04 April Saturday

കേന്ദ്രജീവനക്കാർക്ക്‌ പഴയ പെൻഷൻ പദ്ധതിയിലേക്ക്‌ മാറാം; മെയ്‌ 31നകം അപേക്ഷ നൽകണം

കെ ടി ശശിUpdated: Tuesday Feb 18, 2020

പുതിയ പെൻഷൻ പദ്ധതി (എൻപിഎസ്‌) നിലവിൽ വന്ന 2004 ജനുവരി ഒന്നിനുമുമ്പ്‌ നിയമനം നേടിയിട്ടും  സാങ്കേതിക കാരണങ്ങളാൽ ഇതിൽപ്പെട്ട കേന്ദ്രജീവനക്കാർക്ക്‌ പഴയ പെൻഷൻ പദ്ധതിയിലേക്ക്‌ മാറാം. ഒറ്റത്തവണ മാത്രം നൽകുന്ന ഈ സൗകര്യം എല്ലാ വകുപ്പുകളിലെയും ജീവനക്കാർക്ക്‌ ഉപയോഗപ്പെടുത്താമെന്ന്‌ കേന്ദ്ര പെൻഷൻ, പെൻഷനേഴ്‌സ്‌ വെൽഫെയർ വകുപ്പ്‌ തിങ്കളാഴ്‌ച പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കി. മെയ്‌ 31നകം  അപേക്ഷ നൽകണം.

പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പാക്കുന്നതിന്‌ കേന്ദ്ര ധനമന്ത്രാലയം 2003 ഡിസംബർ 22ന്‌ പുറപ്പെടുവിച്ച ഉത്തരവു പ്രകാരം 2004 ജനുവരി ഒന്നിനോ അതിനുശേഷമോ നിയമനം ലഭിച്ചവരാണ്‌ പുതിയ പദ്ധതിയുടെ പരിധിയിൽ വരിക. ഈ വിഭാഗത്തിൽപ്പെട്ട ജീവനക്കാരുടെ ശമ്പളത്തിൽനിന്ന്‌  പെൻഷൻ പദ്ധതിയിലേക്ക്‌  വിഹിതം ഈടാക്കുന്നുമുണ്ട്‌. എന്നാൽ, യോഗ്യതാ പരീക്ഷയും ഇന്റർവ്യൂവും നിയമനവുമെല്ലാം 2003 ഡിസംബർ 31നുമുമ്പ്‌ പൂർത്തിയായിട്ടും സാങ്കേതിക കാരണങ്ങളാൽ 2004 ജനുവരി ഒന്നിനോ അതിനുശേഷമോമാത്രം ജോലിയിൽ പ്രവേശിക്കാൻ കഴിഞ്ഞവർ ഏറെയാണ്‌.

അപേക്ഷ പരിഗണിച്ച്‌ പഴയ പെൻഷൻ പദ്ധതിയിലേക്കു മാറ്റുന്നതു സംബന്ധിച്ച ഉത്തരവ്‌ 2020 സെപ്‌തംബർ 30നകം പുറപ്പെടുവിക്കും.

ഇവർക്ക്‌ പങ്കാളിത്ത പെൻഷൻ മാറ്റാം
● നിയമന പ്രക്രിയ 2004 ജനുവരി ഒന്നിനു മുമ്പ്‌ പൂർത്തിയായിട്ടും പൊലീസ്‌ വെരിഫിക്കേഷൻ, മെഡിക്കൽ പരിശോധന, സാങ്കേതിക തടസ്സം, കോടതി ഉത്തരവ്‌, വകുപ്പുകളുടെ അലംഭാവം തുടങ്ങിയവ മൂലം ഉത്തരവ്‌ വൈകിയവർ

● അധികൃതർ നിർദേശിച്ചതുകൊണ്ടു മാത്രം വൈകി ജോലിയിൽ പ്രവേശിച്ചവർ, ജോലിയിൽ പ്രവേശിക്കാൻ സാവകാശം അനുവദിച്ചതിനാൽ സീനിയോറിറ്റി നഷ്ടപ്പെടുന്നവർ, മെഡിക്കൽ–- വരുമാന–- ജാതി സർട്ടിഫിക്കറ്റുകളിലെ അപാകം തുടങ്ങിയ കാരണങ്ങളാൽ യഥാസമയം ജോലിയിൽ പ്രവേശിക്കാൻ കഴിയാതെവരികയും പിന്നീട്ട്‌ ഇവ പരിഹരിക്കപ്പെടുകയും ചെയ്‌തവർ


പ്രധാന വാർത്തകൾ
 Top