31 March Tuesday

പൊലീസിനെ വഴിതെറ്റിക്കാൻ ശ്രമം; ഒടുവിൽ കുറ്റസമ്മതം

വെബ് ഡെസ്‌ക്‌Updated: Tuesday Feb 18, 2020

ശരണ്യ പൊലീസ്‌സ്‌റ്റേഷനിൽ


കണ്ണൂർ
കുഞ്ഞിനെ കൊന്ന കുറ്റം ഭർത്താവിന്റെ തലയിലാക്കാൻ പദ്ധതി ആസൂത്രണം ചെയ്‌ത അമ്മയ്‌ക്ക്‌ പൊലീസിന്റെ അന്വേഷണമികവിനുമുന്നിൽ അടിതെറ്റി. രണ്ടുദിവസം നീണ്ട ചോദ്യം ചെയ്യലിലാണ്‌ കുഞ്ഞിനെ കൊന്നതെങ്ങനെയെന്ന്‌ ശരണ്യയെക്കൊണ്ട്‌ പൊലീസ്‌ പറയിപ്പിച്ചത്‌. പൊലീസിനെ വഴിതെറ്റിക്കാൻ അടവു പയറ്റിയ പ്രതി ഒടുവിൽ കുറ്റസമ്മതത്തിലേക്കെത്തി.

ഒന്നര വയസ്സുകാരൻ വിയാനെ കാണാനില്ലെന്ന പരാതി തിങ്കളാഴ്‌ച രാവിലെ എത്തിയതുമുതൽ സിറ്റി പൊലീസ്‌ ശരണ്യയെയും ഭർത്താവ്‌ പ്രണവിനെയും നിരീക്ഷണത്തിലാക്കിയിരുന്നു. പുലർച്ചെ രണ്ടേമുക്കാലിന്‌ പാലു കൊടുത്തശേഷം കുഞ്ഞിനെ ഭർത്താവിനടുത്തു കിടത്തിയിരുന്നുവെന്നും അതിനുശേഷമാണ്‌ കാണാതായതെന്നുമാണ്‌ ശരണ്യ ആദ്യം പറഞ്ഞത്‌. ഇതിൽതന്നെ പൊലീസ്‌ സംശയിച്ചുതുടങ്ങിയിരുന്നു. കുട്ടിയെ ആരോ തട്ടിക്കൊണ്ടുപോയെന്നായിരുന്നു പ്രണവിന്റെ മൊഴി.  പെരുമാറ്റത്തിലും സംശയം തോന്നിയതോടെ ഇരുവരെയും പൊലീസ്‌ കസ്‌റ്റഡിയിലെടുത്തു. ചോദ്യം ചെയ്യിലും ഇരുവരും പരസ്‌പരം കുറ്റപ്പെടുത്തുകയായിരുന്നു.

ചോദ്യം ചെയ്യലിലെ സൂചനയെത്തുടർന്നാണ്‌ കടലിലെ കരിങ്കൽ ഭിത്തിയിൽ പൊലീസ്‌ തെരച്ചിലിനെത്തിയത്‌. കരിങ്കൽ ഭിത്തിയിൽ കുരുങ്ങിയനിലയിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. തൊട്ടുപിന്നാലെ, ശരണ്യയുടെ സഹോദരനെയും അമ്മയെയും പൊലീസ്‌ കസ്‌റ്റഡിയിയിലെടുത്തു. ചോദ്യം ചെയ്യലിനുശേഷം വൈകിട്ടോടെ ഇരുവരെയും വിട്ടയച്ചു.

തിങ്കളാഴ്‌ച വൈകിട്ടോടെതന്നെ ശരണ്യയാണ്‌ കൊലപാതകം നടത്തിയതെന്ന നിഗമനത്തിൽ പൊലീസ്‌ എത്തിയിരുന്നു. ഫോറൻസിക്‌ പരിശോധനാഫലംകൂടി പരിശോധിച്ചശേഷം പഴുതുകൾ അടച്ച്‌ അറസ്റ്റു മതിയെന്നായിരുന്നു അന്വേഷകസംഘത്തിന്റെ തീരുമാനം. വീട്ടിൽ കുഞ്ഞിനെ കിടത്തിയ ഷീറ്റും പാൽക്കുപ്പിയും ശരണ്യയുടെയും പ്രണവിന്റെയും വസ്‌ത്രങ്ങളും ഫോറൻസിക്‌ പരിശോധനക്ക്‌ വിധേയമാക്കിയിരുന്നു.


പ്രധാന വാർത്തകൾ
 Top