05 July Sunday

കത്തിനശിച്ചത് 100 ഹെക്ടർ വനം ; തീ മനുഷ്യനിര്‍മിതമെന്ന്‌ സൂചന ; 7.5 ലക്ഷം വീതം അടിയന്തരസഹായം

വെബ് ഡെസ്‌ക്‌Updated: Tuesday Feb 18, 2020


തൃശൂർ
ദേശമംഗലത്തുണ്ടായ കാട്ടുതീയിൽ കത്തിനശിച്ചത് നൂറ്‌ ഹെക്ടറോളം  വനം. കൊറ്റമ്പത്തൂരിലെ കാട്ടുതീ മനുഷ്യനിർമിതമെന്ന് വനംവകുപ്പിന്റെ പ്രഥമ റിപ്പോർട്ട്. വനം പാട്ടത്തിനെടുത്ത എച്ച്എൻഎല്ലിന് അനാസ്ഥയുണ്ടായെന്നും റിപ്പോർട്ടുണ്ട്. സംഭവത്തിൽ വടക്കാഞ്ചേരി ഫോറസ്റ്റ് റേഞ്ചിലുള്ള  പൂങ്ങോട് സ്റ്റേഷൻ   കേസെടുത്തു. തൃശൂർ ഡിഎഫ്ഒ  എ രഞ്ചനാണ് അന്വേഷണ ചുമതല.

തിങ്കളാഴ്ച വനംവകുപ്പ് മേധാവി പി കെ കേശവൻ, അഡീഷണൽ പ്രിൻസിപ്പൽ സിസിഎഫ്  രാജേഷ് രവീന്ദ്രൻ, തൃശൂർ സിസിഎഫ് ദീപക് മിശ്ര തുടങ്ങിയവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ഡിഎഫ്ഒമാർ, വൈൽഡ്‌ ലൈഫ്‌ വാർഡന്മാർ, റേഞ്ചർമാർ തുടങ്ങിയവരും സ്ഥലത്ത് എത്തിയിരുന്നു.  അപകടം സംഭവിച്ച പ്രദേശത്തെ 475 ഹെക്ടറോളം  വനഭൂമി വർഷങ്ങളായി ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡ് കമ്പനി പാട്ടത്തിനെടുത്ത് അക്ക്വേഷ്യ നട്ടുപിടിപ്പിച്ചിരിക്കയാണ്. പേപ്പർ നിർമാണത്തിനായി അക്ക്വേഷ്യ മരങ്ങൾ വച്ചുപിടിപ്പിക്കുന്നതിനാണ് കരാർ അടിസ്ഥാനത്തിൽ ഭൂമി വിട്ടു നൽകിയത്. നാല് വർഷം മുമ്പ്‌ മരങ്ങൾ മുറിച്ച് മാറ്റിയ കമ്പനി പിന്നീട് പ്രദേശത്തേക്ക് തിരിഞ്ഞ് നോക്കിയിട്ടില്ല. ഇക്കാരണത്താൽ  പുല്ലും പാഴ് ചെടികളും വളർന്നതാണ് അപകടത്തിന്റെ വ്യാപ്തി കൂട്ടിയതെന്ന്‌ പരിശോധനയിൽ  കണ്ടെത്തി.

എല്ലാ വേനലിലും കാട്ടുതീ തടയുന്നതിനായി വനം വകുപ്പ് അടിക്കാട് വെട്ടിത്തെളിച്ച് ഫയർ ലൈൻ നിർമിക്കാറുണ്ട്. എന്നാൽ വിട്ടു നൽകിയ ഭൂമിയിൽ ഇത്തരം പ്രവർത്തനങ്ങൾ നടത്തേണ്ടത് കമ്പനി നേരിട്ടാണ്. ഇക്കാര്യം കാണിച്ച് കമ്പനിക്ക് രണ്ടുതവണ വനം വകുപ്പ് കത്ത് നൽകിയെങ്കിലും ഇത് അവഗണിക്കുകയായിരുന്നു.  തീപിടിത്തത്തിന്റെ കാരണം മനുഷ്യ നിർമിതമാണെന്നും അശ്രദ്ധയോ, മനപ്പൂർവമോ ആകാമെന്നും  ഇത്‌ അന്വേഷിക്കുകയാണെന്നും  വനംവകുപ്പധികൃതർ അറിയിച്ചു.


