21 February Friday

കെപിസിസി: ജംബോ പട്ടികയ്‌ക്ക്‌ എതിരെ പരാതിപ്രവാഹം ; ഹൈക്കമാൻഡിന്‌ എതിർപ്പ്‌

പ്രത്യേക ലേഖകൻUpdated: Saturday Jan 18, 2020


തിരുവനന്തപുരം
പരാതിക്കുരുക്ക്‌ മുറുകിയതോടെ കെപിസിസിയുടെ ജംബോ ഭാരവാഹിപ്പട്ടിക ഹൈക്കമാൻഡ്‌ വീണ്ടും തള്ളി. പട്ടിക കൈമാറി പൊയ്‌ക്കൊള്ളാനും ശേഷം എന്ത്‌ വേണമെന്ന്‌ തങ്ങൾ തീരുമാനിച്ചോളാമെന്നുമാണ്‌ ഹൈക്കമാൻഡ്‌ നിർദേശം. ഒരാൾക്ക്‌ ഒരു പദവി, വർക്കിങ്‌ പ്രസിഡന്റ്‌ പദവി ഒഴിവാക്കൽ എന്നിവയിൽ മുല്ലപ്പള്ളി രാമചന്ദ്രൻ വച്ച നിർദേശങ്ങൾ മുഖവിലയ്‌ക്ക്‌ എടുക്കാതെ  തയ്യാറാക്കിയ പട്ടികയിൽ 106 പേരാണുള്ളത്‌. അഞ്ച്‌ വർക്കിങ്‌ പ്രസിഡന്റുമാരും പത്ത്‌ വൈസ്‌ പ്രസിഡന്റുമാരുമാണുള്ളത്‌.  36 ജനറൽ സെക്രട്ടറിമാരും 50 സെക്രട്ടറിമാരും അടങ്ങിയതാണ്‌ പട്ടിക.

നേരത്തേ 90 പേരുടെ പട്ടികയാണ്‌ ഹൈക്കമാൻഡിന്‌ നൽകിയത്. ഹൈക്കമാൻഡ്‌ നിർദേശ പ്രകാരം പട്ടിക ചുരുക്കാനുള്ള മാരത്തൺ ചർച്ച പൂർത്തിയായപ്പോൾ എണ്ണം നൂറ്‌ കടന്നു. നേതാക്കൾ തമ്മിലുള്ള തർക്കവും രൂക്ഷമായി. ഉമ്മൻചാണ്ടിയും രമേശ്‌ ചെന്നിത്തലയും ചർച്ച മതിയാക്കി കേരളത്തിലേക്ക്‌ വിട്ടു. മുല്ലപ്പള്ളി രാമചന്ദ്രൻ ഇപ്പോഴും ഡൽഹിയിൽ തങ്ങുകയാണ്‌.

  ‘താൻ ഉറങ്ങുന്ന പ്രസിഡന്റ്‌ അല്ല, പിന്നെ എന്തിന്‌ വർക്കിങ്‌ പ്രസിഡന്റ്‌’ എന്ന ചോദ്യമാണ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ ഹൈക്കമാൻഡിന്‌ മുന്നിൽ ഉയർത്തിയത്‌. ഇത്‌ ആരും ചെവിക്കൊണ്ടില്ല.   മുൻ എംപി കെവി തോമസും വർക്കിങ്‌ പ്രസിഡന്റുമാരുടെ ഗണത്തിൽ കയറിക്കൂടിയിട്ടുണ്ട്‌.

ഹൈക്കമാൻഡിന്‌ കൈമാറിയ പട്ടികയ്‌ക്ക്‌ എതിരെ പരാതി പ്രവഹിക്കുകയാണ്‌. മതിയായ പ്രാതിനിധ്യമില്ലെന്ന പരാതിയുമായി യൂത്ത്‌ കോൺഗ്രസ്‌ നേതാക്കൾ സോണിയ ഗാന്ധിയെ നേരിട്ട്‌ കണ്ടു. ഇതിന്‌ പിന്നാലെ മഹിളാ കോൺഗ്രസും പരാതി നൽകി. പ്രവർത്തനമികവ്‌ കണക്കിലെടുത്ത്‌ പട്ടിക വെട്ടിച്ചുരുക്കാനാണ്‌ ഹൈക്കമാൻഡ്‌ നീക്കം. അപ്പോഴും ഗ്രൂപ്പ്‌ സമവാക്യം തിരിച്ചടിയാകുമെന്നാണ്‌ നേതൃത്വം ഭയക്കുന്നത്‌. പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ്‌ കഴിയുംവരെ പുനഃ:സംഘടന നീട്ടിവയ്‌ക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top