17 February Sunday

കെവിന്‍ വധക്കേസ്: പ്രാഥമികവാദം 24ന് ആരംഭിക്കും

വെബ് ഡെസ്‌ക്‌Updated: Friday Jan 18, 2019


കോട്ടയം
കെവിൻ വധക്കേസിൽ കുറ്റപത്രം നൽകുന്നതിനോട് അനുബന്ധിച്ചുള്ള പ്രാഥമികവാദം കോട്ടയം അഡീഷണൽ സെഷൻസ് നാലാം കോടതിയിൽ(അതിവേഗ കോടതി ഒന്ന്) ജഡ്ജി കെ ജി സനൽകുമാർ മുൻപാകെ ജനുവരി 24 ന് ആരംഭിക്കും. ജാമ്യം ലഭിച്ച പ്രതികൾ ഉൾപ്പെടെ 13 പ്രതികളും അന്നേദിവസം ഹാജരകണമെന്ന് കോടതി നിർദേശിച്ചു. പ്രാഥമികവാദം ആരംഭിക്കാൻ ബുധനാഴ്ച പ്രോസിക്യൂഷൻ സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും പ്രതിഭാഗം കൂടുതൽ സമയം കോടതിയിൽ ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടർന്നാണ് 24ലേയ്ക്ക് മാറ്റിയത്.

കേസിലെ മുഖ്യപ്രതി ഷാനു ചാക്കോ ഉൾപ്പെടെ നാലു പ്രതികളെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കി. കുറ്റപത്രത്തോടൊപ്പം നൽകിയ രേഖകളുടെ പകർപ്പ് പ്രതിഭാഗം അഭിഭാഷകൻ ആവശ്യപ്പെട്ടു. കേസിൽ ആകെ 13 പ്രതികളാണുള്ളത്. ഇതിൽ ആറുപേർ റിമാൻഡിലും ഏഴുപേർ ജാമ്യത്തിലുമാണ്. വിചാരണ അനന്തമായി നീട്ടിക്കൊണ്ടു പോകാനുള്ള ശ്രമം പ്രതിഭാഗം നടത്തുന്നുണ്ട്.

കെവിനെ തട്ടിക്കൊണ്ടുപോയ വാഹനം പൊലീസ് കസ്റ്റഡിയിൽ നിന്നും ഉടമയ്ക്ക് കഴിഞ്ഞ ദിവസം ഉപാധികളോടെ കോടതി കൈമാറിയിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ സി എസ് അജയൻ ഹാജരായി.


പ്രധാന വാർത്തകൾ
 Top