 

വീണ്ടും കാട്ടുതീ; പരിഭ്രാന്തി മാറാതെ ജനം
ദേശമംഗലത്ത് വീണ്ടും കാട്ടുതീ പടർന്നത്‌  ജനങ്ങളെ പരിഭ്രാന്തിയിലാക്കി. ഞായറാഴ്ച കാട്ടുതീ പടർന്ന കുറിഞ്ഞാക്കൽ മലയുടെ മറുഭാഗത്ത് പള്ളിക്കര മേഖലയിലാണ് തിങ്കളാഴ്ച തീ പടർന്നത്. പകൽ പന്ത്രണ്ടോടെ പടർന്ന തീ മലയാകെ പടർന്ന് പിടിച്ചു. അടിക്കാട് ഉണങ്ങിക്കരിഞ്ഞ് കിടക്കുന്നതിനാൽ തീ അതിവേഗം പടർന്നു. കാറ്റ്  വീശിയതോടെ ഇത് വ്യാപിച്ചു.

ചെറുതുരുത്തി പഞ്ചായത്തിലെ പള്ളിക്കര ചോലക്കുണ്ട്  ഭാഗത്തേക്കാണ്‌ തീ പടർന്നത്. ഫയർഫോഴ്സും വനപാലകരും സ്ഥലത്ത് എത്തിയെങ്കിലും മുകളിലേക്ക് കയറാനാവാത്ത സ്ഥിതിയുണ്ട്.  ചാലക്കുടി വനംവകുപ്പിന് പുതിയതായി ലഭിച്ച മിനി ഫോറസ്റ്റ് ഫയർ റെസ്പോൻഡർ വാഹനം എത്തിച്ച് തീ അണയ്‌ക്കാൻ തുടങ്ങി.  ഫയർഫോഴ്‌സിന്റെ വലിയ വണ്ടിയിൽനിന്ന് വെള്ളവും അടിച്ചുകൊടുത്തു. വനംവുകപ്പ് ഉദ്യോഗസ്ഥരും ഫയർഫോഴ്സും തീവ്രശ്രമവും തുടർന്നു.  പൊക്ലിൻ കൊണ്ടുവന്ന് ഫയർലൈനുകൾ ശരിയാക്കി. ജനവാസമേഖലകളിലേക്ക് തീ പടരാതിരിക്കാനുള്ള പ്രവർത്തനങ്ങളും നടത്തി. ഫയർലൈൻ മേഖലകളിൽ വെള്ളം അടിച്ച് തണുപ്പിച്ച് കൊണ്ടിരുന്നു. വനത്തിൽ കയറരുതെന്ന് ജനങ്ങൾക്ക്‌ നിർദേശം നൽകി.

പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ എച്ച്എൻഎൽ പ്ലാന്റേഷനിൽ ഉച്ചയ്ക്ക് ഉണ്ടായ കാട്ടുതീയാണ്  പടരുന്നത്.  വനം വകുപ്പിൽനിന്ന്‌ പാട്ടത്തിനെടുത്ത പ്ലാന്റേഷൻ നടത്തിപ്പിന്റെ പൂർണ ചുമതല എച്ച്എൻഎല്ലിനാണ്. വലിയ തോതിൽ പുല്ലുകളും പാഴ്‌‌ചെടികളും വളർന്ന് കിടക്കുന്ന പ്രദേശത്ത്,  കാട്ടുതീ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതൽ എടുക്കുന്നതിൽ കമ്പനിയുടെ ശ്രദ്ധക്കുറവ്   ദുരന്തത്തിന് കാരണമെന്ന് കരുതുന്നു. കഴിഞ്ഞ വർഷവും ഈ പ്രദേശത്ത് കാട്ടുതീ പടർന്നിരുന്നു. പക്ഷെ ഇത്ര രൂക്ഷമായിരുന്നില്ല.

