03 April Friday

നെടുങ്കണ്ടം കസ്‌റ്റഡി മരണം: മുൻ എസ്‌ഐ അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Feb 18, 2020


നെടുങ്കണ്ടം കസ്‌റ്റഡി മരണക്കേസിലെ മുഖ്യപ്രതിയും മുൻ എസ്ഐയുമായ കെ എസ്‌ സാബുവിനെ സിബിഐ അറസ്‌റ്റ്‌ ചെയ്‌തു. സിബിഐ കേസന്വേഷണം ഏറ്റെടുത്തശേഷമുള്ള ആദ്യ അറസ്റ്റാണിത്.

എറണാകുളം ഞാറയ്‌ക്കൽ പെരുമ്പിള്ളി സ്വദേശി സാബുവിന്‌ ചോദ്യം ചെയ്യലിന്‌ ഹാജരാകാൻ സിബിഐ നോട്ടീസ്‌ നൽകിയിരുന്നു. ഞായറാഴ്‌ച രാത്രി അറസ്‌റ്റ്‌ രേഖപ്പെടുത്തി. തിങ്കളാഴ്‌ച എറണാകുളം ചീഫ്‌ ജുഡീഷ്യൽ മജിസ്‌ട്രേട്ട്‌ കോടതിയിൽ ഹാജരാക്കിയ സാബുവിനെ ആറുദിവസത്തേക്ക്‌ സിബിഐ കസ്‌റ്റഡിയിൽ വിട്ടു. പ്രതികളായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ എറണാകുളം സിജെഎം കോടതിയിൽ കഴിഞ്ഞ 26ന് സിബിഐ എഫ്ഐആർ നൽകിയിരുന്നു. തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണച്ചുമതല.

സാമ്പത്തികത്തട്ടിപ്പ്‌ കേസിൽ വാഗമൺ സ്വദേശി രാജ്‌കുമാറിനെ (53) നെടുങ്കണ്ടം പൊലീസ്‌ അറസ്‌റ്റ്‌ ചെയ്യുമ്പോൾ സ്‌റ്റേഷൻ ചുമതല സാബുവിനായിരുന്നു. പീരുമേട് സബ് ജയിലിൽ റിമാൻഡിലായിരുന്ന രാജ്‌കുമാർ പൊലീസ്‌ മർദനത്തെ തുടർന്ന് 2019 ജൂൺ 21ന്‌ മരിച്ചെന്നാണ് കേസ്. രാജ്‌കുമാർ മരിച്ചതോടെ സാബു സസ്‌പെൻഷനിലായി. ക്രൈംബ്രാഞ്ച്‌ സാബുവിനെ അറസ്‌റ്റ്‌ ചെയ്‌തെങ്കിലും ഹൈക്കോടതി ജാമ്യം നൽകി. ഇതിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഡിസംബറിൽ കേസ്‌ സിബിഐ ഏറ്റെടുത്തപ്പോൾ ജാമ്യം റദ്ദാക്കി അറസ്‌റ്റ്‌ ചെയ്യാൻ സുപ്രീംകോടതി നിർദേശിച്ചു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top