04 April Saturday

സംഗീതാത്മകം ഈ സന്യസ്തജീവിതം

കെ ഡി ജോസഫ്Updated: Tuesday Feb 18, 2020


കാലടി 
സിസ്‌റ്റർ റിൻസി അൽഫോൻസിന് സംഗീതം ജീവിതമാണ്. തന്റെ സപര്യ സന്യാസവൃത്തിക്കിടയിലും ഇവർ തുടരുന്നു. ജന്മനാ ലഭിച്ച കഴിവുകൾ സാധനയിലൂടെ തേച്ചുമിനുക്കിയ സിസ്റ്ററുടെ പ്രൊഫഷണൽ സംഗീതാവതരണം ഒരു പതിറ്റാണ്ട്‌ പിന്നിടുന്നു. ബുധനാഴ്ച രാത്രി ഏഴിന് കാലടി സെന്റ് ജോർജ് പള്ളി തിരുനാളിന്റെ ഭാഗമായി സിസ്റ്ററുടെ കച്ചേരി അരങ്ങേറും. ആർഎൽവി കോളേജിലെ പ്രൊഫസർമാരായ എൻ പാർവതി അമ്മാൾ, അജയ് കെ അരവിന്ദ്, ധർമതീർഥൻ എന്നിവർ പക്കമൊരുക്കും.

ചേർത്തലയ്‌ക്കടുത്ത് പാണാവള്ളി പുത്തൻപുരയ്ക്കൽ അൽഫോൻസ്–അന്നമ്മ ദമ്പതികളുടെ മകളായ സിസ്റ്റർ റിൻസിക്ക് ചെറുപ്പകാലംമുതലേ  സംഗീതാഭിരുചിയുണ്ടായിരുന്നു. പിന്നീട് കന്യാസ്ത്രീമഠത്തിൽ ചേർന്നു. പാട്ടിനോടുള്ള താൽപ്പര്യം തിരിച്ചറിഞ്ഞ മദർ സുപ്പീരിയർ റീസ പാറയ്ക്കലിന്റെ അകമഴിഞ്ഞ പ്രോത്സാഹനം തുണയായി.  തൃപ്പൂണിത്തുറ ആർഎൽവി കോളേജിൽനിന്ന്  സംഗീതത്തിൽ ബിരുദം നേടി.

കോളേജിലെ വയലിൻ വിഭാഗം അധ്യാപകൻ അബ്ദുൾ അസീസിന്റെ കീഴിൽ വയലിനും അഭ്യസിച്ചു. ആലുവ ചുണങ്ങംവേലി മഠത്തിലായിരുന്നു അരങ്ങേറ്റം. ഇതിനകം നിരവധി കച്ചേരികൾ അവതരിപ്പിച്ചു. ക്രിസ്തീയഗാന ആൽബങ്ങളിലും പാടി. അഗതികളുടെ സഹോദരിമാർ എന്ന സഭാംഗമായ സിസ്റ്റർ റിൻസി നിലവിൽ വൈക്കം സെന്റ് ലിറ്റിൽ തെരേസാസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ സംഗീതാധ്യാപികയാണ്.

സംഗീതജ്ഞയായ കന്യാസ്ത്രീ എന്ന നിലയിൽ ജനങ്ങൾ തനിക്ക് വളരെയധികം സ്നേഹബഹുമാനങ്ങൾ നൽകുന്നുണ്ടെന്ന് സിസ്റ്റർ റിൻസി പറഞ്ഞു. ഇതാണ് എക്കാലവും  പ്രചോദനമേകുന്നത്. സംഗീതത്തിൽ കൂടുതൽ പഠനവും ഗവേഷണവും നടത്താനാണ് സിസ്റ്റർക്ക് താൽപ്പര്യം.


പ്രധാന വാർത്തകൾ
 Top