വെന്തുമരിച്ച വനപാലകർക്ക്‌ അന്ത്യാഞ്‌ജലി
ആളിപ്പടരുന്ന തീയിൽ നിന്ന്‌ കാടിനേയും നാടിനേയും രക്ഷിക്കാൻ ഓടിയിറങ്ങി തീയണക്കാൻ ശ്രമിക്കവെ വെന്തുമരിച്ച വനപാലകർക്ക്‌ കണ്ണീരോടെ വിട. ദേശമംഗലം കൊറ്റമ്പത്തൂരിൽ  കാട്ടുതീ അണയ്‌ക്കുന്നതിനിടെ  പൊള്ളലേറ്റ് മരിച്ചവർക്ക്‌  അന്ത്യാഞ്‌ജലി അർപ്പിക്കാൻ ആയിരങ്ങളാണ്‌ എത്തിയത്‌. ഫോറസ്റ്റ് ട്രൈബൽ വാച്ചർ വാഴച്ചാൽ ആദിവാസി കോളനിയിൽ ദിവാകരൻ (52), താൽക്കാലിക വാച്ചർമാരായ വടക്കാഞ്ചേരി കൊടുമ്പ് എടമലപ്പടി വേലായുധൻ (55), കൊടുമ്പ് വട്ടപറമ്പിൽ ശങ്കരൻ (46) എന്നിവരാണ്‌ ഞായറാഴ്‌ച മരിച്ചത്‌. തങ്ങളുടെ  പ്രിയപ്പെട്ടവർക്ക്‌ അന്ത്യോപചാരമർപ്പിക്കാൻ സമൂഹത്തിന്റെ നാനാതുറയിലുള്ളവർ എത്തിയിരുന്നു.


 

മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മൂന്നുപേരുടെയും മൃതദേഹങ്ങൾ വനം വകുപ്പിന്റെ പൂങ്ങോട് സെക്ഷൻ ഓഫീസിൽ പൊതുദർശനത്തിനു വച്ചു.  പകൽ ഒന്നരയോടെയാണ് മൃതദേഹവും വഹിച്ചുള്ള ആംബുലൻസുകൾ പൂങ്ങോട് സ്റ്റേഷനിലെത്തിയത്.  ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളടക്കമുള്ളവരും സ്ഥലത്തെത്തി.

തുടർന്ന്‌ ദിവാകരന്റെ മൃതദേഹം  വാഴച്ചാലിലേക്കും വേലായുധൻ, ശങ്കരൻ എന്നിവരുടെ മൃതദേഹങ്ങൾ കൊടുമ്പിലേക്കും കൊണ്ടുപോയി. ഇരുവരുടെയും മൃതദേഹങ്ങൾ കൊടുമ്പു സെന്ററിൽ പൊതുദർശനത്തിന് വച്ചശേഷമാണ് വീടുകളിലേക്ക് കൊണ്ടുപോയത്.  മൃതദേഹം ഇരുവരുടെയും വീടുകളിലെത്തിച്ച്  നാലരയോടെ കർമങ്ങൾ പൂർത്തിയാക്കി. പുതുശേരി പുണ്യതീരത്തെത്തിച്ച്‌  സംസ്കരിച്ചു.

7.5 ലക്ഷം വീതം അടിയന്തരസഹായം
ദേശമംഗലം കൊറ്റമ്പത്തൂരിൽ കാട്ടുതീയിൽപെട്ട്‌ മരിച്ച വനപാലകരുടെ കുടുംബത്തിന്‌ 7.5 ലക്ഷം രൂപ വീതം ധനസഹായം നൽകും. അഞ്ചുലക്ഷം രൂപ സർക്കാർ അനുവദിക്കും. പെരിയാർ ടൈഗർ ഫൗണ്ടേഷനിൽനിന്ന്‌ 2.5 ലക്ഷം രൂപകൂടി അനുവദിക്കാൻ  മന്ത്രി കെ രാജു നിർദേശം നൽകി. കുടുംബത്തിൽ ഒരാൾക്ക് ജോലി നൽകുന്നത്‌ സർക്കാർ ആലോചിക്കും.  മരണാനന്തരചടങ്ങുകൾക്കും ചികിത്സയ്ക്കുമുള്ള  ചെലവും സർക്കാർ വഹിക്കും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top