‌്. വയനാട്ടിൽനിന്ന‌് ഒരു ആദിവാസി പെൺകുട്ടിക്ക‌് ഐഎഎസ‌് നേടാനായത‌് കേരളത്തിലെ സർക്കാർ പിന്തുണച്ചതിനാലാണ‌്. അമേഠിയിൽ  ഒരു പെൺകുട്ടിപോലും ബിരുദപഠനം പൂർത്തിയാക്കാനുള്ള സാഹചര്യം ഇപ്പോഴും നിലവിലില്ല.  കോൺഗ്രസ‌് നേതാവും സ്ഥാനാർഥിയുമായ കെ സുധാകരൻ സ‌്ത്രീകളെക്കുറിച്ച‌് നടത്തിയ പ്രചാരണം കോൺഗ്രസിലെതന്നെ വനിതാനേതാക്കൾക്ക‌് അപമാനം ഉണ്ടാക്കുന്നതാണെന്നും അവർ പറഞ്ഞു.

  എല്ലാ വിഭാഗക്കാരുമായി നല്ല ബന്ധം പുലർത്തുന്ന രാജീവിനെപ്പോലെയുള്ള ഇടതുപക്ഷക്കാർ പാർലമെന്റിൽ എത്തേണ്ടത് നമ്മുടെ ആവശ്യമാണെന്നും സുഭാഷിണി അലി പറഞ്ഞു. സിപിഐ എം വൈറ്റില ഏരിയ സെക്രട്ടറി കെ ഡി വിൻസന്റ‌് അധ്യക്ഷനായി.

എൽഡിഎഫ‌് എറണാകുളം പാർലമെന്ററി കമ്മിറ്റി ജനറൽ കൺവീനർ സി എം ദിനേശ‌്മണി, സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ, കെ ടി സാജൻ, എൻ സതീഷ‌്, സുനി കൈലാസം, ഡോ. പൂർണിമ നാരായൺ തുടങ്ങിയവർ സംസാരിച്ചു.


പ്രധാന വാർത്തകൾ
 Top