31 March Tuesday

പ്രവാസിക്ക്‌ ഭക്ഷണം നൽകിയതിനും ആക്ഷേപം ; പിന്നിൽ ‘എമർജിങ്‌’ കാലത്തെ അഴിമതിക്കാർ

എം വി പ്രദീപ്‌Updated: Wednesday Feb 19, 2020



തിരുവനന്തപുരം
ലോക കേരളസഭയിലെ പ്രതിനിധികൾക്ക്‌ ഭക്ഷണം നൽകിയതിനെ ആക്ഷേപിക്കുന്നവർ ഉമ്മൻചാണ്ടി ഭരണകാലത്ത്‌ പ്രവാസികളെ വഞ്ചിച്ച എമർജിങ് അഴിമതിയുടെ പങ്കുകാർ. 2012 സെപ്തംബർ 12 മുതൽ 14 വരെയാണ് എമർജിങ് കേരള എന്ന പേരിൽ കൊച്ചിയിൽ  ആഗോള നിക്ഷേപസംഗമം നടത്തിയത്‌. ലോകത്തെ വ്യവസായങ്ങളെ കേരളത്തിലേക്ക്‌ ആകർഷിക്കാനെന്ന പേരിൽ നടത്തിയ പരിപാടിയിൽ പങ്കെടുത്ത വിദേശ നിക്ഷേപകർക്ക്‌ വ്യവസായം തുടങ്ങാൻ പിന്നീട്‌ ഒരുസഹായവും ഉണ്ടായില്ല. എന്നാൽ, പദ്ധതികൊണ്ട്‌ യുഡിഎഫിന്‌ നേട്ടമുണ്ടായി; ഏഴുകോടിയുടെ തീവെട്ടിക്കൊള്ള നടത്താനായെന്നതുമാത്രമായിരുന്നു എമർജിങ്‌ കേരളയുടെ ആ നേട്ടം.

എമർജിങ് കേരളയ്ക്ക് 17 കോടി 47 ലക്ഷം രൂപ ചെലവായതായും പദ്ധതികളൊന്നും ആരംഭിക്കാനായിട്ടില്ലെന്നും ഒരുവർഷത്തിനുശേഷം വിവരാവകാശ അപേക്ഷയിൽ മേളയുടെ നോഡൽ ഏജൻസിയായ സംസ്ഥാന വ്യവസായ വികസന കോർപറേഷൻ (കെഎസ്ഐഡിസി) തന്നെ സമ്മതിച്ചിരുന്നു. ശതകോടികൾ ചെലവഴിച്ചിട്ടും നിക്ഷേപം നേടിയെടുക്കുന്നതിൽ ഉമ്മൻചാണ്ടി സർക്കാർ പരാജയപ്പെട്ടതൂകൂടാതെ ചെലവഴിച്ച കണക്കുകളിൽ വൈകാതെ സംശയവും  ഉയർന്നു. അത്‌ പ്രതിനിധികൾക്ക്‌ ഭക്ഷണം നൽകിയതിനും താമസമൊരുക്കിയതിനും വിനോദസഞ്ചാരകേന്ദ്രങ്ങൾ സന്ദർശിക്കാൻ അവസരം ഒരുക്കിയതിന്‌ ചെലവാക്കിയ തുകയിലൊന്നുമായിരുന്നില്ല. ചെലവഴിച്ച തുകയിൽനിന്ന്‌ ഏഴുകോടിയോളം രൂപ അടിച്ചുമാറ്റിയിട്ടുണ്ടെന്നതായിരുന്നു കേസ്. പരാതിയിൽ കഴമ്പുണ്ടെന്നും എമർജിങ് കേരള അഴിമതിയെക്കുറിച്ച്‌ വിജിലൻസ് അന്വേഷിക്കണമെന്നും ലോകായുക്ത ഉത്തരവിട്ടു. അന്വേഷണത്തിന് വിജിലൻസ് ഡയറക്ടർ മേൽനോട്ടം വഹിക്കണമെന്നും ലോകായുക്ത വ്യക്തമാക്കി. പിന്നീട്‌ അധികാരം ഉപയോഗിച്ച്‌ അന്വേഷണം അട്ടിമറിച്ചു.

എമർജിങ് കേരളയിൽ അവതരിപ്പിച്ച 176 പദ്ധതിയിൽ വ്യവസായ വകുപ്പിനു കീഴിൽ വരുന്ന 22 പദ്ധതിയിലും ധാരണപത്രം ഒപ്പിടാൻപോലും കഴിഞ്ഞില്ല. മേള നടത്തി പണംതട്ടുന്നതിനപ്പുറം ഒരു ലക്ഷ്യവും യുഡിഎഫ്‌ സർക്കാരിനുണ്ടായില്ല. ഐടി വകുപ്പിനു കീഴിലുള്ള ആറു പദ്ധതിയിൽ നിക്ഷേപകർ താൽപ്പര്യം  കാണിച്ചിട്ടും സർക്കാർ സഹകരിച്ചില്ല. ഊർജവകുപ്പിനു കീഴിലെ 17 പദ്ധതിയിൽ സോളാർ പ്രധാനമായ മൂന്നെണ്ണം തുടർനടപടികൾക്ക്‌ ശ്രമിച്ചെങ്കിലും സരിത സോളാർപദ്ധതിയുമായി വന്നതോടെ ആ മൂന്നു നിക്ഷേപകരെയും അവഗണിച്ച്‌ തിരിച്ചയച്ചു.


പ്രധാന വാർത്തകൾ
 Top