31 March Tuesday

നേതാക്കൾ തമ്മിൽ ഐക്യമില്ല, ചർച്ചയില്ല; മുല്ലപ്പള്ളി വന്നത്‌ തുലയ്ക്കാൻ ; കെപിസിസി രാഷ്‌ട്രീയകാര്യ സമിതിയിൽ രൂക്ഷവിമർശനവും വാഗ്വാദവും

പ്രത്യേക ലേഖകൻUpdated: Wednesday Feb 19, 2020


കെപിസിസി രാഷ്‌ട്രീയകാര്യ സമിതിയിൽ നേതാക്കൾക്കെതിരെ രൂക്ഷവിമർശനവും വാഗ്വാദവും. മുല്ലപ്പള്ളി രാമചന്ദ്രനെതിര കടുത്ത വിമർശനമാണ്‌ ഉയർന്നത്‌. നേതാക്കൾ പാർടിയെ തുലയ്‌ക്കാൻ ഇറങ്ങിയിരിക്കുകയാണോയെന്നും  ടെലിഫോണിലെങ്കിലും ഇവർ തമ്മിൽ  സംസാരിക്കാറുണ്ടോയെന്ന ചോദ്യവും  ഉയർന്നു. നേതാക്കൾ തമ്മിൽ ഐക്യമില്ല, പരസ്‌പര ചർച്ചയില്ല, ഉത്തരവാദിത്തം നിറവേറ്റുന്നില്ല എന്നിങ്ങനെയായിരുന്നു വിമർശനം.

മുല്ലപ്പള്ളി നേതാക്കൾക്കുപോലും അപ്രാപ്യനാണെന്നും ഒരു കാര്യവും കൂടിയാലോചിക്കാറില്ലെന്നും കെ മുരളീധരൻ കുറ്റപ്പെടുത്തി. വർക്കിങ്‌ പ്രസിഡന്റായ തന്നെ കഴിഞ്ഞ ഒന്നരവർഷമായി ടെലിഫോണിൽപ്പോലും ഒന്ന്‌ വിളിച്ചിട്ടില്ലെന്ന്‌ കെ സുധാകരൻ വിമർശിച്ചു. സുധാകരൻ ഇതേവരെ തന്നെയും വന്നുകണ്ടിട്ടില്ലെന്നും വിളിച്ചിട്ടില്ലെന്നും  മുല്ലപ്പള്ളി തിരിച്ചടിച്ചു. നേതാക്കൾ തമ്മിൽ അഭിപ്രായപ്പൊരുത്തമില്ലെന്നും ഇത്‌ പ്രധാന വിഷയങ്ങളിൽപ്പോലും ആശയക്കുഴപ്പം സൃഷ്ടിക്കുകയാണെന്നും കെ വി തോമസ്‌, വി എം സുധീരൻ, വി ഡി സതീശൻ, പി സി ചാക്കോ എന്നിവർ കുറ്റപ്പെടുത്തി.

സർവപ്രതാപിയായിരുന്ന കെ കരുണാകരൻപോലും കൂടിയാലോചന നടത്തിയിട്ടുണ്ടെന്നും അധികാരം നഷ്ടപ്പെട്ട  കരുണാകരന്റെ അവസ്ഥ എന്തായിരുന്നെന്ന്‌ ഓർക്കണമെന്ന്‌ വി എം സുധീരൻ മുന്നറിയിപ്പുനൽകി. നേതാക്കൾ തമ്മിൽ അഭിപ്രായ സമന്വയമുണ്ടാക്കാൻ കെപിസിസി അധ്യക്ഷന് സാധിക്കുന്നില്ലെന്നും നേതാക്കൾ വിമർശിച്ചു. സിഎജി റിപ്പോർട്ടുമായി ബന്ധപ്പെട്ട് രണ്ടു തരത്തിലുള്ള അന്വേഷണം ആവശ്യപ്പെട്ടത് അഭിപ്രായഭിന്നതയുടെ പരസ്യ ഉദാഹരണമായി നേതാക്കൾ ചൂണ്ടിക്കാട്ടി.

പാർടിയെ നയിക്കുന്നതിലും നിർണായക വിഷയങ്ങളിൽ തീരുമാനമെടുക്കേണ്ടപ്പോഴും നേതാക്കൾ എന്തുകൊണ്ട് കൂടിയാലോചന നടത്തുന്നില്ലെന്ന് വി ഡി സതീശൻ ചോദിച്ചു. പാർടിയിലും നേതാക്കൾക്കിടയിലും സമവായമുണ്ടാക്കേണ്ട  കെപിസിസി അധ്യക്ഷൻ  ആ ഉത്തരവാദിത്തം നിർവഹിക്കുന്നില്ല. പാർടിയെ തുലയ്‌ക്കാൻ ഇറങ്ങിയിരിക്കുകയാണോയെന്നും സതീശൻ ശബ്ദമുയർത്തി ചോദിച്ചു.

ആരുമായും കെപിസിസി  പ്രസിഡന്റ് ബന്ധപ്പെടാറില്ല. ഫോണിൽ വിളിച്ചാൽ കിട്ടാറുമില്ല. പ്രസിഡന്റ് ആരുമായും ബന്ധപ്പെടാത്തതുകൊണ്ടുതന്നെ പാർടിയിൽ  തീരുമാനമെടുക്കാനും കഴിയുന്നില്ല. പൗരത്വഭേദഗതി നിയമംപോലെ സുപ്രധാനമായ വിഷയമുണ്ടായിട്ടുപോലും രാഷ്ട്രീയകാര്യസമിതി യോഗം വിളിച്ചില്ല –- അദ്ദേഹം പറഞ്ഞു.  സംയുക്ത പ്രക്ഷോഭത്തിനെതിരെ കെപിസിസി പ്രസിഡന്റ് സ്വീകരിച്ച നിലപാട് ശരിയായില്ലെന്ന് സതീശനൊപ്പം ഷാനിമോൾ ഉസ്മാനും കുറ്റപ്പെടുത്തി.
മൂന്നു മാസത്തിനുശേഷമാണ്‌ കെപിസിസി രാഷ്‌ട്രീയകാര്യ സമിതി വിളിച്ചുചേർത്തത്‌. അതുതന്നെ പരസ്‌പരം കുറ്റപ്പെടുത്തലിലും വാഗ്‌പോരിലും കലാശിച്ചു.


പ്രധാന വാർത്തകൾ
 Top